
ബംഗലുരു: ദിവസങ്ങളോളം അടച്ചിട്ടതിന് പിന്നാലെ ഇളവുകള്‍ നല്‍കിയതോടെ തുറന്ന ആദ്യദിവസം കര്‍ണാടകയില്‍ 10 മണിക്കൂര്‍ കൊണ്ടു വിറ്റുപോയത് 12.4 ലക്ഷം ലിറ്റര്‍ മദ്യം. സംസ്ഥാനത്തെ 1,500 ഔട്ട്ലെറ്റുകളിലും വന്‍ വില്‍പ്പനയാണ് റിപ്പോര്‍ട്ട് ചെയ്ത്. 3.9 ലക്ഷം ലിറ്റര്‍ ബീയറും 8.5 ലക്ഷം ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത മദ്യവും വിറ്റു പോയപ്പോള്‍ ആദ്യദിവസം കിട്ടിയ വരുമാനം 45 കോടി. അഞ്ചുദിവസത്തേക്കുള്ള സ്റ്റോക്കാണ് ഒറ്റദിവസം തീര്‍ന്നത്.
പബ്ബുകളും ക്ളബ്ബുകളും റസ്റ്റോറന്റുകളുമായി പത്ത് ലൈസന്‍സികള്‍ തുറക്കാതെ കിടന്നപ്പോള്‍ വില്‍പ്പന നടത്തിയ രണ്ടു ലൈസന്‍സികളും റെക്കോഡ് ബിസിനസാണ് ചെയ്തത്. ബീയറിനേക്കാള്‍ ആള്ക്കാര് കൂടുതല്‍ തെരഞ്ഞെടുത്തത് നന്നായി തലയ്ക്ക പിടിക്കുന്ന വീര്യം കൂടിയ മദ്യമായിരുന്നു. മദ്യവില്‍പ്പനശാലയ്ക്ക് മുന്നില്‍ തടിച്ചുകൂടരുതെന്ന നിര്‍ദേശം പോലും മദ്യപന്മാര് അവഗണിച്ചു. മദ്യശാല അടയ്ക്കരുത് എന്നാണ് മിക്കവരും ആവശ്യപ്പെട്ടിരിക്കുന്നത്. ദിവസവും 65 കോടിയുടെ മദ്യം എല്ലാ ദിവസവും വില്‍പ്പന നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മദ്യശാലകള്‍ക്ക് മുന്നില്‍ ഇന്നലെ നീണ്ട ക്യൂ ആയിരുന്നു. ഇനിയും മറ്റൊരു ലോക്ഡൗണ്‍ കൂടി ഉണ്ടായാല്‍ കിട്ടാതാകുമെന്ന വിലയിരുത്തലില്‍ പരമാവധി മദ്യം വാങ്ങിക്കൂട്ടാനാണ് ആള്‍ക്കാരുടെ ശ്രമം. ചിലര്‍ മണിക്കൂറുകള്‍ ക്യൂവില്‍ ചെലവഴിച്ച ശേഷം മദ്യം വാങ്ങാതെ പോയി. മൈസൂര്‍ സേല്സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന് നഗരത്തില്‍ ഉടനീളമായി 850 മദ്യശാലകളുണ്ട്. ഗ്രീന്‍സോണ്‍ പട്ടികയില്‍ ആയിട്ടും ബ്രുഹത്ത ബംഗലുരു മഹാനഗരപാലികയിലെ ഒട്ടേറെ കടകള്‍ അടഞ്ഞു കിടന്നപ്പോള്‍ മദ്യശാല രാവിലെ 9 മണിക്ക് തന്നെ തുറന്നു.
9 മണിക്ക് തുറക്കുമെന്ന് ഉറപ്പായതോടെ മിക്ക മദ്യശാലകങ്ങള്ക്ക് മുന്നിലും രാവിലെ 7.30 മുതല്‍ കിലോമീറ്റര്‍ നീളുന്ന ക്യൂവായിരുന്നു. രണ്ടുമാസം നീണ്ട കാത്തിരിപ്പിനൊടുവില്‍ കടുത്ത ചൂടിനെ അവഗണിച്ച് നീണ്ട ക്യൂവില്‍ നിന്നും മദ്യം വാങ്ങി പുറത്ത് എത്തിയവര്‍ ആഹ്ളാദ നൃത്തം ചവിട്ടുകയായിരുന്നു. മദ്യവില്‍പ്പനയുടെ അഞ്ചു മടങ്ങ് വില്‍പ്പനയാണ് ഇന്നലെ കണ്ടത്. അഞ്ച് ദിവസത്തേക്കുള്ള സ്റ്റോക്കാണ് കര്‍ണാടകാ സ്റ്റേറ്റ് ബീവറേജസ് കോര്പ്പറേഷന് ലിമിറ്റഡില്‍ നിന്നും ഓര്‍ഡര്‍ ചെയ്തത്. ഇത് തീര്‍ന്നതോടെ വീണ്ടും ആവശ്യപ്പെട്ടെങ്കിലൂം ചൊവ്വാഴ്ച ഉച്ചയ്ക്ക ശേഷം നല്‍കാമെന്ന മറുപടിയാണ് കിട്ടിയത്.
രാവിലെ ഒമ്പത് മണിക്ക് തുറന്നത് മുതല്‍ അടയ്ക്കുന്ന സമയമായ വൈകിട്ട് 6.30 വരെ ആള്‍ക്കൂട്ടമായിരുന്നു. ക്യൂവില്‍ ആണും പെണ്ണുമെല്ലാം ഉണ്ടായിരുന്നു. ആദ്യം വന്നവര്‍ക്ക് ആദ്യം എന്ന നിലയില്‍ സാമൂഹ്യ അകലം പരിപാലിച്ച് ഒരു സമയം അഞ്ചു പേര്‍ക്ക് മാത്രം സ്റ്റോറിലേക്ക് പ്രവേശിക്കാന്‍ കഴിയുന്ന രീതിയിലാണ് കാര്യം ക്രമീകരിച്ചത്്. ഒരാള്‍ക്ക് ഇത്ര ബോട്ടില്‍ എന്ന് നിജപ്പെടുത്താതിരുന്നതിനാല് പലരും മദ്യം വാങ്ങിക്കൂടി. എന്നാല്‍ ഇത് പിന്നീട് ഒരാള്‍ക്ക് വാങ്ങാവുന്ന പരമാവധി മദ്യം രണ്ടു ബോട്ടിലായി കുറച്ചു.
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ സൈ്വയ്പ്പ് മെഷീന് കേട് വന്നതിനാല്‍ ക്യാഷ് മാത്രമാണ് സ്വീകരിച്ചത്. ഇതോടെ ആള്ക്കാര് സമീപത്തെ എടിഎമ്മില്‍ ചെന്ന് പണമെടുത്തു കൊണ്ടു വന്നും ക്യുവില്‍ നിന്നു. മിക്കയിടത്തും പഴയ സ്റ്റോക്കായിരുന്നു വിറ്റഴിച്ചത്. എന്നാല്‍ ഇടപാടില്‍ നിന്നും കൂടുതല്‍ തുകയാണ് ഈടാക്കിയത്. ഏപ്രില്‍ 1 മുതല്‍ പുതുക്കിയ വില നിലവില്‍ വന്നു എന്നാണ് വില്‍പ്പനക്കാര്‍ കണ്ടെത്തിയ ന്യായീകരണം. ചില ഔട്ട്ലെറ്റുകളില് സ്ത്രീകള്‍ക്കും പ്രത്യേക ക്യൂ ഉണ്ടായിരുന്നു.






