
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം ലോക്ക്ഡൗണിലാണ്. ജനങ്ങളെല്ലാം വീടുകളില്‍ തന്നെ തങ്ങളുടെ ദിവസങ്ങള്‍ കഴിച്ചു കൂട്ടുകയാണ്. തൊണ്ണൂറുകളുടെ ആദ്യം ബംഗ്ലാദേശില്‍ പൊട്ടിപ്പുറപ്പെട്ട കോളറയുടെ സമയത്ത് രോഗികളെ ചികിത്സിച്ച ദിവസങ്ങളെ ഓര്‍ക്കുകയാണ് സാഹിത്യകാരി തസ്ലിമ നസ്രീന്. എഴുത്തുകാരിയാകും മുമ്പ് ഡോക്ടറായിരുന്ന തസ്ലിമ 1991-ല്‍ കോളറയുടെ സമയത്ത് മൈമെന്‍സിങ്ങിലെ ആശുപത്രിയില്‍ ഡോക്ടറായിരുന്നു.
'' അന്നു ഞാന്‍ ഡോക്ടറായിരുന്നു. അസ്വസ്ഥതയുണ്ടാക്കുമായിരുന്നതിനാല് കൈയ്യുറയിടാതെയാണ് ദിവസവും നൂറുകണക്കിനു രോഗികളെ നോക്കിയത്. ഭാഗ്യത്തിന് അണുബാധയുണ്ടായില്ല. ഈ കോവിഡ്-19 വളരെ അപകടകാരിയാണ്. അതിനാല്‍, എല്ലാ മുന്കരുതലുമെടുക്കേണ്ടത് അത്യാവശ്യമാണ്. ലോകമെങ്ങും മടുപ്പില്ലാതെ ജോലി ചെയ്യുന്ന ആതുരസേവക സമൂഹത്തെക്കുറിച്ച് എനിക്കഭിമാനമാണ്. മനുഷ്യകുലത്തെ രക്ഷിക്കാനാണല്ലോ അവര്‍ സ്വന്തം ജീവനുകള്‍ അപകടത്തിലാക്കുന്നത്''- വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ.യോട് അവര്‍ പറഞ്ഞു.
1984-ല്‍ മൈമെന്‍സിങ് മെഡിക്കല്‍ കോളേജില്‍ നിന്നാണ് തസ്ലിമ വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയത്. തന്റെ എഴുത്തുകള്‍ വിവാദമായതോടെ 1993-ല്‍ അവര്‍ക്ക് തൊഴില്‍രംഗവും പിന്നീട് രാജ്യവും വിടേണ്ടി വന്നു. പ്രസിദ്ധീകരിക്കും മുമ്പ് രചനകളെല്ലാം കാണിക്കണമെന്ന സര്‍ക്കാരിന്റെ ഉത്തരവില്‍ പ്രതിഷേധിച്ചാണ് അവര്‍ ഡോക്ടര്‍ ജോലി രാജിവെച്ചത്.






