
തുര്‍ക്കി: കോവിഡ് ബാധിച്ചു മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ച തന്റെ മകന് രോഗം മൂലമല്ല മരിച്ചതെന്ന് തുര്‍ക്കി ഫുട്ബോള്‍ താരം സെവ്ഹര്‍ ടോക്ടാഷ്. സ്വന്തം മകനെ താന്‍ കൊന്നതാണെന്നാണ് താരം വെളിപ്പെടുത്തിിരിക്കുന്നത്. രോഗം ബാധിച്ച് ആശുപത്രിയില്‍ ഐസലേഷനില്‍ കഴിയുകയായിരുന്നു ടോക്ടാഷിന്റെ മകന് കാസിം. ഒരാഴ്ച മുന്‍പാണ് കുട്ടി മരിച്ചത്. കാസിം മരിച്ച് 11-ാം ദിവസമാണ് മരണ കാരണം കോവിഡല്ലെന്നും താനാണ് അവനെ കൊലപ്പെടുത്തിയതെന്നും ടോക്ടാഷ് ഏറ്റുപറഞ്ഞത്. ടോക്ടാഷും മകനൊപ്പം ഐസലേഷനിലായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ തുര്‍ക്കി പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് ടോക്ടാഷ് കൊലപാതക കുറ്റം ഏറ്റത്. മകന് ശ്വാസം കിട്ടുന്നില്ലെന്ന് പറഞ്ഞ് ടോക്ടാഷ് ഡോക്ടര്‍മാരെ റൂമിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ശ്വാസ തടസ്സം ഉള്‍പ്പെടെ കൊറോണ വൈറസ് ലക്ഷണങ്ങള്‍ പ്രകടമായിരുന്നതിനാല്‍ കോവിഡ് മരണമാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയും ചെയ്തു. പിന്നീട്, താരത്തിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കാസിമിന്റെ മൃതദേഹം ഖബറില്‍നിന്നെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് അയയ്ക്കുമെന്ന് പോലീസ് അറിയിച്ചു.
'കട്ടിലില്‍ പുറം തിരിഞ്ഞ് കിടക്കുകയായിരുന്ന അവനെ ഞാന്‍ തലയിണയുപയോഗിച്ച് ശ്വാസം മുട്ടിക്കുകയായിരുന്നു. 15 മിനിറ്റോളം ഞാന്‍ തലയിണ അതേപടി പിടിച്ചു. ആ സമയം അവന് ശ്വാസത്തിനുവേണ്ടി പിടയുന്നുണ്ടായിരുന്നു. അവന്റെ ചലനം നിലച്ചെന്ന് ഉറപ്പാക്കിയശേഷമാണ് ഞാന്‍ തലയിണ മാറ്റിയത്. അതിനുശേഷം എന്നെ സംശയിക്കാതിരിക്കാന്‍ കാസിമിന് ശ്വാസതടസ്സം നേരിട്ടുവെന്ന് പറഞ്ഞ് ഡോക്ടര്‍മാരെ വിളിച്ചുവരുത്തുകയായിരുന്നു. എന്റെ ഇളയ മകനെ ഈ കാലത്തിനിടെ ഒരിക്കല്‍പ്പോലും സ്നേഹിക്കാന്‍ എനിക്കായിട്ടില്ല. അവനെ സ്നേഹിക്കാന്‍ സാധിക്കാത്തതിന്റെ കാരണം എനിക്കറിയില്ല. അവനെ കൊലപ്പെടുത്താനുള്ള ഏക കാരണം എനിക്ക് അവനെ ഇഷ്ടമല്ല എന്നതു മാത്രമാണ്. അല്ലാതെ എനിക്ക് മാനസികമായ യാതൊരു പ്രശ്നവുമില്ല. ' താരം വെളിപ്പെടുത്തി. പിന്നീട് കുറ്റബോധം വേട്ടയാടിയെന്നും സഹിക്കാതെ വന്നപ്പോളാണ് എല്ലാ സത്യങ്ങളും ഏറ്റുപറയുന്നതെന്നും ടോക്ടാഷിന്റെ മൊഴിയിലുണ്ട്. തുര്‍ക്കിയിലെ ടോപ് ഡിവിഷന് ഫുട്ബോള്‍ ലീഗായ ടര്‍ക്കിഷ് സൂപ്പര്‍ ലീഗില്‍ ഹാസെറ്റെപ് എസ്കെയ്ക്കു വേണ്ടി കളിച്ചിട്ടുള്ള താരമാണ് മുപ്പത്തിമൂന്നുകാരനായ ടോക്ടാഷ്.






