
തിരുവനന്തപുരം: വിവാദ സ്പ്രിങ്ളര്‍ കരാറിനെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഇതിനായി മുന്‍ അഡി. ചീഫ് സെക്രട്ടറിമാരുടെ രണ്ടംഗസമിതിയെ നിയോഗിച്ചു. ആരോഗ്യവകുപ്പ് മുന്‍ അഡി. ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനും തമിഴ്നാട് കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനും ഐ.ടി. വിദഗ്ധനും കേന്ദ്ര വ്യോമയാന വകുപ്പ് സെക്രട്ടറിയുമായിരുന്ന മാധവന് നമ്പ്യാരുമാണ് സമിതി അംഗങ്ങള്‍.
അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ളറിന് കോവിഡ് ഡിജിറ്റല്‍ പ്രതിരോധനടപടികള്ക്കുള്ള കരാര്‍ നല്കിയ നടപടിക്രമങ്ങളില്‍ വീഴ്ച സംഭവിച്ചോ, അതു മനഃപൂര്‍വമായിരുന്നോ, ഡേറ്റ സംബന്ധമായ വിവരങ്ങള്‍ സുരക്ഷിതമാണോ, നിയമവകുപ്പിനോട് ആലോചിക്കാതെ ഐ.ടി. വകുപ്പ് മേധാവി എം. ശിവശങ്കര്‍ ഏകപക്ഷീയമായി കരാര്‍ നല്‍കിയത് എന്തടിസ്ഥാനത്തിലായിരുന്നു എന്നിങ്ങനെയുളള കാര്യങ്ങളെക്കുറിച്ചായിരിക്കും അന്വേഷിക്കുക.
റിപ്പോര്‍ട്ട് 15 ദിവസത്തിനകം സമര്‍പ്പിക്കും. സ്പ്രിങ്ളര്‍ ഇടപാടിനെക്കുറിച്ച് ഇന്നലെ വൈകിട്ട് ആറിനു നടത്തിയ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട കാര്യം പരാമര്‍ശിച്ചിരുന്നില്ല.
കരാറില്‍ പലതരത്തിലുള്ള ദുരൂഹതകള്‍ നിലനില്ക്കുന്നുവെന്ന ചോദ്യത്തിന് അതൊക്കെ കടന്നാണ് താനിവിടെ വന്നിരിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കരാറില്‍ 200 കോടി രൂപയുടെ ഡേറ്റാ കച്ചവടം നടന്നെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം.
മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്ക് സ്പ്രിങ്ളര്‍ കമ്പനിയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് വ്യക്തമാക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. സി.പി.ഐയുടെ മുഖപത്രമായ ജനയുഗം കരാറിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് ആക്ഷേപം ഉന്നയിച്ച പശ്ചാത്തലവും കണക്കിലെടുത്താണ് അന്വേഷണത്തിനുള്ള തീരുമാനം.
എസ്. നാരായണ്‍






