
തിരുവനന്തപുരം: സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്കായി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തൊഴിലാളികളുടെ വിവരങ്ങള്‍ എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ ശേഖരിക്കും. അവര്‍ക്ക് ഐഡി കാര്‍ഡും രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൊറോണ അവലോകന യോഗത്തിന് ശേഷമുള്ള പ്രതിദിന വര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. അതിഥി തൊഴിലാളികള്‍ക്കിടയില്‍ കരാറുകാരുടെ കീഴില്‍ ജോലി ചെയ്യുന്നവരും ഒറ്റയ്ക്ക് ജോലി ചെയ്യുന്നവരുമുണ്ട്. ഒറ്റയ്ക്ക് താമസിക്കുന്ന തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യം ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ വിലക്കയറ്റം സൃഷ്ടിച്ചാല്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി. വിലക്കയറ്റം തടയാന്‍ വിജിലന്‍സിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവശ്യ സാധനങ്ങളുടെ ലഭ്യത വര്‍ദ്ധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തേക്ക് ട്രക്കുകള്‍ വന്നുതുടങ്ങി. എല്‍.പി.ജി ക്ഷാമം ഉണ്ടാകാതിരിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.






