
തിരുവനന്തപുരം: നോര്‍ക്കവഴി റജിസ്ട്രേഷന് നടത്തിയ ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ നാട്ടിലേക്ക് തിരിച്ചെത്തി തുടങ്ങി. പ്രധാന അതിര്‍ത്തികളില്‍ പ്രവാസികളുടെ നീണ്ട നിരയാണുള്ളത്. പരിശോധനയ്ക്കായി ആറ് അതിര്‍ത്തികളിലും നിരീക്ഷണം ശക്തമാക്കുകയും സംസ്ഥാന സര്‍ക്കാരിന്റെ ഹെല്‍പ്പ് ഡെസ്ക്കുകള്‍ തുറക്കുകയും ചെയ്തിട്ടുണ്ട്. രോഗലക്ഷണം ഉള്ളവരെ നേരിട്ട് നിരീക്ഷണത്തിലേക്ക് മാറ്റും.
നോര്‍ക്ക മുഖേനെ റജിസ്റ്റര്‍ ചെയ്ത് പാസ് കിട്ടിയവരാണ് അതിര്‍ത്തി വഴി നാട്ടിലേക്ക് മടങ്ങുന്നത്. തിരുവനന്തപുരം കളിയിക്കവിളയില്‍ അതിര്‍ത്തി കടന്നു വരുന്നവരെ എങ്ങിനെയാണ് സ്വീകരിക്കേണ്ടതെന്ന ആശയക്കുഴപ്പമുണ്ട്. 12 ഡോക്ടര്‍മാരാണ് ഇവിടെയുള്ളത്. ഹെല്‍പ്പ് ഡസ്ക്കിനോട് ചേര്‍ന്ന് എടുത്തിട്ടുള്ള ഓഡിറ്റോറിയത്തിലാണ് അതിര്‍ത്തി കടന്നു വരുന്നവരുടെ പരിശോധന നടത്തുന്നത്. പരിശോധനയില്‍ രോഗലക്ഷണം ഉള്ളവരെ 28 ദിവസങ്ങള്‍ നിരീക്ഷണത്തിലേക്ക് മാറ്റും. മറ്റു ജില്ലകളിലേക്ക് പോകേണ്ടവരുടെ കാര്യത്തിലാണ് അവ്യക്തത. തിരുവനന്തപുരം ജില്ലയില്‍ ഉള്ളവരെ ജില്ലയില്‍ തന്നെയുള്ള ക്വാറന്റൈനിലേക്ക് മാറ്റുമെങ്കിലും മറ്റു ജില്ലയില്‍ നിന്നുള്ളവരുടെ കാര്യത്തില്‍ വ്യക്തതയില്ല.
ഇവരെ അവരുടെ സ്ഥലത്തേക്ക് അയയ്ക്കാനോ ആശുപത്രിയിലേക്കോ മാറ്റുന്നതിനുള്ള വാഹനങ്ങളോ മറ്റോ സൗര്യങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടില്ല എന്നാണ് വിമര്‍നെം. ആരോഗ്യ പ്രവര്‍ത്തകരും പോലീസും മാത്രമാണ് കളിയിക്കാവിളയിലുള്ളത്.
കാസര്‍ഗോഡ് ജില്ലയില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് അതിര്‍ത്തിയില്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. സ്കൂള്‍ ടീച്ചര്‍മാരാണ് ഇവിടെ ഹെല്‍പ്പ് ഡസ്ക്കില്‍ സഹായിക്കുന്നത്. പോലീസും ആരോഗ്യ പ്രവര്‍ത്തകരും റവന്യൂ ഉദ്യോഗസ്ഥരും സംവിധാനത്തിന് മേല്‍നോട്ടം നല്കുന്നു. വാഹനത്തില്‍ വരുന്നവര്‍ വാഹനം നിര്‍ത്തി ഡ്രൈവര്‍ മാത്രം പുറത്തിറങ്ങി റജിസ്റ്റര്‍ ചെയ്യാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. മറ്റുള്ളവര്‍ വാഹനത്തില്‍ ഇരിക്കുക. ഇവരെ പരിശോധനയ്ക്ക് വിധേയമാക്കും. രോഗലക്ഷണം ഉള്ളവര്‍ ജില്ലയിലെ താമസക്കാരെങ്കില്‍ സമീപത്തെ ക്വാറന്റൈന് സൗകര്യത്തിലേക്ക് മാറ്റും. മറ്റു ജില്ലയില്‍ നിന്നുള്ളവരാണെങ്കില്‍ ജില്ലാ അതിര്‍ത്തി വരെ ഇവരെ കൊണ്ടുവിടാന്‍ ആംബുലന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 5000 പേര് എങ്കിലും എത്തുമെന്നാണ് കരുതുന്നത്. 60 കൗണ്ടറുകള്‍ പ്രവര്‍ത്തനം നടത്തുന്നത്.
വയനാട്ടില്‍ മുത്തങ്ങ ചെക്ക്പോസ്റ്റ് വഴിയാണ് അന്യസംസ്ഥാനത്ത് നിന്നും വരുന്നവര്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ചെക്ക്പോസ്റ്റില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയാണ് ഹെല്‍പ്പ് ഡസ്ക്ക് പ്രവര്‍ത്തിക്കുന്നത്. പോലീസ്, എക്സൈസ്, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ ടീമാണ് ഇവിടെ പരിശോധന നടത്തുന്നത്. എത്തുന്നവര്‍ മറ്റുള്ള ജില്ലയിലുള്ളവരാണെങ്കില്‍ ജില്ലാ അതിര്‍ത്തി വരെ വാഹനം ഏര്പ്പൊടാക്കി നല്‍കുമെന്നാണ് വിവരം.





