
ജീവിതത്തില്‍ പ്രതിസന്ധി ഘട്ടം വന്നപ്പോള്‍ ആത്മഹത്യ ചെയ്യാന്‍ ആലോചിച്ചിരുന്നതായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗം മുഹമ്മദ് ഷമി. സഹതാരം രോഹിത് ശര്‍മയുമായി നടത്തിയ ഇന്‍സ്റ്റാഗ്രാം ചാറ്റിലാണു ഷമിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. താന്‍ 24-ാം നിലയിലെ അപ്പാര്‍ട്ട്മെന്റില്‍നിന്നു ചാടുമെന്ന ഭയംകൊണ്ടു കുടുംബാംഗങ്ങളും കൂട്ടുകാരും ഉറങ്ങാതെ കാത്തിരുന്നെന്നും ഷമി വെളിപ്പെടുത്തി. മൂന്നു തവണയെങ്കിലും ജീവനൊടുക്കാന്‍ ആലോചിച്ചിരുന്നതായി ഷമി പറഞ്ഞു.
അക്കാലത്ത് ക്രിക്കറ്റിനേക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിച്ചില്ല. താന്‍ എന്തെങ്കിലും കടുംകൈ ചെയ്തേക്കുമെന്ന ഭയത്താല്‍ അന്ന് സുഹൃത്തുക്കള്‍ 24 മണിക്കൂറും തനിക്ക് കാവലിരിക്കുകയായിരുന്നു. വീട്ടുകാരുടെ പ്രത്യേകിച്ച് സഹോദരന്റെ ഉറച്ച പിന്തുണയില്ലായിരുന്നെങ്കില് തനിക്ക് ക്രിക്കറ്റ് നഷ്ടപ്പെട്ടു പോകുമായിരുന്നുവെന്നും ഷമി പറഞ്ഞു. മുഹമ്മദ് ഷമിയും ഭാര്യ ഹസിന് ജഹാനുമായുള്ള കുടുംബപ്രശ്നങ്ങള്‍ 2018 ല്‍ വന്‍ വാര്‍ത്താപ്രാധാന്യം നേടി. 2018 മാര്‍ച്ചില്‍ ഹസിന് ജഹാന് ഷമിക്കെതിരേ ഗാര്‍ഹിക പീഡനം ആരോപിച്ച് പരാതി നല്‍കിയിരുന്നു.
താരത്തിനും സഹോദരനുമെതിരേ പോലീസ് കേസും രജിസ്റ്റര്‍ ചെയ്തു. കേസായതോടെ ആ വര്‍ഷം താരങ്ങളുടെ കരാര്‍ പുതുക്കിയപ്പോള്‍ ബി.സി.സി.ഐ. ഷമിയെ മാറ്റിനിര്‍ത്തി. ബോര്‍ഡ് നടത്തിയ അന്വേഷണത്തില്‍ കുറ്റവിമുക്തനായ ശേഷമാണു ബി.സി.സി.ഐ. അദ്ദേഹത്തെ കരാറില്‍ ഉള്‍പ്പെടുത്തിയത്. ''ആ സമയത്തു ജീവിതം ആകെ ഉലഞ്ഞു. ആ സമയത്ത് മൂന്നു തവണ ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചു.
താമസിച്ചിരുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നു ചാടുമോയെന്ന ഭയത്താല്‍ ഉറ്റ സുഹൃത്തുക്കള്‍ 24 മണിക്കൂറും കൂടെയുണ്ടായിരുന്നു'' - ഷമി തുടര്‍ന്നു. ''ജീവിതം വലിയൊരു ദുരന്തത്തില്‍ അവസാനിക്കുമെന്നു കുടുംബം ഭയന്നിരുന്നു. അവരും സുഹൃത്തുക്കളും നല്കിയ ഉറച്ച പിന്തുണയാണ് തന്നെ സംരക്ഷിച്ചതെന്നും ഷമി പറഞ്ഞു. ''എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടെന്ന് പറഞ്ഞു പൊതിഞ്ഞു സംരക്ഷിച്ചത് കുടുംബമാണ്. സഹോദരന് വളരെയധികം ബുദ്ധിമുട്ടി'' ഷമി തുടര്‍ന്നു. '' ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കാന് ഉപദേശിച്ചതു മാതാപിതാക്കളാണ്.
