
ഉത്തരാഖണ്ഡിലെ പ്രസിദ്ധമായ ജിംകോര്‍ബറ്റ് വന്യജീവി സങ്കേതം. അവിടെ ഒരിടത്ത് വിദേശ ഫോട്ടോഗ്രാഫര്മാരുടേതടക്കം വാഹനങ്ങളുടെ നീണ്ടനിര കിടക്കുന്നു. ഒരു കടുവയുടെ വരവ് ക്യാമറയില്‍ പകര്‍ത്താനുള്ള തിരക്കാണ്. അപ്പോള്‍ അവിടെ എത്തിയ മലയാളിയായ ഒരു വൈല്‍ഡ്ലൈഫ് ഫോട്ടോഗ്രാഫര്‍ തങ്ങളുടെ വാഹനവും അവിടെ നിര്‍ത്താന്‍ ഡ്രൈവര്‍ കം ഗൈഡിനോട് പറഞ്ഞു. പക്ഷെ, വാഹനം ഒരല്പം അകലെ കൊണ്ടിട്ടിട്ട് അയാള്‍ പറഞ്ഞു.
നമുക്കിവിടെ നില്ക്കാം. കടുവ ഈ വഴിയാണ് വരാന്‍ സാധ്യതത. ഇത്രയധികം ആളുകള്‍ കടുവയെ കാണാന്‍ മറ്റൊരിടത്ത് നില്ക്കുമ്പോള് ഇയാളിത് എന്തു ഭാവിച്ചാണ് എന്ന് തോന്നിയെങ്കിലും ഫോട്ടോഗ്രാഫര്‍ മിണ്ടിയില്ല. അല്പനേരത്തെ കാത്തിരിപ്പിനൊടുവില്‍ കടുവ വന്നു. കൃത്യമായും ഗൈഡ് സൂചിപ്പിച്ച അതേ വഴിയിലൂടെ തന്നെ. പതുക്കെ നടന്നു വന്ന് വാഹനത്തിന്റെ മുന്‍വശത്ത് മൂക്കുകൊ ണ്ട് ഒന്നുരസിയിട്ട് അവന് അലസമായി നടന്നു പോയി. അവര്‍ക്ക് കടുവയുടെ മുന്‍ഭാഗം തന്നെ ക്യാമറയില്‍ അനേകം ചിത്രങ്ങളായി പകര്‍ത്താന്‍ കഴിഞ്ഞപ്പോ ള്‍, മണിക്കൂറുകളായി കാത്തിരുന്നവര്‍ക്ക് കഷ്ടിച്ച് അതിന്റെ പിന്‍ഭാഗം മാത്രമേ കാണാനും ഫോട്ടോ എടുക്കാനും പറ്റിയുള്ളൂ. ഇതു പറഞ്ഞ് അസീസ് മാഹി എന്ന വൈല്‍ഡ്ലൈഫ് ഫോട്ടോഗ്രാഫര്‍ ചിരിച്ചു.
ആ അനുഭവം താങ്കള്‍ക്കൊരു പാഠമായി എന്നു കരുതാമോ?
തീര്‍ച്ചയായും. കാടിന് ഒരു മനസും ഭാഷയും നിയമവും അച്ചടക്കവുമുണ്ട്. അത് കൃത്യമായി മനസിലാക്കിയവരാണ് ഗൈഡുകളും വനപാലകരും. അതുകൊണ്ടുതന്നെ അവരുടെ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളുമെല്ലാം നാം അണുവിട തെറ്റാതെ കാട്ടില്‍ പാലിക്കേതുണ്ട്. അല്ലെങ്കില്‍ ഉദ്ദേശിച്ച രീതിയില്‍ ഫോട്ടോകള്‍ എടുക്കാന്‍ കഴിഞ്ഞില്ലെന്നു വരും. ചിലപ്പോള്‍ ജീവന് ത ന്നെ അപകടത്തിലാകാനും മതി. പലപ്പോഴും വൈല്‍ഡ്ലൈഫ് ഫോട്ടോഗ്രഫ്രി എന്നു പറയുന്നത് തന്നെ ജീവന് പണയം വച്ചുള്ള കളിയാണ്.
