ന്യുഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ പ്രവേശന പരീക്ഷകള്‍ മാറ്റിവച്ചു. ജെ.എന്‍.യു, യു.ജി.സി പരീക്ഷകളും നെറ്റ്, നീറ്റ്, ഇഗ്നോ എന്നിവയുള്‍പ്പെടെ പ്രവേശന പരീക്ഷകളും മാറ്റിവച്ചു. മാനവ വിഭവശേഷി മന്ത്രാലയമാണ് തീരുമാനമെടുത്തത്. എല്ലാ പരീക്ഷകളുടെയും സമയപരിധി ഒരു മാസത്തേക്ക് നീട്ടാനാണ് തീരുമാനം.
വിവിധ പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മാറ്റിവയ്ക്കാന്‍ ദേശീയ ടെസ്റ്റിംഗ് ഏജന്‍സി ഡയറക്ടര്‍ ജനറലിനോട് നിര്‍ദ്ദേശിച്ചതായി മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്റിയാല് പറഞ്ഞു. ഐ.സി.ആര് പരീക്ഷ, എന്‍സിഎച്ച്എംജി, മാനേജ്മെന്റ് കോഴ്സ് എന്നിവയുടെ പ്രവേശന പരീക്ഷകളും ഇതില്‍ ഉള്‍പ്പെടുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
പരീക്ഷകളുടെ പുതിയ ഷെഡ്യൂള്‍ തയ്യാറാക്കാന്‍ മാനവവിഭവശേഷി മന്ത്രാലയം സി.ബി.എസ്.ഇ, നിയോസ്, എന്‍.ടി.എ എന്നിവയ്ക്ക് നിര്‍ദ്ദേശം നല്കി. സയംഭരണ സ്ഥാപനങ്ങളോട് പുതിയ അക്കാദമിക് കലണ്ടര്‍ തയ്യാറാക്കാനും നിര്‍ദ്ദേശം നല്കി. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഈ പരീക്ഷകള്‍ക്ക് അപേക്ഷിക്കാവുന്ന വിധത്തിലാണ് മന്ത്രാലയം നടപടി സ്വീകരിച്ചിരിക്കുന്നത്.






