
കൊച്ചി : എറണാകുളം ജില്ലയിൽ കോവിഡ് ചികിത്സയിലിരിക്കുന്ന അവസാന രോഗിയും ആശുപത്രി വിടുന്നു. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗി ഇന്ന് വൈകിട്ട് നാലിന് ഡിസ്ചാർജ് ആകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇതോടെ എറണാകുളം കോവിഡ് മുക്തമാവുകയാണ്.
ഇന്ന് ആശുപത്രി വിടുന്ന രോഗിയുടെ പരിശോധനാഫലം കഴിഞ്ഞ ദിവസം നെഗറ്റീവായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയുടെയും ഫലം നെഗറ്റീവായതിനെ തുടർന്നാണ് ഡിസ്ചാർജ് ചെയ്യുന്നത്. ആശുപത്രി വിട്ടാലും ഇയാൾ വീട്ടിൽ നിരീക്ഷണത്തിൽ തുടരും.
കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ കോവിഡ് വ്യാപന പട്ടികയിൽ ജില്ല ഗ്രീൻ സോണിൽ പെട്ടതിനു പിന്നാലെയാണ് അവസാന കോവിഡ് രോഗിയും ആശുപത്രി വിടുന്നത്. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരെല്ലാം രോഗവിമുക്തരായെങ്കിലും ജാഗ്രത കുറയ്ക്കാൻ സമയമായിട്ടില്ലെന്ന് അധികൃതർ പറയുന്നു. പ്രതിരോധ നടപടികൾ ശക്തമായി തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
വ്യാഴാഴ്ച വൈകിട്ട് വരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ 16 പേർ കൂടി ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ 698 പേർ. ഇതിൽ 401 പേർ ഹൈ റിസ്ക് വിഭാഗത്തിലും 297 പേർ ലോ റിസ്ക് വിഭാഗത്തിലുമാണ്. അതേസമയം, ഇന്നലെ എറണാകുളത്ത് ലഭിച്ച 106 പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. സമൂഹവ്യാപന പരിശോധനയ്ക്കായെടുത്ത 70 സാംപിളുകളും ഇതിൽ പെടും.