വനയാത്രകളില്നിന്നും ഉള്‍ക്കൊണ്ട മറ്റു പാഠങ്ങള്‍ എന്തൊക്കെയാണ്?
കാടുകയറുമ്പോള്‍ നാം കാടിന്റെ ഭാഗമാകണം. കാട് നമ്മുടേതല്ല, വന്യമൃഗങ്ങളുടേതാണ്. കാടിന്റെ ആവാസവ്യവസ്ഥയ്ക്ക് ഭംഗം വരുത്തുന്നതൊന്നും വനയാത്രികര്‍ ചെയ്യരുത്. മദ്യപിച്ചും പുക വലിച്ചും രൂക്ഷ ഗന്ധമുള്ള പെര്‍ഫ്യൂമുകള്‍ ഉപയോഗിച്ചും കാടുകയറരുത്. പ്രകോപിപ്പിച്ചില്ലെങ്കില്‍ കാട്ടിലെ ഒരു മൃഗവും അക്രമത്തിന് മുതിരില്ല. പറമ്പിക്കുളത്ത് ആദിവാസി ഗൈഡിനൊപ്പം ട്രക്കിംഗിന് പോയപ്പോള്‍ കേവലം 10 അടി ദൂരെയാണ് കടുവയെ കണ്ടത്. അവന് ഒരു അക്രമത്തിനും മുതിര്‍ന്നില്ല. പാറപ്പുറത്ത് രാജാവിന്റെ പ്രൗഡിയോടെ ഫോട്ടോകള്‍ എടുക്കാന്‍ ഒരു നിമിഷം പോസു ചെയ്ത്, പിന്നെയവന് പതുക്കെ നടന്ന് കാടു കയറി പോയി. കാട്ടില്‍ അതിക്രമിച്ചു കയറി മൃഗങ്ങളെ ശത്രുക്കളായി കണ്ട് കൊല്ലുന്നത് മനുഷ്യരാണ്. മൃഗങ്ങള്‍ കാടിന്റെ ക്രമം പാലിക്കുന്നവരാണ്.
ഒരു വൈല്‍ഡ്ലൈഫ് ഫോട്ടോഗ്രാഫര്‍ ആകുക എന്നത് ചെറുപ്പകാലത്തേയുള്ള ആഗ്രഹമായിരുന്നോ?
ഹൈസ്കൂളില്‍ പഠിക്കുമ്പോഴാണ് വിദേശത്ത് നിന്നു വന്ന ഒരു ബന്ധുവില്‍ നിന്നും യാഷികയുടെ ഇലക്ട്രോ 35 ക്യാമറ കിട്ടുന്നത്. അതിലാണ് ഫോട്ടോ എടുത്തു തുടങ്ങിയത്. അന്നത് വെറും കൗമാര കൗതുകം മാത്രമായിരുന്നു. പിന്നീട് കോളജ് പഠനകാലത്താണ് ഫോട്ടോഗ്രഫി ഒരു കലയും കമ്പവുമായി വളരുന്നത്. തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ നിന്നും ബിരുദാനന്തര ബിരുദം കഴിഞ്ഞിറങ്ങുമ്പോഴും അങ്ങനെ ചിന്തിച്ചിരുന്നില്ല. 1989ല്‍, വിദ്യാഭ്യാസവകുപ്പില്‍ ജോലികിട്ടി കല്‍പ്പറ്റയില്‍ എത്തിയതോടെയാണ് കാടിനെ ക്യാമറക്കണ്ണിലൂടെ കാണാന്‍ തുടങ്ങിയത്. വനമുള്ള വയനാട്ടിലേക്കുള്ള വരവാണ് എന്നെ ഒരു വന്യജീവി ഫോട്ടോഗ്രാഫര്‍ ആക്കി മാറ്റിയത് എന്നു പറയാം.
കാട് എത്ര കണ്ടാലും മതിവരാത്ത കൗതുകങ്ങളുടെ കലവറയാണ് എന്ന് തിരിച്ചറിയുകയായിരുന്നോ?
