
വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിശുദ്ധ വാരാചാരണവുമായി ബന്ധപ്പെട്ട് വത്തിക്കാന്റെ കൂദാശകളുടെയും ആരാധനക്രമത്തിന്റെയും കാര്യാലയ അധ്യക്ഷന്‍ കര്‍ദിനാള്‍ റോബര്‍ട്ട് സാറാ പരിശുദ്ധ സിംഹാസനത്തിന്റെ നിര്‍ദേശപ്രകാരം മാര്‍ച്ച് 19നും 25നുമായി രണ്ട് ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. അതില്‍ പ്രകാരം, 'ഇസ്റ്റര്‍ ദിനം' മറ്റൊരു ദിവസത്തേക്ക് മാറ്റാനാവില്ല' എന്ന് പറയുന്നു. ആരാധനക്രമത്തിന്റെ പ്രധാന കേന്ദ്രമായി ഉയിര്‍പ്പിനെ ഈ ഉത്തരവുകളില്‍ വിശേഷിപ്പിക്കുന്നു. ആരാധന ക്രമവത്കരം അനുസരിച്ച് പീഡാനുഭവ സ്മരണ വലിയ നോമ്പാചാരണത്തോടെ ആരംഭിച്ച്, ഉയര്‍പ്പ് ആചരണത്തോടെ അവസാനിച്ച്, പെന്തക്കോസ്ത തിരുന്നാളോടെ പരിപൂര്ത്തിയിലാവുന്നു.
വലിയ ആഴ്ചയിലെ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കുന്നത് ഓശാന ഞായാഴ്ചയോടുകൂടിയാണ്. ഓശാന ഞായറാഴ്ച ദേവാലയങ്ങള്‍ക്കുള്ളില്‍ വൈദികര്‍ മാത്രമായി ആചരിക്കേണ്ടതാണ്. കൂദാശകള്‍ക്ക് ഉപയോഗിക്കുന്ന തൈലം മെത്രാന്മാര് വെഞ്ചരിക്കുന്നത് പെസഹാ വ്യാഴാഴ്ചത്തെ കുര്‍ബാന മധ്യേയാണ്. ഇത് പിന്നീടുള്ള ഒരു ദിവസത്തേക്ക് മാറ്റിവയ്ക്കാം.
കാല്‍കഴുകല്‍ ശുശ്രൂഷ, ദിവ്യകാരുണ്യ പ്രദക്ഷിണം, ആരാധന എന്നിവ ഈ ദിവസം ഒഴിവാക്കേണ്ടതാണ്. വ്യാഴാഴ്ചയുള്ള പരിശുദ്ധ കുര്‍ബാന വിശ്വാസികളുടെ പങ്കാളിത്തമില്ലാതെ വൈദികര്‍ക്ക് ആചരിക്കാം. ലഭ്യമായ മാധ്യമങ്ങളിലൂടെ വിശ്വാസികള്‍ക്ക് ഇതില്‍ പങ്കുചേരാം.
ദുഃഖവെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥന കൊറോണ രോഗികള്‍ക്കും ഈ രോഗം മൂലം ക്ലേശിക്കുന്ന സമൂഹത്തിനും കാഴ്ചവയ്ക്കേണ്ടതാണ്. പൊതുവായ കുരിശ് ചുംബനം, കുരിശിന്റെ വഴി, പീഡാനുഭവ പ്രദക്ഷിണം എന്നിവ ഒഴിവാക്കേണ്ടതാണ്.
ജ്ഞാനസ്നാന വ്രത നവീകരണം, ഉയിര്‍പ്പ് കുര്‍ബാന എന്നിവ കത്തീഡ്രല്‍ പള്ളികളിലും ഇടവക പള്ളികളിലും ആചരിക്കേണ്ടതാണ്. പക്ഷേ' ജനപങ്കാളിത്തമില്ലാതെ' എന്ന് ഉത്തരവിന്റെ ആദ്യം തന്നെ സൂചിപ്പിക്കുന്നതിനാല്‍ ഉയിര്‍പ്പിന്റെ കര്‍മ്മങ്ങളും വിശ്വാസികളുടെ സാന്നിധ്യം ഇല്ലാതെ വൈദികരും രൂപതാദ്ധ്യന്മാരും ആചരിക്കേണ്ടതാണ്.
വലിയ ആഴ്ചയിലെ വിശ്വാസികളുടെ പങ്കാളിത്തത്തോടെയുള്ള വിശ്വാസ ആചാരങ്ങള്‍ പിന്നീട് നടത്താവുന്നതാണ്. എന്നാല്‍ ഇത് രൂപതാദ്ധ്യക്ഷന്റെ വിവേചനാധികാരത്തില്‍ പെടുന്നതാണ്.
ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത് കൊറോണ ബാധിച്ചിരിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ക്കും രൂപതകള്‍ക്കും വേണ്ടിയാണ്. ഈ ഘട്ടത്തില്‍ സര്‍ക്കാരിനോട് പൂര്‍ണമായും സഹകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകേണ്ടതാണ്. രൂപതാദ്ധ്യന്മാര് അനുയോജ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളണം. ആരാധനക്രമത്തില്‍ മാറ്റം വരുത്തിയിട്ടില്ല. മറിച്ച് ജനപങ്കാളിത്തത്തോടെയുള്ള ആചാര-അനുഷ്ഠാനങ്ങള്‍ ആണ് മാറ്റിയിരിക്കുന്നത്. വിശ്വാസ അനുഷ്ഠാനങ്ങളുടെ തത്സമയ സംപ്രേഷണം വിശ്വാസികള്‍ക്ക് സഹായമായിരിക്കുന്നതിനാല് ഇതിനുള്ള സമയക്രമങ്ങള്‍ ബന്ധപ്പെട്ടവര്‍ ജനങ്ങളുമായി പങ്കുവയ്ക്കാനും ഉത്തരവില്‍ നിര്‍ദേശിക്കുന്നു.
തയ്യാറാക്കിയത്: ഫാ.ഡോ.തോമസ് വടക്കന്‍ (ഐക്സ്റ്റേറ്റ് രൂപത, ജര്‍മ്മനി)






