
മലപ്പുറം: അതിഥി തൊഴിലാളികള്‍ക്കിടയില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് കൂടി പിടിയില്‍. യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് ഷെരീഫ് ആണ് പിടിയിലായത്. നേരത്തെ യൂത്ത് കോണ്‍ഗ്രസ് എടവണ്ണ ഭാരവാഹി സാക്കിര്‍ അറസ്റ്റിലായിരുന്നു. ഇയാള്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഷെരീഫിനെ അറസ്റ്റ് ചെയ്തത്.
അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ നിലമ്പൂരിൽ നിന്ന് ട്രെയിന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന വ്യാജ സന്ദേശമാണ് ഇരുവരും ചേര്‍ന്ന് പ്രചരിപ്പിച്ചത്. ഷെരീഫ് ആവശ്യപ്പെട്ടത് പ്രകാരമാണ് താന്‍ വ്യാജ സന്ദേശം സൃഷ്ടിച്ചതെന്നാണ് സാക്കിര്‍ മൊഴി നല്‍കിയത്. ഇത് പ്രകാരം ഇയാളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. സാക്കിറിന്റെ ശബ്ദത്തിലാണ് സന്ദേശം റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്.
വ്യാജ സന്ദേശം തയ്യാറാക്കാന്‍ ആവശ്യപ്പെട്ട് ഷെരീഫ് അയച്ച സന്ദേശം സാക്കിറിന്റെ ഫോണില്‍ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് പിടിയിലായ രണ്ട് പേരും കോണ്‍ഗ്രസ് പ്രവര്‍ത്തകരായതിനാല്‍ വ്യാജ പ്രചരണത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സാക്കിറിനെതിരെ ഐ.പി.സി 153, കേരള പോലീസ് ആക്ട് 118 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം നേരത്തെ അറസ്റ്റിലായ സാക്കിറിനെ പിന്തുണച്ച് നേരത്തെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് വന്നിരുന്നു. സാക്കിര്‍ തനിക്ക് കിട്ടിയ ഫോര്‍വേഡ് സന്ദേശത്തിന്റെ വസ്തുത അറിയാന്‍ പൊതു ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തേയുള്ളൂവെന്നും അതിന്റെ പേരില്‍ പൊതുപ്രവര്‍ത്തകനായ സാക്കിറിനെ പോലീസ് പീഡിപ്പിക്കുകയാണെന്നും ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി രംഗത്ത് വന്നിരുന്നു.






