
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പാക്കേജിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നൽകുന്ന ഭക്ഷ്യധാന്യകിറ്റ് മറ്റുള്ളവർക്കുവേണ്ടി സംഭാവന ചെയ്യാൻ തയ്യാറായതിന് നടൻ മണിയൻപിള്ള രാജുവിനെ വീട്ടിലെത്തി അഭിനന്ദിച്ച് ഭക്ഷ്യ മന്ത്രി പി.തിലോത്തമൻ. തന്റെ കുടുംബത്തിന് ലഭിക്കേണ്ടിയിരുന്ന ഭക്ഷ്യധാന്യകിറ്റ് അർഹതപ്പെട്ടവർക്ക് നൽകുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ മന്ത്രിയുടെ സാന്നിധ്യത്തിൽ മണിയൻ പിള്ള രാജു പൂർത്തിയാക്കി. അർഹനായ ഒരാൾക്ക് തന്റെ സംഭാവന സഹായകമാകുമെങ്കിൽ അതിൽ സന്തോഷിക്കുന്നുവെന്ന് രാജു പ്രതികരിച്ചു.
അടുത്തിടെ റേഷൻ കടയിൽ പോയി അരി വാങ്ങിയതിനെക്കുറിച്ചുള്ള മണിയൻപിള്ള രാജുവിന്റെ പ്രതികരണം ശ്രദ്ധേയമായിരുന്നു. റേഷനരി വാങ്ങുന്നതിൽ തനിക്കൊരു നാണക്കേടുമില്ലെന്നും ഗുണനിലവാരമുള്ള ഭക്ഷ്യധാന്യമാണ് റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്നതെന്ന് അത് വാങ്ങിയപ്പോൾ മനസ്സിലായെന്നുമായിരുന്നു രാജുവിന്റെ പ്രതികരണം. സർക്കാർ നമുക്കായി ഒരുക്കിത്തരുന്ന ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ഭാര്യ ഇന്ദിര രാജുവിന്റെ പേരിലുള്ള റേഷൻ കാർഡുമായി തിരുവനന്തപുരത്തു ജവഹർ നഗറിലുള്ള റേഷൻ കടയിൽ നിന്നായിരുന്നു മണിയൻ പിള്ള രാജു അരി വാങ്ങിയത്. കടയിലേക്ക് പോവുമ്പോൾ നാട്ടുകാരിലൊരാൾ റേഷനരി വാങ്ങുന്നതിൽ നാണമൊന്നുമില്ലേയെന്ന് രാജുവിനോട് ചോദിച്ചു. ഇതിനു മറുപടിയായി 'എനിക്കൊരു നാണക്കേടുമില്ല, ഇതൊക്കെ നാണക്കേടാണെങ്കിൽ ഈ നാണക്കേടിലൂടെയാണ് ഞാൻ ഇവിടെ വരെ എത്തിയത'എന്ന് രാജു പ്രതികരിക്കുകയായിരുന്നു.
റേഷൻ കടയിൽ വലിയ തിരക്കുണ്ടായിരുന്നില്ല. 10 കിലോ പുഴക്കലരിയും അഞ്ച് കിലോ ചമ്പാവരിയും വാങ്ങി. വീട്ടിൽ സാധാരണ വയ്ക്കുന്ന അരിയുടേതിനേക്കാൾ നല്ല ചോറാണ് റേഷനരിയുടേത്. റേഷനരി മോശമെന്നു ചിലരുടെയൊക്കെ ഫെയ്സ്ബുക്ക് സന്ദേശങ്ങളും ആക്ഷേപങ്ങളും കണ്ടാണ് അരി വാങ്ങാൻ തീരുമാനിച്ചത്. ഇപ്പോൾ റേഷനരിയെ ആക്ഷേപിക്കുന്നവർക്കൊന്നും വിശപ്പിന്റെ കാഠിന്യം അറിയില്ലെന്നും രാജു പറഞ്ഞിരുന്നു. ഈ സംഭവം കേട്ടറിഞ്ഞ് ഒട്ടേറെപ്പേർ റേഷൻ സൗകര്യം ഉപയോഗപ്പെടുത്തിയതിൽ സന്തോഷമുണ്ടെന്നാണ് രാജു ഇന്ന് പ്രതികരിച്ചത്. ജനങ്ങൾ ഏറെ ബുദ്ധിമുട്ടുന്ന കൊറോണക്കാലത്ത് സർക്കാർ നൽകുന്ന സേവനം ജനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.