അന്നു മുതല്‍ ക്രിക്കറ്റല്ലാതെ മറ്റൊന്നും ശ്രദ്ധിക്കാറില്ല. വീണ്ടും കഠിനമായി പരിശീലിക്കാന്‍ ആരംഭിച്ചു. 2015 ലെ ഏകദിന ലോകകപ്പിനിടെ കാല്‍മുട്ടിനേറ്റ പരുക്കും അലട്ടിയിരുന്നു. പരുക്കില്‍നിന്നു പൂര്‍ണ മുക്തി നേടാന്‍ 18 മാസമെടുത്തു. കഠിനാധ്വാനം നടത്തിയാണു താന്‍ ദേശീയ ടീമില്‍ തിരിച്ചെത്തിയതെന്നു ഷമി പറഞ്ഞു. 2015 ലോകകപ്പില്‍ പരുക്കേറ്റതിനെ തുടര്‍ന്നായിരുന്നു ഷമി ടീമില്‍നിന്നു പുറത്തായത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് തുടങ്ങുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പ് വാഹനാപകടത്തില്‍പ്പെട്ടതും തിരിച്ചുവരവ് ശ്രമകരമാക്കി. ഈ സമയത്തു ഷമിയെ കാണാനില്ലെന്ന വാര്‍ത്ത പരന്നിരുന്നു. ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ക്കിടെ ഹസിന് ഷമിക്കെതിരേ കോഴ ആരോപണവും ഉന്നയിച്ചു.
ഉത്തര്‍പ്രദേശിലെ അംറോഹയിലെ ഷമിയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയതിന് ഹസിന് ജഹാനെ പൊലീസ് അറസ്റ്റ് ചെയ്തതും വാര്‍ത്തയായി. 2018 മാര്‍ച്ച് ഏഴിനു ഷമിക്കു വിവാഹേതര ബന്ധമുണ്ടെന്നു കാണിച്ചു സാമൂഹിക മാധ്യമങ്ങളിലൂടെ ഹസിന് ഷമിയുടെയും ഒരു പാകിസ്താന്കാരിയുടെയും ചില ചിത്രങ്ങള്‍ പുറത്തുവിട്ടതോടെയാണു പ്രശ്നങ്ങളുടെ തുടക്കം. തനിക്കും കുഞ്ഞിനും പ്രതിമാസം ഏഴു ലക്ഷം രൂപ വീതം ഷമി ചെലവിനു നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹസിന് ജഹാന് പിന്നീടു കോടതിയെ സമീപിച്ചു.
കോടതി പ്രതിമാസം 80,000 രൂപവീതം ഇവര്‍ക്കു നല്കാന് ഉത്തരവിട്ടു. പിന്നാലെയാണ് കോഴയാരോപണം ഉയര്‍ത്തിയത്. ഇംഗ്ലണ്ടില്‍ വ്യവസായിയായ മുഹമ്മദ് ഭായ് എന്ന വ്യക്തി നല്കിയ പണം ഷമി പാകിസ്താന്‍കാരിയായ അലിഷ്ബയില്നിന്നു സ്വീകരിച്ചതായി ഹസിന് ജഹാന് ആരോപിച്ചു. ഷമിക്കെതിരെ അന്വേഷണം നടത്താന്‍ ബി.സി.സി.ഐ. അഴിമതി വിരുദ്ധ സമിതിയെയും ഡല്‍ഹി മുന്‍ പൊലീസ് കമ്മിഷണര്‍ നീരജ് കുമാറിനെയും ചുമതലപ്പെടുത്തിയിരുന്നു.
നീരജ് കുമാര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു ഷമിക്കെതിരേ തുടര്‍ നടപടികള്‍ വേണ്ടെന്നു ബോര്‍ഡ് തീരുമാനിച്ചത്. പ്രശ്നങ്ങള്‍ അതിജീവിച്ച ഷമി കരിയറിലെ ഏറ്റവും ഫോമിലേക്കുയര്‍ന്നു. 2019 ലെ ഏകദിന ലോകകപ്പില്‍ പകരക്കാരനായെത്തി മികച്ച പ്രകടനം പുറത്തെടുത്തു. ഭുവനേശ്വര്‍ കുമാറിന് പരുക്കേറ്റതുകൊണ്ടു മാത്രം കളിക്കാന്‍ അവസരം ലഭിച്ച ഷമി ഒരു ഹാട്രിക്കും സ്വന്തമാക്കി. 2019 ല്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരമാണ്.






