
കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾ അവസാനത്തിലേക്ക് അടുക്കുമ്പോൾ ആഹ്ലാദ പ്രകടനത്തിന് ഒരുങ്ങുകയാണ് കെസി പക്ഷം. മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപിച്ചാൽ ഉടൻ തന്നെ സംസ്ഥാനത്ത് ഉടനീളം പ്രകടനം നടത്തും. വിഡി അനുകൂല പ്രകടനത്തിന് ബദലായാണ് ആഹ്ലാദ പ്രകടനം.
എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിലാണ് ചർച്ചകൾ നടക്കുന്നത്. കേരള നേതാക്കളുമായുള്ള ഖർഗെയുടെ ചർച്ചയിൽ അവസാന നിമിഷം രാഹുൽ ഗാന്ധിയും നേരിട്ട് പങ്കെടുക്കുകയാണ്. ആദ്യ ഘട്ട ചർച്ചയിൽ രാഹുൽ പങ്കെടുക്കില്ലെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും അവസാന നിമിഷം രാഹുലും ഖർഗെയുടെ വസതിയിലേക്ക് എത്തുകയായിരുന്നു.
എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, നിലവിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവും മുതിർന്ന നേതാവുമായ രമേശ് ചെന്നിത്തല എന്നീ മൂന്ന് നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കെ പി സി സി നേതൃത്വം ആർക്കൊപ്പം എന്നറിയാൻ സണ്ണി ജോസഫിനെയും ഖാർഗെ വിളിപ്പിച്ചിട്ടുണ്ട്. ഭൂരിപക്ഷ എം എൽ എമാരുടെ പിന്തുണ കെ സിക്കാണ്.






