
മുസ്ലിംലോകം വ്രതത്തിലേക്കു കാലെടെത്തുവച്ചു കഴിഞ്ഞു. പതിനൊന്നു മാസത്തെ പ്രയാണ ദിശയില്‍ നിന്ന് അല്പമൊന്നു മാറിയുള്ള സഞ്ചാരം. പ്രഭാത പ്രകാശം പിറക്കുന്നതിന് മുമ്പ് അന്ന പാനീയങ്ങള്‍ വെടിയണം. സന്ധ്യ ഇരുട്ടുന്നതു വരെ ഇത് തുടരണം. ഭാര്യാ ഭര്ത്താക്കന്മാര് ശാരീരിക ബന്ധം ഒഴിവാക്കണം. ശരീരത്തെക്കാള്‍ വ്രതം വേണ്ടത് മനസ്സിനും അതിന്റെ പണിആയുധമായ നാവിനും. ആമാശയത്തില്‍ ഒന്നും എത്തുന്നില്ലെന്നു ഉറപ്പു വരുത്തിയാല്‍ മാത്രം നോമ്പാവുന്നില്ല. ചിന്തയും സംസാരവും കര്‍മ്മവും സംസ്കാരവും വ്രതവിശുദ്ധി കൊണ്ട് സംസ്കരിക്കപ്പെടണം.
സഹജീവികളോടുള്ള സനേഹസ്പര്‍ശം വ്രത മനോഹാരിതയ്ക്കു മാറ്റ് കൂട്ടുന്നു. വിഭവ സമൃദ്ധിയില്‍ അഭിരമിച്ചിരുന്ന ധനശേഷിയുള്ളവര്‍ വിശപ്പിന്റെ കാഠിന്യമറിയുമ്പോള്‍ വിശന്നു പൊരിയുന്ന വയറുകളെ തിരിച്ചറിയുന്നു. താന്‍ പട്ടിണികിടക്കുന്നതിന്റെ അന്ത:സത്ത സാക്ഷാത്കരിക്കപ്പെടാന്‍ നിത്യദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്ന ബോധ്യം അവന്റെ സാമൂഹ്യ ഗുണകാംക്ഷയെ പരിപോഷിപ്പിക്കുന്നു.
അതുകൊണ്ടു തന്നെ പരസഹായത്തിന്റെ ആത്മഹര്‍ഷം അനുഭവിച്ചറിയാത്ത ധനികന് ഏതാനും മണിക്കൂറുകള്‍ പട്ടിണികിടന്നു സന്ധ്യ മയങ്ങിയാല്‍ തന്റെ തീന്മേശയില് നിരത്തി വച്ച വിഭവ വൈവിധ്യങ്ങള്‍ കൊണ്ട് ഉദരസേവ ചെയ്ുയന്നതല്ല നോമ്പ്. മറിച്ച് തന്റെ പരിസരങ്ങളില്‍ അവശത അനുഭവിക്കുന്ന സഹോദരങ്ങള്‍ക്കു ആഹാരം നല്കിയായാല് ആ പാവങ്ങളുടെ മനപ്പൊരുത്തം മാത്രം മതിയാവും അയാള്‍ക്ക്മുമ്പില്‍ സ്വര്‍ഗകവാടം തുറക്കപ്പെടാന്‍ ഒരുവിശ്വാസിയുടെ കരുത്തു പ്രാത്ഥനയാണ്.
വ്രത നാളുകള്‍ ദൈവകാരുണ്ണ്യത്തിന്റെ വര്‍ഷമേഘങ്ങള്‍ പെയ്തിറങ്ങുന്ന മാസമാണ്. അദൃശ്യവും അജ്ഞാതവുമായ ഒരു സൂക്ഷ്മ ജീവിയുടെ തടവറയിലാണിന്നു ലോകം. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സമൃദ്ധിയില്‍ അഹങ്കരിച്ചിരുന്നവര്‍ ആ സൂക്ഷ്മ ജീവിക്കുമുമ്പില്‍ ശീര്‍ഷാസനം ചെയ്യുകയാണ്. ആ രോഗവ്യാപനത്തെ തടയാന്‍ ഭൗതിക സന്നാഹങ്ങള്‍ മാത്രം മതിയാവില്ല. പടച്ചവനോട് സമാശ്വാസം ചോദിച്ചു വാങ്ങേണ്ടത് വിശ്വാസികളാണ്. വ്രതമനുഷ്ഠിച്ചു മനം ഉരുകിയൊലിക്കട്ടെ. കരങ്ങള്‍ വിഹായസ്സിലേക്കുയരട്ടെ.
പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനി കുവൈത്ത്
(വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)





