
ന്യൂഡൽഹി : 2007 ട്വന്റി20 ലോകകപ്പ് ഫൈനലിൽ പാക്കിസ്ഥാനെതിരെ മലയാളി ക്രിക്ക് താരം ശ്രീശാന്ത് നേടിയ അവിസ്മരണീയമായ ക്യാച്ചിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് റോബിൻ ഉത്തപ്പ. മത്സരത്തിന്റെ അവസാന ഓവറിൽ മിസ്ബ ഉൾ ഹഖിന്റെ ഷോട്ട് ശ്രീശാന്തിന് പിടിച്ചെടുക്കാൻ സാധിക്കുന്നതിന് ദൈവത്തോട് പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു താനെന്ന് റോബിൻ ഉത്തപ്പ വെളിപ്പെടുത്തി. മിസ്ബയുടെ സ്കൂപ്പ് ഷോട്ട് ഷോർട് ഫൈൻ ലെഗിൽ ഫീൽഡ് ചെയ്ത ശ്രീശാന്ത് പിടിച്ചെടുത്തതോടെയാണ് ട്വന്റി20 ലോകകിരീടം ഇന്ത്യയ്ക്കു സ്വന്തമാകുന്നത്.
ബിബിയുടെ പോഡ്കാസ്റ്റിലായിരുന്നു ഉത്തപ്പ ഓർമകൾ പങ്കുവെച്ചത്. 'ആ ഓവർ തുടങ്ങുമ്പോൾ ഞാൻ ലോങ് ഓണിലായിരുന്നു. ആദ്യ പന്ത് ജോഗി വൈഡ് എറിയുന്നതു കണ്ടു. ഇത് എന്താണ് കാണിക്കുന്നത് എന്ന അവസ്ഥയിലായിരുന്നു ഞാൻ. പ്രാർഥിക്കുക മാത്രമേ വഴിയുണ്ടായിരുന്നുള്ളു. 15-ാം ഓവർ മുതൽ ഞങ്ങളെ വിജയിപ്പിക്കൂ എന്നായിരുന്നു എന്റെ പ്രാർത്ഥന.
അവസാന ഓവറിലെ വൈഡ് കണ്ടതോടെ അടുത്ത പന്ത് സിക്സ് ആകരുതെന്ന് ഞാൻ ആഗ്രഹിച്ചു. പക്ഷേ അത് സിക്സിലെത്തി. എന്നിരുന്നാലും പ്രതീക്ഷ കൈവിട്ടില്ല. പിന്നീട് മിസ്ബാഹിന്റെ സ്കൂപ് ഷോട്ട് വായുവിലേക്ക് ഉയരുന്നതാണ് ഞാൻ കണ്ടത്. അതു കൂടുതൽ ദൂരം പോകില്ലെന്ന് ഞാനുറപ്പിച്ചു. ഷോർട് ഫൈൻ ലെഗിൽ ആരാണ് ഫീൽഡർ എന്ന് അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. അത് ശ്രീശാന്ത് ആയിരുന്നു. അദ്ദേഹം എപ്പോഴും ക്യാച്ച് വിടുമെന്നാണ് ടീമിനുള്ളിലെ സംസാരം. അതും അനായാസം പിടിക്കാവുന്ന പന്തുകൾ. അത് ഞാൻ പലപ്പോഴും കണ്ടിട്ടുമുണ്ട്.
ശ്രീശാന്ത് ക്യാച്ചെടുക്കാൻ തയ്യാറാകുന്നത് കണ്ടതോടെ ഞാൻ വിക്കറ്റിന് നേരെ ഓടി. ആ പന്തെങ്കിലും അദ്ദേഹം പിടിക്കണമെന്ന് പ്രാർത്ഥിച്ചായിരുന്നു ഈ ഓട്ടം. ഇതിനിടയിൽ പന്ത് കൈയിലെത്തിയിട്ടും ശ്രീശാന്ത് മുകളിലേക്ക് തന്നെ നോക്കിനിൽക്കുകയാണ്. ആ ക്യാച്ച് ശ്രദ്ധിച്ചാൽ അത് മനസ്സിലാകും. (ചിരിക്കുന്നു). ആ ക്യാച്ചിന്റെ എല്ലാ പേടിയും സമ്മർദ്ദവും ശ്രീശാന്തിന്റെ മുഖത്ത് കാണാനാകും. ഏതായാലും ആ ലോകകപ്പ് ഇന്ത്യക്ക് വിധിച്ചതായിരുന്നു.'' ഉത്തപ്പ പറയുന്നു.






