
വാഷിംഗ്ടണ്‍ ഡി.സി: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപിന്റെ പഴ്സണല്‍ അസിസ്റ്റന്റിനും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ പ്രസ് സെക്രട്ടറിക്കും കൊവിഡ് 19 സ്ഥിരീകരിച്ചു.
ഇവാന്‍കയുടെ ഓഫീസ് സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചതോടെ വൈറ്റ് ഹൗസില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന ജീവനക്കാരുടെ എണ്ണം മൂന്നായി. രോഗം സ്ഥിരീകരിച്ച പഴ്സണല്‍ സ്റ്റാഫ് ഏതാനും ആഴ്ചകളായി ഇവാന്‍കയുടെ പക്കല്‍ ജോലിക്ക് എത്തിയിരുന്നില്ലെന്നും ടെലിവര്ക്കിംഗ് ആണ് ചെയ്തിരുന്നതെന്നും സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ ജീവനക്കാരിക്ക് കൊവിഡ് ലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. വൈറ്റ് ഹൗസില്‍ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇവാന്‍കയും ഭര്‍ത്താവ് ജെര്‍ഡ് കുഷ്നറും കൊവിഡ് പരിശോധന നടത്തിയിരുന്നു. ഇരുവരുടെയും ഫലം നെഗറ്റീവ് ആണെന്ന് വെള്ളിയാഴ്ച റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
അതേസമയം, വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ പ്രസ് സെക്രട്ടറി കെയ്റ്റി മില്ലെര്‍ക്ക് കൊവിഡ് പോസിറ്റീവ് കണ്ടെത്തിയിരുന്നു. കെയ്റ്റി മില്ലെറുമായി താന്‍ ഇടപഴകിയിട്ടില്ലെന്നും മൈക്ക് പെന്‍സുമായി അവര്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ട്രംപിന്റെ അസിസ്റ്റന്റുമാരില്‍ ഒരാളായ സ്റ്റീഫന്‍ മില്ലെറുടെ ഭാര്യയാണ് കെയ്റ്റി മില്ലെര്‍.
വൈറ്റ് ഹൗസിലെ ട്രംപിന്റെ പരിചാരകരില്‍ ഒരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ വൈറ്റ് ഹൗസ് ജീവനക്കാര്‍ക്ക് ഫെയ്സ് മാസ്ക് നിര്‍ബന്ധമാക്കുകയും കൊവിഡ് പരിശോധനയും ശരീര ഊഷ്മാവ് പരിശോധനയും നടത്തിയിരുന്നു. അതിനിടെ, ട്രംപ് മാസ്ക് ധരിക്കാതെ അരിസോണിയിലെ മാസ്ക് നിര്‍മ്മാണ കേന്ദ്രത്തില്‍ എത്തിയതും മൈക്ക് പെന്‍സ് മാസ്കില്ലാതെ മയോ ക്ലിനിക്കില്‍ എത്തിയതും വിവാദമായിരുന്നു.






