
ഹൈദരാബാദ് : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായി സംഘടിപ്പിച്ച ബാഡ്മിന്റൻ പരിശീലന ക്യാംപിനിടെ സ്ക്രീനിൽ പോൺ ദൃശ്യങ്ങൾ. വിഖ്യത ബാഡ്മിന്റൻ പരിശീലകൻ പുല്ലേല ഗോപീചന്ദ് ഉൾപ്പെടെ പങ്കെടുത്ത പരിപാടിയിലാണ് സംഭവം. ഇതേത്തുടർന്ന് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും (സായി) ബാഡ്മിന്റൻ അസോസിയേഷൻ ഓഫ് ഇന്ത്യയും (ബിഎഐ) സംയുക്തമായി സംഘടിപ്പിച്ച പരിശീലന പരിപാടി നിർത്തിവച്ചു. രാജ്യവ്യാപകമായി 700ഓളം പരിശീലകർക്കായി സംഘടിപ്പിച്ച ഓൺലൈൻ പരിശീലക പരിപാടിയാണ് താൽക്കാലികമായി നിർത്തിവച്ചത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പുല്ലേല ഗോപീചന്ദിനു പുറമെ ഇന്തോനീഷ്യൻ പരിശീലകരായ ആഗുസ് ദ്വി സാന്റോസ്, നംറീഹ് സുറോട്ടോ തുടങ്ങിയവരും പരിശീലകർക്ക് ഓൺലൈനിൽ പരിശീലനം നൽകുന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു. ഇതിനിടെ ഉച്ചകഴിഞ്ഞ് 12.40നാണ് സ്ക്രീനിൽ അപ്രതീക്ഷിതമായി പോൺ ദൃശ്യങ്ങൾ തെളിഞ്ഞത്. ചിത്രങ്ങൾ ഇടയ്ക്കിടെ സ്ക്രീനിൽ തെളിഞ്ഞതോടെ ഗോപീചന്ദ് ലാപ്ടോപ്പ് ഓഫ് ചെയ്തു. പോൺ ദൃശ്യങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ ഇന്തോനേഷ്യൻ പരിശീലകൻ ആഗുസ് ദ്വി സാന്റോസാണ് ലൈവ് സെഷൻ നയിച്ചിരുന്നത്.
ഓൺലൈനിൽ 21 ദിവസത്തെ പരിശീലക പരിപാടിയാണ് പദ്ധതിയിട്ടിരുന്നത്. സായിയുടെ ബെംഗളൂരു ശാഖയാണ് ഇത്തവണ പരിശീലക സെഷനിൽ പങ്കെടുക്കുന്നതിന് ക്ഷണിച്ചിരുന്നത്. സ്ക്രീനിൽ പോൺ ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടത് ലൈവിൽ കണ്ട പരിശീലകരിൽ സ്ത്രീകളും കുട്ടികളുമുണ്ടെന്ന് സെഷനിൽ പങ്കെടുത്ത പരിശീലകരിൽ ചിലർ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ സംഘാടകർ കുറച്ചുകൂടി ശ്രദ്ധയും കരുതലും എടുക്കേണ്ടിയിരുന്നുവെന്നും ഇവർ പറയുന്നു.
ജനപ്രിയമെങ്കിലും സുരക്ഷാവിഷയത്തിൽ അത്ര ഉറപ്പില്ലാത്ത സൂം വിഡിയോ കോൺഫറൻസ് ആപ്പാണ് ഓൺലൈൻ സെഷനുവേണ്ടി ഉപയോഗിച്ചിരുന്നത്. സൂം ആപ്പ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ മുന്നറിയിപ്പു പുറപ്പെടുവിച്ചിരുന്നു. സുരക്ഷാ ഭീഷണികളുള്ളതിനാൽ സർക്കാർ ഉദ്യോഗസ്ഥർ ആപ് ഉപയോഗിക്കരുതെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിരുന്നു. ഗൂഗിൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ സൂം ആപ് ഉപയോഗിക്കരുതെന്ന് അവരുടെ ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.






