
എറണാകുളം: അതിഥി തൊഴിലാളികള്‍ക്ക് അവരുടെ ഇഷ്ടപ്രകാരമുള്ള ഭക്ഷണം പാകം ചെയ്ത് നല്കി പെരുമ്പാവൂരിലെ കമ്മ്യൂണിറ്റി കിച്ചൺ. പോലീസിന്റെ കൃത്യമായ സുരക്ഷയോടെയും അനൗണ്‍സ്മെന്റോട് കൂടി ഇവിടെ ഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു. അതിഥി തൊഴിലാളികള്‍ കഴിക്കുന്ന റൊട്ടിയും സബ്ജിയുമാണ് തയ്യാറാക്കി നല്‍കിയത്.
ഞായറാഴ്ച പായിപ്പാട് അതിഥി തൊഴിലാളികള്‍ പ്രതിഷേധിച്ചത് പോലുള്ള അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകരുതെന്ന കര്‍ശന നിര്‍ദ്ദേശം ഉണ്ടായിരുന്നതിനാല്‍ രാവിലെ തന്നെ കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനം ആരംഭിച്ചു. പോലീസ് പ്രദേശത്ത് കര്‍ശന സുരക്ഷയും ഏര്‍പ്പാടാക്കിയിരുന്നു. എറണാകുളം റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്ത്ക്യാംപ് ചെയ്യുന്നുണ്ട്. ആള്‍ക്കൂട്ടവും ഒഴിവാക്കുന്നതിന് കര്‍ശന നിരീക്ഷണം ഏര്‍പ്പാടാക്കിയിട്ടുണ്ട്. വാഹന പരിശോധനയും കര്‍ക്കശമാക്കിയിട്ടുണ്ട്.
കേരളാ രീതിയിലുള്ള ഭക്ഷണം വേണ്ടന്ന് അതിഥി തൊഴിലാളികള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഭക്ഷണം പാകം ചെയ്യാനുള്ള സാധനങ്ങള്‍ നല്കിയാല് മതിയെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തൊഴിലാളികള്‍ക്ക് ഉത്തരേന്ത്യന്‍ ശൈലയിയിലുള്ള ഭക്ഷണം കമ്മ്യൂണിറ്റി കിച്ചണില്‍ നിന്ന് തന്നെ തയ്യാറാക്കി നല്കുായായിരുന്നു. ആരും പുറത്ത് പോകരുതെന്നും വേണ്ടതെല്ലാം ഇവിടെ എത്തിച്ചുനല്കാമെന്നും പോലീസ്എത്തി അനൗണ്‍സ്മെന്റ് നടത്തിയിരുന്നു.
പെരുമ്പാവൂരില്‍ അതിഥി തൊഴിലാളികള്‍ ഏറ്റവും കൂടുതലുള്ള ബംഗ്ലാ കോളനിയിലാണ് കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇവിടെ മാത്രം നാലായിരത്തോളം അതിഥി തൊഴിലാളികളുണ്ട്. ചപ്പാത്തി നിര്‍മ്മാണ യൂണിറ്റ് ഇന്നലെ രാത്രി തന്നെ പോലീസ് എത്തിച്ചിരുന്നു. പായിപ്പാട്ടെ അതിഥി തൊഴിലാളികള്‍ ഉത്തരേന്ത്യന്‍ ശൈലിയിലുള്ള ഭക്ഷണം ലഭിക്കാത്തതില്‍ പരാതി പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് അവര്‍ക്ക് പാകം ചെയ്ത് കഴിക്കാന്‍ ഭക്ഷ്യ വസ്തുക്കള്‍ നല്‍കാമെന്ന് കോട്ടയം ജില്ലാ കലക്ടര്‍ അടക്കമുള്ള അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് അസൂത്രിത പ്രതിഷേധം ഉണ്ടായത്.






