
ടെഹ്റാന്: ഇറാനിലെ 'ആഞ്ജലീന ജോളി'യെന്ന് വിശേഷണം ലഭിച്ച ഇന്‍സ്റ്റഗ്രാം താരമായിരുന്ന യുവതി ഫാത്തിമ ഖിഷ്വന്തിന് കൊറോണ വൈറസ് രോഗം ബാധിച്ചെന്ന് റിപ്പോര്‍ട്ട് തള്ളി പോലീസ്. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന അവര്‍ക്ക് രോഗം ബാധിച്ചിട്ടും ജാമ്യം നല്കാന് അധികൃതര്‍ തയ്യാറായില്ലെന്നാണ് അഭിഭാഷകന് പറയുന്നത്. എന്നാല്‍ കൊറോണ രോഗം യുവതിക്ക് ബാധിച്ചിട്ടില്ലെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. റിപ്പോര്‍ട്ടുകള്‍ പലവിധത്തില്‍ പ്രചരിക്കവെയാണ് ഇറാനിലെ 'ആഞ്ജലീന ജോളി'യെ കുറിച്ച് ലോകമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാരംഭിച്ചത്.
ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗം വ്യാപിച്ച രാജ്യങ്ങളിലൊന്നാണ് ഇറാന്. ഒട്ടേറെ പ്രമുഖരടക്കം 5000ത്തിലധികം പേരാണ് ഇവിടെ മരിച്ചത്. എന്നാല്‍ കഴിഞ്ഞദിവസം സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഇളവ് നല്കിത്തുടങ്ങിയിരിക്കെയാണ് 'ഇറാനിലെ ആഞ്ജലീന ജോളി'യുടെ കൊറോണ ചര്‍ച്ചയായത്.
സഹര്‍ തബര്‍ എന്ന പേരിലാണ് ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ അറിയപ്പെട്ടിരുന്നത്. 2017 ല്‍ ഹോളിവുഡ് നടി ആജ്ഞലീന ജോളിയുടെ മുഖ സാദ്യശ്യം ലഭിക്കാന്‍ വേണ്ടി നിരന്തരം പ്ലാസ്റ്റിക് സര്‍ജറി ചെയത് മുഖം വികൃതമായെന്ന് പറഞ്ഞു കൊണ്ട് പ്രചരിച്ച ചിത്രത്തിലെ പെണ്‍കുട്ടിയാണ് ഫാത്തിമ ഖിഷ്വന്ത്. എന്നാല്‍ പിന്നീട് ഈ ഫോട്ടോ എഡിറ്റ് ചെയ്തതും താന്‍ മേക്കപ്പിട്ടതുമാണെന്നാണ് ഇവര്‍ ഒരു റഷ്യന്‍ മാധ്യമത്തോട് വെളിപ്പെടുത്തിയത്. ഇവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ആ വര്‍ഷം തന്നെ പൂട്ടുകയും ചെയ്തു. പിന്നീട് 2019 ല്‍ മതനിന്ദ , ആക്രമത്തെ പ്രോത്സാഹിപ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഇവരെ ഇറാനിയന്‍ പൊലീസ് ജയിലിടയ്ക്കുകയായിരുന്നു.






