
ചാള്‍സ് ഡയാന രാജദമ്പതികളുടെ രണ്ടാമത്തെ പുത്രന് ഹാരി രാജകുമാരന് വിവാഹം ചെയ്തത് അമേരിക്കന്‍ നടിയും മോഡലുമായ മേഗന് മാര്ക്കിളിനെയാണ്. ഹാരിയുമായുള്ള പ്രണയം മുതല്‍ പാപ്പരാസികള്‍ മേഗന്റെ പിന്നാലെയായിരുന്നു. ഹാരിയുമായുള്ള വിവാഹത്തിന്റെ പേരില്‍ മേഗന്റെ കുടുംബത്തില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വിവാഹത്തിന് മേഗന് തന്റെ പിതാവിനെപ്പോലും ക്ഷണിച്ചില്ലെന്നും ഇരുവരും തമ്മില്‍ വഴക്കാണെന്നും അവര്‍ തമ്മില്‍ അയച്ച കത്തുകള്‍ തെളിവായി ഉദ്ധരിച്ചുകൊണ്ട് ചില ടാബ്ളോയിഡ് പത്രങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹാരിയും മേഗനും ബ്രിട്ടിഷ് രാജകുടുംബത്തില്‍നിന്ന് വേര്‍പിരിഞ്ഞ് സാധാരണക്കാരായാണ് ഇപ്പോള്‍ കാനഡയില്‍ ജീവിക്കുന്നത്. തന്റെ കുടുംബത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ച മാധ്യമങ്ങള്‍ക്കെതിരെ മേഗന് രംഗത്ത് എത്തിയിരിക്കുകയാണ്. ബ്രിട്ടീഷ് രാജകുടുംബത്തിനു വേണ്ടി തിങ്കളാഴ്ച ലണ്ടന്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത പേപ്പറുകളിലാണ് പുതിയ ആരോപണങ്ങളുള്ളത്.
തന്നെയും പിതാവിനെയും തമ്മില്‍ തെറ്റിക്കാനുള്ള മാധ്യമങ്ങളുടെ ഗൂഢാലോചനയാണ് സംഭവത്തിനു പിന്നിലെന്നാണ് മേഗന് ആരോപിക്കുന്നത്. ഈ വിവരങ്ങളാണ് ഇപ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതും. തെറ്റായതും കെട്ടിച്ചമച്ചതുമായ വാര്‍ത്തകളാണ് പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതെന്നും മേഗന് ആരോപിച്ചിരുന്നു. തന്റെ പിതാവിനെ മാധ്യമങ്ങള്‍ നിരന്തരമായി വേട്ടയാടുന്നെന്നും അദ്ദേഹത്തെ ചെറുതാക്കിക്കാണിക്കാനും മാധ്യമങ്ങള്‍ മനഃപൂര്‍വം ശ്രമിച്ചിരുന്നുവെന്നും മേഗന് ചൂണ്ടിക്കാട്ടുന്നു.






