
ഭോപ്പാല്‍: മൂന്ന് വര്‍ഷം മുമ്പ് വീട്ടുകാര്‍ ആചാരപ്രകാരം മൃതദേഹം സംസ്ക്കരിച്ച് ഭസ്മം നദിയില്‍ ഒഴുക്കപ്പെട്ടയാള് തൊഴിലില്ലാതെ തിരിച്ചെത്തിയ അതിഥി തൊഴിലാളികള്‍ക്കൊപ്പം നാട്ടില്‍ മടങ്ങിയെത്തി. മദ്ധ്യപ്രദേശിലെ ചെറിയ ഗ്രാമമായ ബുണ്ടേല്‍ഖണ്ഡില്‍ ഉണ്ടായ സംഭവത്തില്‍ 12 വയസ്സുള്ളപ്പോള്‍ കാണാതായ ആദിവാസിബാലന്‍ ഉദയ് ആണ് മടങ്ങിയെത്തി വീട്ടുകാരെ ഞെട്ടിച്ചത്.
മരിച്ചുപോയതായ വിശ്വസിച്ചിരുന്നയാളെ പെട്ടെന്നൊരുന്നാള്‍ വീടിന്റെ വാതിലിന് മുന്നില്‍ കണ്ടപ്പോള്‍ ഞെട്ടിയത് ഗ്രാമം മുഴുവനുമായിരുന്നു. മദ്ധ്യപ്രദേശിന്റെയും ഉത്തര്‍പ്രദേശിന്റെയും അതിര്‍ത്തിയായ ഛത്തര്‍പൂരിലെ ചെറിയ ഗ്രാമമായ ബില്ഹാരി ഒന്നടങ്കം ഇപ്പോള്‍ ഉദയ് യുടെ തിരിച്ചുവരവില്‍ സന്തോഷിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട്ടുകാര്‍ ഉദയ് യുടേതെന്ന് കരുതി മറ്റൊരാളുടെ അസ്ഥികൂടമാണ് ചിതയില്‍ വെച്ചത്. ഉദയ് യുടെ വസ്ത്രത്തിന്റെ കീറിയ ഒരു കഷ്ണം വെച്ചാണ് വീട്ടുകാര്‍ അന്ന് മൃതദേഹം സ്ഥിരീകരിച്ചത്. എന്നാല്‍ തങ്ങള്‍ മരിച്ചുപോയെന്ന് കരുതിയ ആളെ ദൈവമാണ് തിരിച്ചു കൊണ്ടുവന്നതെന്നാണ് പിതാവ് പറയുന്നത്.
തിങ്കളാഴ്ച രാവിലെ തുടര്‍ച്ചയായുള്ള മുട്ട് കേട്ട് ഉറക്കച്ചടവുള്ള കണ്ണുകളുമായി വാതില്‍ തുറന്ന പിതാവ് ഭഗോല മുന്നില്‍ മരിച്ചുപോയ തന്റെ മകന് നില്‍ക്കുന്നത് കണ്ട് ഞെട്ടിപ്പോകുകയായിരുന്നു. ഗുരുഗ്രാമില്‍ നിന്നും 600 കിലോമീറ്റര്‍ നടന്നാണ് കൗമാരക്കാരന് ഈ സമയം വീട്ടിലെത്തിയത്. ഒടുവില്‍ പോലീസ് തന്നെ സംഭവത്തിന്റെ കുരുക്കഴിച്ചു. മൂന്ന് വര്‍ഷം മുമ്പ് വീട്ടുകാര്‍ ചിതയൊരുക്കിയ അസ്ഥികൂടം മറ്റൊരാളുടേതായിരുന്നു. 12 വയസ്സുള്ളപ്പോഴായിരുന്നു ഉദയ് യെ വീട്ടില്‍ നിന്നും കാണാതായത്. വീട്ടുകാര്‍ പോലീസിനെ സമീപിക്കുകയും അന്വേഷണം നടത്തിയ പോലീസ് ഏതാനും ദിവസത്തിന് ശേഷം കാട്ടില്‍ അഴുകിയ നിലയിലുള്ള ഒരു മൃതദേഹം കണ്ടെത്തുകയും ചെയ്തു. മൃതദേഹത്തിനടുത്ത് നിന്നും കിട്ടിയ കീറിയ നിലയിലുള്ള തുണി പരിശോധിച്ച് കുടുംബം അത് ഉദയ് ആണെന്ന് സ്ഥിരീകരിച്ചതോടെ മൃതദേഹം പോലീസ് വിട്ടു കൊടുക്കുകയും ചിതയില്‍ വെയ്ക്കുകയും ആയിരുന്നു.
ശരീരം അഴുകി തിരിച്ചറിയാന്‍ കഴിയാത്തവിധം ഏറെക്കുറെ അസ്ഥികൂടം മാത്രമായ സ്ഥിതിയിലായിരുന്നതിനാല്‍ കൃത്യമായി തിരിച്ചറിയാനുമായില്ല. മൃതദേഹത്തിന് അടുത്തു കിടന്ന തുണിയാകട്ടെ ഉദയ് കാണാതായപ്പോള്‍ ധരിച്ചിരുന്നതിന് സമാനവും ആയിരുന്നു. വീട്ടുകാരുമായി ഉണ്ടാക്കിയ ഒരു വഴക്കിനെ തുടര്‍ന്ന് താന്‍ പേടിച്ചോടുക ആയിരുന്നു എന്നാണ് ഉദയ് പോലീസിനോട് പറഞ്ഞത്. ഓട്ടം ചെന്നു നിന്നത് ഡല്‍ഹിയിലും. പിന്നീട് ഗുരുഗ്രാമില്‍ ചെറിയ ജോലികളൊക്കെ ചെയ്തു ജീവിക്കുകയായിരുന്നു. ഇതിനിടയിലാണ് മഹാമാരി വന്നത്. മൂന്ന് വര്‍ഷത്തിന് ശേഷം മെട്രോയില്‍ കണ്ടുമുട്ടിയ ഒരു സംഘമാണ് വീട്ടിലേക്ക് തിരിച്ചെത്തിച്ചത്.
ജോലി പോയതോടെയാണ് വീട്ടിലേക്ക് മടങ്ങാന്‍ ഉദയ് തീരുമാനിച്ചത്. കുടുംബത്തെ വല്ലാതെ മിസ്സ് ചെയ്യുന്നതായി തോന്നിയ ഇയാള്‍ മറ്റ് അതിഥി തൊഴിലാളികള്‍ക്കൊപ്പം നാട്ടിലേക്ക് എത്തുകയായിരുന്നു. അതേസമയം ഉദയ് തിരിച്ചു വന്നതോടെ വീട്ടുകാര്‍ അന്തിമോപചാരം അര്‍പ്പിച്ച ശരീരം ആരുടേതാണെന്ന ചോദ്യം ഉയരുകയാണ്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. അതേസമയം മരിച്ചുപോയെന്ന് കരുതിയ ഉദയ് യുടെ തിരിച്ചുവരവ് ഗ്രാമം ഒന്നടങ്കം ആഘോഷിക്കുകയാണ്.






