
കണ്ണൂര്‍ : സര്‍ക്കാര്‍ നിര്‍ദേശിച്ച ലോക്ഡൗണ്‍ നിര്‍ദേശം ലംഘിച്ചവരെ പരസ്യമായി ശിക്ഷിച്ച് കണ്ണൂര്‍ എസ്.പി യതീഷ് ചന്ദ്ര. അഴീക്കലില്‍ കൂട്ടംകൂടി നിന്നവരെയാണ് എസ്.പി ഏത്തമിടീപ്പിച്ചത്.
ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ലോക്ഡൗണിന്റെ ഭാഗമായുള്ള പരിശോധനയിലായിരുന്നു യതീഷ് ചന്ദ്രയും സംഘവും.
വളപട്ടണം പൊലീസ് സ്റ്റേഷന് പരിധിയിലുള്ള അഴീക്കലില്‍ 11 മണിയോടെ എത്തിയപ്പോള്‍ ഒരു കടയ്ക്ക് മുന്പില് നിരവധി പേര് കൂട്ടംകൂടി ഇരിക്കുന്നതുകണ്ടു. യതീഷ് ചന്ദ്ര വാഹനത്തില്‍ നിന്ന് ഇറങ്ങുന്നത് കണ്ടതോടെ അവിടെയുണ്ടായിരുന്ന പലരും ഓടിരക്ഷപ്പെട്ടു. എന്നാല്‍ പ്രായമായ കുറച്ചുപേര്‍ അവിടെ തന്നെ നിന്നു. ഇതോടെ ഇവരോട് ലോക്ഡൗണ്‍ ആണെന്ന് നിങ്ങള്‍ക്കറിയില്ലേയെന്നും എന്തുകൊണ്ടാണ് സഹകരിക്കാത്തതെന്നും ചോദിച്ച് ഏത്തമിടീക്കുകയായിരുന്നു യതീഷ് ചന്ദ്ര.
ആളുകളെ കൊണ്ട് എസ്.പി ഏത്തമിടീക്കുന്നതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. സദുദ്ദേശത്തോടെയാണ് താന്‍ ഈ കാര്യങ്ങള്‍ ചെയ്തതെന്നും നാടിനും ജനങ്ങള്‍ക്കും വേണ്ടിയാണ് ഇത്തരത്തിലുള്ള ചെറിയ ശിക്ഷ നല്‍കിയതെന്നുമാണ് യതീഷ് ചന്ദ്രയുടെ വിശദീകരണം.






