
സമീപകാലത്ത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്കും ചിരിക്കും വഴിവച്ച ഒന്നായിരുന്നു മഹാഭാരതം പരമ്പരയിൽ ഭീഷ്മ പിതാമഹൻ ഉപയോഗിച്ച എയർ കൂളർ. കൗരവസഭയിൽ സർവാലങ്കാരവിഭൂഷിതനായി ഭീഷ്മർ ഇരിക്കുമ്പോൾ സമീപത്തായി ഒരു കൂളർ സ്ഥാപിച്ചത് ഏതോ വിരുതൻ കണ്ടെത്തി സ്ക്രീൻഷോട്ട് സഹിതം സോഷ്യൽ മീഡിയയിൽ വൈറലാക്കുകയായിരുന്നു.
ദ്വാപരയുഗത്തിൽ എവിടെ കൂളർ എന്ന് ഒരു വിഭാഗം പരിഹസിച്ചപ്പോൾ മഹാഭാരതം ആദ്യമായി സംപ്രേഷണം ചെയ്ത തൊണ്ണൂറുകളിൽ ഇത്തരം കൂളറുകൾ വിപണിയിലണ്ടായിരുന്നോ എന്നായിരുന്നു മറ്റ് ചിലർക്ക് സംശയം. എങ്കിലും കാസ്റ്റിങ്ങിലും മറ്റും അത്രയും കണിശത പുലർത്തിയ ബി.ആർ. ചോപ്രയ്ക്ക് എങ്ങനെ ഇങ്ങനയൊരു നോട്ടപ്പിശക് പറ്റി എന്നൊരു ചോദ്യവും ഉയർന്നു. എന്നാൽ, ഇത് കൂളറല്ലെന്നും സെറ്റിലെ ഏതൊ അലങ്കാരത്തിന്റെ ഭാഗമാണ് കാണുന്നതെന്ന ന്യായീകരണങ്ങളും ഉണ്ടായിരുന്നു. അതല്ല ഫോട്ടോഷോപ്പ് വിദ്യയാണെന്നുമുണ്ടായിരുന്നു വിശദീകരണം.
ആദ്യത്തെ സംപ്രേഷണത്തിന്റെ സമയത്ത് ആരുടെയും കണ്ണിൽ പേടാതെ പോയ ഈ അബദ്ധം ലോക്ഡൗൺ കാലത്തെ പുനഃസംപ്രഷണത്തിലാണ് ആളുകൾ കണ്ടുപിടിച്ചത്. ഈ ലോക്ഡൗൺ കാലത്ത് ദൂദർശന് ഏറ്റവും കൂടുതൽ പ്രേക്ഷകരെ നേടിക്കൊടുത്ത പരിപാടികളാണ് മഹാഭാരതും രാമായണവും. രണ്ട് പരമ്പരകളും ഹിറ്റായി ഓടുമ്പോഴാണ് അതിലെ ഒരു അബദ്ധം ചിരിപടർത്തി വീണ്ടും തലപൊക്കിയത്.
എന്നാലിപ്പോൾ ചർച്ചകൾക്കൊടുവിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കഥയിലെ നായകൻ ഭീഷ്മരായി വേഷമിട്ട മുകേഷ് ഖന്ന തന്നെ. ഇതാരാണ് കണ്ടുപിടച്ചതെന്നാണ് എന്റെ സംശയം എന്നാണ് മുകേഷ് ഖന്ന ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ആദ്യം ചോദിച്ചത്.
'മഹാഭാരതത്തിന്റെ സെറ്റിൽ നിന്നുള്ള എന്റെ ചിത്രം വൈറലായിരുന്നുവെന്ന് ഞാൻ അറിഞ്ഞിരുന്നു. ഇതാരാണ് കണ്ടുപിടിച്ചത് എന്നാണ് എനിക്ക് ആദ്യം അറിയേണ്ടത്. ഇത് പരമ്പരയിലെ ഒരു രംഗം തന്നെയാണോ എന്ന് സംശയമാണ്. അങ്ങനെയാണെങ്കിൽ അതൊരു വലിയ തെറ്റ് തന്നെയാണ്. എന്നാൽ, ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ എനിക്ക് തോന്നത് അത് ഷൂട്ടിങ്ങിന്റെ ഇടവേളയിൽ എടുത്ത ഒരു ഫോട്ടോ ആയിരിക്കുമെന്നാണ്. ബി.ആർ. ചോപ്രയുടെ ഭാഗത്ത് നിന്ന് അത്തരമൊരു വലിയ തെറ്റ് സംഭവിക്കുമോ എന്ന കാര്യം സംശയമാണ്. മഹാഭാരതത്തിന്റെ നിർമാണത്തിലും എഡിറ്റിങ്ങിലും അതീവ ശ്രദ്ധാലുവായിരുന്നു അദ്ദേഹം'-മുകേഷ് ഖന്ന പറഞ്ഞു.
എങ്കിലും മഹാഭാരതത്തിന്റെ ചിത്രീകരണത്തിന്റെ സമയത്ത് താൻ കൂളർ ഉപയോഗിച്ചിരുന്നുവെന്ന് മുകേഷ് ഖന്ന സമ്മതിച്ചു. 'ഫിലിം സിറ്റിയിലായിരുന്നു മഹാഭാരതത്തിന്റെ ചിത്രീകരണം. അത് പൂർണമായും ശീതീകരിച്ച കെട്ടിടമാണ്. എങ്കിലും ഭീഷ്മരുടെ ഭാരമേറിയ കോസ്റ്റ്യൂം കാരണം ഞാൻ ആകെ വലഞ്ഞിരുന്നു. ഇതിനെല്ലാം പുറമെ നീണ്ട താടിയും. ഇതാണെങ്കിൽ എനിക്ക് ദിവസം മുഴുവൻ അണിയേണ്ടിയും വരുന്നുണ്ടായിരുന്നു. ഇതുകാരണം ആകെ ചൂടെടുത്ത അവസ്ഥയിലായിരുന്നു ഞാൻ. ഒരോ സീനെടുത്തു കഴിയുമ്പോഴും ഞാൻ ആകെ വിയർത്തുകുളിക്കുമായിരുന്നു. അതുകൊണ്ട് ആകെ അസ്വസ്ഥനുമാകുമായിരുന്നു. അതുകൊണ്ട് ഞാൻ ഒരു എയർ കൂളർ വേണമെന്ന് ബി.ആർ. ചോപ്രയോട് ആവശ്യപ്പെട്ടിരുന്നു-മുകേഷ് ഖന്ന പറഞ്ഞു.