അതെ. രാവിലെ ഓഫീസ് സമയം തുടങ്ങുന്നതിന് മുമ്പ് സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ കാടു കാണാനിറങ്ങും. കാട്ടിനകത്ത് കയറാതെ റോഡിലൂടെ മാത്രമായിരുന്നു ആദ്യയാത്രകള്‍. അപ്പോ ള്‍ കാണുന്ന കാടിന്റെ കാഴ്ചകളും പക്ഷിമൃഗാദികളും ഒക്കെ ക്യാമറയില്‍ പകര്‍ത്തി. കാടുകയറുന്നത് പിന്നെയും കുറേ കഴിഞ്ഞാണ്. 2010ല്‍ ജോലിയില്‍ നിന്ന് വിരമിച്ചതോടെ മുഴുവന്‍ സമയവും ഈ രംഗത്ത് സജീവമായി.
മുപ്പതിലേറെ വര്‍ഷങ്ങളായി വനയാത്രകളുടെ സഹയാത്രികനാണ്. സഞ്ചരിച്ച വന്യജീവി സങ്കേതങ്ങള്‍ ഏതൊക്കെയാണ്?
കേരളത്തില്‍ മുത്തങ്ങ, തേക്കടി, ചിന്നാര്‍, ഗവി, ചിമ്മിണി, തോല്‍പ്പെട്ടി, നെല്ലിയാമ്പതി, സൈലന്റ്വാലി, പറമ്പിക്കുളം, ഇരവികുളം. തമിഴ്നാട്ടില്‍ ആനമല, മുതുമല തുടങ്ങിയ വന്യജീവിസങ്കേതങ്ങള്‍. കര്‍ണാടകയില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള, കബനി എന്നിവിടങ്ങളിലൊക്കെ പോയി. ഇവയില്‍ പലസ്ഥലവും ഒന്നിലധികം തവണ യാത്ര ചെയ്തവയാണ്. മഹാരാഷ്ട്രയിലെ ത ഡോബഅന്ധാരി, മഹാരാഷ്ട്രയിലും മധ്യപ്രദേശിലും വ്യാപിച്ചു കിടക്കുന്ന പെഞ്ച്, പശ്ചിമബംഗാളിലെ സുന്ദര്‍ബന്‍, ഉത്തരാഖണ്ഡിലെ ജിംകോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക്, യുഎയിലെ പക്ഷി സങ്കേതങ്ങള്‍ എന്നിവിടങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ യാത്രപോയത് കെനിയയിലെ പ്രസിദ്ധമായ മസായ്മാര കാടുകളിലാണ്.
കാട്ടില്‍ ഏറ്റവും ഇഷ്ടപ്പെട്ട കാഴ്ച ?
അനുനിമിഷം മാറുന്നതാണ് കാടിന്റെ ദൃശ്യങ്ങളും സൗന്ദര്യവും. ഇന്ന് കാണുന്ന കാടല്ല നാളെ നമുക്കു മുമ്പില്‍ തെളിയുക. എന്നാല്‍ കാട്, കാടാവാന്‍ കടുവ വേണം. കാട്ടിലെ ഏറ്റവും ഹൃദ്യമായ കാഴ്ചയും കടുവ തന്നെ. കടുവ ദര്‍ശനം പുണ്യമാണ് എന്ന് ഞാന്‍ പറയും. കാരണമെന്താണെന്നോ? ലോകത്തിലെ 700 കോടിയിലധികം വരുന്ന ജനങ്ങള്‍ക്കെല്ലാം കൂടി കാണാന്‍ കാടുകളില്‍ ഇന്ന് ആകെ ബാക്കിയുള്ളത് 4000 ല്‍ താഴെ കടുവകള്‍ മാത്രമാണ്. അവയില്‍ ഒരാളാണ് മുന്നില്‍ നില്‍ക്കുന്നത് എന്നറിയുമ്പോള്‍ തീര്‍ച്ചയായും നമ്മുടെ തലച്ചോറിലെ ന്യൂറോണുകള്‍ എഴുന്നേറ്റ് നൃത്തം വയ്ക്കും. ആ കാഴ്ച നമ്മുടെ ആയുസ് വര്‍ദ്ധിപ്പിക്കും. ബന്ദിപ്പൂര്‍ വനത്തിലെ പ്രിന്‍സ് എന്ന കടുവയെയാണ് ഞാന്‍ ആദ്യം ക്യാമറയില്‍ പകര്‍ത്തിയത്.
