
ദില്ലി: രാജ്യത്തെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ബോയ്സ് ലോക്കര്‍ റൂം എന്ന പേരില്‍ കണ്ടെത്തിയ ഓണ്‍ലൈന്‍ കമ്യൂണിറ്റി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ബോയ്സ് ലോക്കര്‍ റൂം എന്ന ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ നടന്നുവന്ന ഞെട്ടിക്കുന്ന ചര്‍ച്ചകള്‍ പുറത്തു വന്നത്. പെണ്‍കുട്ടികളെ കൂട്ടമാനഭംഗം ചെയ്യുന്നതും കൊച്ചുകുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതുമായിരുന്നു ഇവരുടെ ചര്‍ച്ചകള്‍. ഈ ഗ്രൂപ്പിനെതിരേ ഒരു 21 കാരന് പറഞ്ഞതിങ്ങനെയാണ്.... 'ഇത് സര്‍വ്വസാധാരണമാണ്. ഇത് അറിഞ്ഞതുമുതല്‍ എനിക്ക് നിശബ്ദനായിരിക്കാന്‍ കഴിഞ്ഞില്ല. ഇത് ഒരു ഉദാഹരണം മാത്രമാണ്'' ഹാരിസ് ഖാന് എന്ന യുവാവ് എന്‍ഡിടിവിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
സഹപാഠികളടക്കമുള്ള പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങളും ഗ്രൂപ്പില്‍ പങ്കുവച്ചിരുന്നു. ഗ്രൂപ്പില്‍ നടന്ന ചില ചര്‍ച്ചകളുടെ സ്ക്രീന്‍ഷോട്ട് പകര്‍ത്തിയ ഒരു പെണ്‍കുട്ടി ഈ വിവരങ്ങള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ബോയ്സ് ലോക്കര്‍ റൂം ചാറ്റ് പുറത്തായതോടെ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ ചര്‍ച്ച നടത്തിയ ഗ്രൂപ്പ് അഡ്മിനടക്കം രണ്ട് പേരാണ് പിടിയിലായത്. കൂടുതല്‍ വിദ്യാര്‍ത്ഥികളെ പോലീസ് ചോദ്യം ചെയ്തു. സംഭവത്തില്‍ പോലീസ് ഇന്‍സ്റ്റഗ്രാമിനോട് വിശദീകരണമാവശ്യപ്പെട്ടു. ദില്ലി പോലീസിന്റെ സൈബര്‍ വിഭാഗമാണ് ബോയ്സ് ലോക്കര്‍ റൂം എന്ന ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിന്റെ അഡ്മിനെ അറസ്റ്റ് ചെയ്തത്.
ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിന്റെ സംഘത്തില്‍ തന്നെയുള്ള ഒരു കുട്ടിയാണ് തനിക്ക് പരിചയമുള്ള പെണ്‍കുട്ടിയുടെ ചിത്രം ഇതില്‍ പ്രചരിക്കുന്നുണ്ടെന്ന് അവളെ അറിയിച്ചതും തുടര്‍ന്ന് എന്താണ് സംഭവിക്കുന്നതെന്ന് ഹാരിസിനെ ധരിപ്പിച്ചിതും. 'ചിത്രങ്ങളെക്കുറിച്ച് പെണ്‍കുട്ടികളെ വിവരം അറിയിച്ചു. ആദ്യം അവര്‍ പതറിയെങ്കിലും പിന്നീട് പ്രതികരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതുപോലുള്ള ഗ്രൂപ്പുകളെല്ലാം വളരെ സാധാരണമാണ്. ഒട്ടും പുതിയതല്ല. ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഇത്തരം ഗ്രൂപ്പുകളില്‍ എന്നെയും ചേര്‍ത്തിട്ടുണ്ട്. എങ്ങനെ സ്ത്രീകളെ ബഹുമാനിക്കണമെന്ന് കൗമാരക്കാരായ ആണ്‍കുട്ടികളെ പഠിപ്പിക്കുന്നില്ല എന്നതാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെ കാരണം...'' ഹാരിസ് പറഞ്ഞു.






