
കൊറോണ വൈറസ് ലോകം മുഴുവനും നാശം വിതക്കുകയാണ്. ഇതിന്റെ വ്യാപനം തടയിടുന്നതിനായി രാജ്യം മുഴുവന്‍ നിലവിൽ അടച്ചിട്ടിരിക്കുകയാണ്. മറ്റു വിപണികളെ പോലെ രാജ്യത്തെ ഇരുചക്ര വാഹന വിപണിയെയും ഈ തീരുമാനം ഇപ്പോൾ ബാധിച്ചിരിക്കുകയാണ്. ഏപ്രില്‍ ഒന്നിന് മുമ്പ് വിറ്റുതീര്ക്കേണ്ട് ബിഎസ്-4 വാഹനങ്ങളുടെ വലിയ സ്റ്റോക്കാണ് രാജ്യത്ത് കെട്ടിക്കിടക്കുന്നത് എന്നാണ് സൂചന.
കൊറോണയുടെ പശ്ചാത്തലത്തില്‍ അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ ഈ വാഹനങ്ങളുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. എന്‍ഡിടിവി കാര്‍ ആന്‍ഡ് ബൈക്കിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 8,35,000 ബിഎസ്-4 എന്ജിന് ടൂവീലറുകളാണ് വിറ്റഴിക്കാനുള്ളത്. ഏകദേശം 4600 കോടി രൂപയുടെ ബിഎസ്-4 എന്ജിന് ഇരുചക്ര വാഹനങ്ങള്‍ ഇന്ത്യയില്‍ ഇനിയും വിറ്റഴിക്കാനുണ്ടെന്നാണ് സൂചന. ഈ വാഹനങ്ങളുടെ രജിസ്ട്രേഷന് ഏപ്രില്‍ ഒന്നിന് ശേഷം അനുവദിക്കില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
വാഹങ്ങൾ വലിയ ആനുകൂല്യങ്ങള്‍ നല്കി വിറ്റഴിക്കാനുള്ള ശ്രമത്തിനിടെയാണ് ഡീലര്‍ഷിപ്പുകള്‍ അടച്ചിടേണ്ടി വരുന്നത്. ബിഎസ്-4 വാഹനങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള സമയപരിധി നീട്ടിനല്‍കുന്നതിനായി ഹീറോ മോട്ടോകോര്‍പ്പ്, ഹോണ്ട ടൂവീലേഴ്സ് എന്നീ കമ്പനികളും എഫ്എഡിഎ അസോസിയേഷനും സമീപിച്ചിട്ടുണ്ട്. മാര്‍ച്ച് 31 എന്നാണ് ഇപ്പോൾ സമയപരിധി. എന്നാൽ ഇത് നീട്ടിനല്‍കാത്ത സാഹചര്യമുണ്ടായാല്‍ ബിഎസ്-4 വാഹനങ്ങള്‍ ഉപയോഗിക്കുന്ന രാജ്യങ്ങളിലേക്ക് ഈ വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള സംവിധാനം സര്‍ക്കാര്‍ ചെയ്ത് നല്‍കണമെന്ന് ആവശ്യപ്പെട്ടേക്കും.






