
കൊച്ചി: സ്പ്രിങ്ക്ലര്‍ വിഷയത്തെ ലാഘവത്തോടെ കാണരുതെന്ന് ഹൈക്കോടതി. കമ്പനിയെ തെരഞ്ഞെടുത്തത് സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് അപകടകരമെന്ന് ഹൈക്കോടതി പറഞ്ഞു. അതേ സമയം കര്‍ശന ഉപാധികളോടെ കരാര്‍ തുടരാന്‍ സര്‍ക്കാരിന് അനുമതി നല്കുന്ന ഇടക്കാല ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചു. മൂന്നാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിണഗിക്കും.
അതേ സമയം സ്പ്രിങ്ക്ലര്‍ കമ്പനി കരാര്‍ ലംഘിച്ചാല്‍ അമേരിക്കയില്‍ മാത്രമേ നിയമ നടപടി എടുക്കാന്‍ കഴിയു എന്ന വിവരം സര്‍ക്കാര്‍ കോടതിയില്‍ സമ്മതിച്ചു. എന്നാല്‍ ഏതെങ്കിലും തരത്തില്‍ വിവരച്ചോര്‍ച്ചയുണ്ടായാല്‍ പൊതു ജനങ്ങള്‍ക്ക് ക്രിമിനല്‍ നടപടിയുമായി രാജ്യത്തെ കോടതികളെ സമീപിക്കാമെന്നും കോടതിയെ അറിയിച്ചു. കോവിഡ് രോഗികളുടെ ഡേറ്റയുടെ സ്വകാര്യത ഉറപ്പുവരുത്തിയ ശേഷമേ കമ്പനിക്ക് കൈമാറാവുള്ളൂ എന്നും കോടതി പറഞ്ഞു.
സര്‍ക്കാര്‍ നല്കുന്ന ഡേറ്റകളിലെ വിവരങ്ങള്‍ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് ഹെക്കോടതി കമ്പനിക്ക് നല്‍കിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനയ്ക്ക് ഡാഷ്ബോര്‍ഡ് നിര്‍മിച്ചു നല്‍കിയത് അവരുടെ എസ്എഎസ് സേവനവുമായി ബന്ധപ്പെടുത്തരുത് എന്നും കോടതി പറഞ്ഞു. ഡാറ്റയുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതു സര്‍ക്കാരാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. 2020ലെ പകര്ച്ചവാധി ഓര്‍ഡിനന്‍സ് പ്രകാരം ഡാറ്റ ശേഖരിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. അത് കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡപ്രകാരമാണു നടക്കുന്നത് എന്ന് ഉറപ്പാക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ മുംബൈയില്‍ നിന്നുള്ള സൈബര്‍ വിദഗ്ധയായ അഭിഭാഷക എന്‍.എസ്. നപ്പിനൈ വിശദീകരിച്ചു.
സര്‍ക്കാരിന്റെ കരാറില്‍ കോടതിക്ക് അതൃപ്തിയുണ്ട്. അതേ സമയം കോവിഡിന്റെ പശചാത്തലത്തില് പ്രതിരോധപ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന രീതിയില്‍ ഇപ്പോള്‍ ഇടപെടലുകള്‍ നടത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി. എല്ലാ വിവരങ്ങളും രഹസ്യമാക്കി വയ്ക്കാമെന്ന്് സര്‍ക്കാര്‍ കോടതിയില്‍ ഉറപ്പുനല്‍കി. രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി മണിക്കൂറുകള്‍ നീണ്ട വാദം കേള്‍ക്കലാണ് നടന്നത്. വിവരങ്ങള്‍ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള നടപടികളെടുത്തിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ഏപ്രില്‍ രണ്ടിന് ഒപ്പുവച്ച കരാര്‍ പ്രകാരം സ്പ്രിങ്ക്ലറിന്റെ സോഫ്റ്റവെയര്‍ ഉപയോഗിക്കാനാണ് കരാറെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
എന്ത് കൊണ്ടു സ്പ്രിങ്ക്ലറിനെ തിരഞ്ഞെടുത്തു? തിരക്കിട്ട് എന്തുകൊണ്ടു സ്പ്രിന്‍ക്ലറിലേക്കു പോയി? ഇന്ത്യയിലെ ഏജന്‍സികളെ എന്തു കൊണ്ടു പരിഗണിച്ചില്ല? സ്പ്രിങ്ക്ലര്‍ താല്പര്യം പ്രകടിപ്പിച്ചു എന്നതാണോ മാനദണ്ഡം? ഇങ്ങനെ ആണോ കമ്പനികളെ തിരഞ്ഞെടുക്കുന്നത്? തുടങ്ങിയ ചോദ്യങ്ങളും ഉന്നയിച്ചു. കേന്ദ്രം സേവനം നല്കാന് തയാറാണെന്ന് അറിയിച്ചിട്ടുണ്ട് എന്ന കാര്യവും സര്‍ക്കാരിനെ അറിയിച്ചു.
സ്പ്രിങ്ക്ലര്‍ സൗജന്യ സേവനം നല്കാന് തയാറായറായെന്നായിരുന്നു ഇതിന് സര്‍ക്കാരിന്റെ വിശദീകരണം. അടിയന്തിര സാഹചര്യമായതിനാലാണ് ഇത്തരം ഒരു നടപടിയിലേയ്ക്ക് പോകാന്‍ കാരണമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
ഡേറ്റ സ്പ്രിന്‍ക്ലറിനു കൈമാറിയോ എന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം അവ്യക്തം ആണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ അഭിഭാഷകന് കോടതിയിലുയര്ത്തിയ പ്രധാന വാദം. സ്പ്രിങ്ക്ലറിന്റെ പ്രൈവസി പോളിസി എന്താണെന്നൊ ഡാറ്റ കൈമാറിയോ എന്നൊ ഉള്ള വിവരങ്ങള്‍ അവ്യക്തമാണ്. ഡാറ്റ നല്‍കേണ്ട വ്യക്തിയുടെ അനുമതിയുണ്ടോ എന്നതിലും വ്യക്തതയില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. തന്റെ മകള്‍ വിദേശത്തു നിന്ന് വന്ന് ക്വാറന്റീനിലായിരുന്നു. അവരുടെ വ്യക്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതില്‍ ആശങ്കയുണ്ടെന്നും പരിസ്ഥിതി പ്രവര്‍ത്തകനായ സി.ആര്. നീലകണ്ഠന് കോടതിയില്‍ ബോധിപ്പിച്ചു.






