
തിരുവനന്തപുരം: സംസ്ഥാനം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി മുമ്പോട്ട് വെച്ച സാലറി ചലഞ്ചിനെ പിന്തുണച്ച് പ്രതിപക്ഷവും. സാലറി ചലഞ്ചിനോട് സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. അതേസമയം എതിര്‍പ്പുമായി പ്രതിപക്ഷത്തെ സര്‍വീസ് സംഘടനകള്‍ രംഗത്ത് വന്നിരിക്കുകയാണ്.
ചലഞ്ചിനോട് സഹകരിക്കുമെങ്കിലൂം ഒരു മാസത്തെ ശമ്പളം എന്ന കാര്യത്തില്‍ ഇളവ് വേണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ശമ്പളം നല്കാന് തയ്യാറുള്ളവര്‍ അക്കാര്യം ചെയ്യട്ടെ എന്നുംപറഞ്ഞു.അതേസമയം കഴിഞ്ഞ തവണത്തേതിന് സമാനമായി നിര്‍ബ്ബന്ധിച്ച് ശമ്പളം വാങ്ങുന്നത് അനുവദിക്കില്ല എന്നാണ് പ്രതിപക്ഷ സംഘടനകള്‍ പറയുന്നത്. സംഘടന പ്രതിനിധികള്‍ ചര്‍ച്ച നടത്തിയ ശേഷമായിരിക്കും തീരുമാനം പറയുക.
ഭരണാനുകൂല സര്‍വീസ് സംഘടനകള്‍ സാലറി ചലഞ്ചിനോട് സമ്മതം പറഞ്ഞിട്ടുണ്ട്്. ജീവനക്കാരുടേയും അധ്യാപകരുടേയും സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി സാലറി ചലഞ്ച് വീണ്ടും ആവശ്യപ്പെട്ടത്. എന്‍.ജി.ഒ അസോസിയേഷന്,എന്‍.ജി.ഒ യൂണിയന്, എന്‍.ജി.ഒ സംഘം തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളാണ് ചര്‍ച്ചയ്ക്ക് എത്തിയത്.
നിര്‍ബന്ധിതമായി ആരില്‍ നിന്നും പണം വാങ്ങില്ലെന്നും എല്ലാവരും കാര്യമായ സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഏറ്റവും താഴെത്തട്ടില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ ഇതില്‍ നിന്നും ഒഴിവാക്കണമെന്ന നിര്ദേശംഎന്.ജി.ഒ യൂണിയന് മുന്നോട്ടുവെച്ചു.
കൊവിഡ് 19 ഒരു ദുരന്തമായിപ്രഖ്യാപിച്ച സാഹചര്യത്തില്‍ ദുരന്ത നിവാരണ ഫണ്ട് കൂടി ഉപയോഗിച്ചാണ് സര്‍ക്കാര്‍ കൊവിഡ് 19 നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. പ്രളയ സമയത്ത് സര്‍ക്കാര്‍ സാലറി ചലഞ്ച് വെക്കുകയും അതിന് തയ്യാറാകാത്തവര്‍ വിസമ്മതപത്രം പേര് വിവരങ്ങളോടെ എഴൂതി നല്‍കണമെന്ന ഉത്തരവ് വിവാദമാകുകയും ചെയ്തിരുന്നു. ഇക്കാര്യത്തിനെതിരേ കോടതി ഇടപെടല്‍ ഉണ്ടാകുകയും സര്‍ക്കാരിന്റെ വാദം തള്ളുകയും ചെയ്തിരുന്നു.






