
അമേരിക്കയില്‍ സ്ഥിതി രൂക്ഷം; ഒന്നരലക്ഷത്തോളം രോഗബാധിതര്‍; നിയന്ത്രണങ്ങള്‍ ഏപ്രില്‍ അവസാനം വരെ തുടരുംവാഷിങ്ടണ്: അമേരിക്കയുടെ താളം തെറ്റിച്ചുകൊണ്ട് കോവിഡ് രാജ്യത്ത് പടര്‍ന്നുപിടിക്കുകയാണ്. വൈറസ് വ്യാപനത്തെ ചെറുക്കാന്‍ സാമൂഹ്യ അകലം പാലിക്കല്‍ തന്നെയാണ് ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന് അമേരിക്കയും തിരിച്ചറിയുന്നു. അതിനുള്ള നിയന്ത്രണങ്ങള്‍ അടുത്ത മാസം അവസാനം വരെ നീട്ടാനാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ തീരുമാനം. ഇന്നാണ് രാജ്യത്തെ നിയന്ത്രണങ്ങള്‍ അവസാനിക്കുന്നത്. എന്നാല്‍, കാര്യങ്ങള്‍ കൈവിട്ടുപോകാതിരിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാത്തതിനാലാണ് പ്രസിഡന്റ് നിയന്ത്രണങ്ങള്‍ തുടരുമെന്ന് അറിയിച്ചത്.
ഒന്നരലക്ഷത്തോളം ആളുകള്‍ക്കാണ് രാജ്യത്തിപ്പോള്‍ രോഗം ബാധിച്ചിരിക്കുന്നത്. 2475 പേര് ഇതുവരെ മരിച്ചു. ഷിക്കാഗോയില്‍ ഒരു കുട്ടിയും മരിച്ചു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം. കൂട്ടം കൂടുന്നതിനും ആഘോഷങ്ങള്‍ക്കുമെല്ലാം വിലക്ക് തുടരും. പ്രായമായ ആളുകള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്കി വീടുകളില്‍ തന്നെ പരിപൂര്‍ണമായി കഴിയാന്‍ നിര്ബദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈസ്റ്ററിനോടനുബന്ധിച്ച് നിയന്ത്രണങ്ങളില്‍ അയവവുവരുത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ എത്രയും വേഗം തന്നെ രാജ്യത്തിന് സാധാരണ നിലയിലേക്ക് എത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വൈറ്റ് ഹൗസില്‍ പറഞ്ഞു. ജൂണ്‍ മാസത്തോടെ പൂര്‍ണമായും രാജ്യം പഴയപടിയാകുമെന്നും പ്രത്യാശിക്കുന്നതായം പ്രസിഡന്റ് അറിയിച്ചു.