കാട്ടില്‍ അത്ഭുതപ്പെടുത്തിയ ചില കാഴ്ചകളെ കുറിച്ച് പറയാമോ?
പരിഷ്കാരത്തിന്റെ പകിട്ടില്‍ നാട്ടിലെ മനുഷ്യരില്‍ അന്യമാകുന്ന സ്നേഹവാത്സല്യ പ്രകടനങ്ങള്‍ അതിന്റെ എല്ലാ തീവ്രതയോടെയും കാട്ടിലെ മൃഗങ്ങളിലും പക്ഷികളിലും കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ആനക്കൂട്ടത്തിലെ പിടിയാന കുട്ടികളെ തുമ്പിക്കൈയില്‍ വാരിയെടുത്ത് ലാളിക്കുന്നത്, കാലുകള്‍ക്കിടയില്‍ ചേര്‍ത്ത് നിര്‍ത്തി ഒപ്പം നടത്തുന്നത്, കുരങ്ങ് അതിന്റെ കുട്ടികളേയും അമ്മയേയും സ്നേഹാധിക്യത്താല്‍ അണച്ചുപിടിക്കുന്നത്, കടുവക്കു ട്ടികളും സിംഹക്കുട്ടികളും അവയുടെ അമ്മമാര്‍ക്കൊപ്പം കെട്ടിമറിഞ്ഞ് കളിക്കുന്നത് ഒക്കെ നമ്മെ കോരിത്തരിപ്പിക്കുന്ന കാഴ്ചകളാണ്.
നിരാശപ്പെടുത്തിയ കാടനുഭവങ്ങളുണ്ടായിട്ടുണ്ടോ?
പേരുകേട്ട ബംഗാള്‍ കടുവകളുള്ള സുന്ദര്ബന്സില് ഒരുപാട് കാലം തയാറെടുത്ത് വലിയ യാത്രകളൊക്കെ ചെയ്ത് ഏറെ പ്രതീക്ഷയോടെയാണ് പോയത്. അവിടെ ചതുപ്പിലെ കല്ക്കാടുകളിലേക്ക് ഇറങ്ങി വ ന്ന് മീന്‍ പിടിച്ചു കഴിയുന്ന കടുവകളുടെ ദൃശ്യം പതിവാണ്. അവയെ കാണാന്‍ ഹുഗ്ലീ നദിയിലൂടെ ഒരു ജംഗാറില്‍(ഉറങ്ങാനും ഭക്ഷണം പാകം ചെയ്യാനും മറ്റും സൗകര്യമുള്ള വലിയ ബോട്ട്) രണ്ട് പകലും ഒരു രാത്രിയും സഞ്ചരിച്ചിട്ടും ഒരു കടുവയെ പോലും കാണാന്‍ കഴിഞ്ഞില്ല. സങ്കടകരമായിരുന്നു ആ അനുഭവം. നിരാശയോടെയാണ് അവിടെ നിന്നും മടങ്ങിയത്.
വനയാത്രകളെ കുറിച്ച് എഴുതുന്നത് വനവും, വന്യജീവികളും സംരക്ഷിക്കപ്പെടണം എന്ന ലക്ഷ്യത്തോടെയാണോ?
തീര്‍ച്ചയായും അതെ. 2016വരെ കാടനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ഫോട്ടോകള്‍ ഞാന്‍ ആരുമറിയാതെ സ്വകാര്യമായി സൂക്ഷിക്കുകയായിരുന്നു. ഒരിക്കല്‍ യാദൃച്ഛികമായി അത് കണാനിടയായ സജിത് നാരായണന് എന്ന സുഹൃത്താണ് അവ പുറംലോകത്തിന് പരിചയപ്പെടുത്താനുള്ള ആവേശം നല്‍കിയത്. അതോടെ പത്രമാസികകളില്‍ കാടിനെ പരിചയപ്പെടുത്തുന്ന ഫോട്ടോ ഫീച്ചറുകളും പംക്തികളും എഴുതാന്‍ തുടങ്ങി. ഇന്ന്, കാടിനെ കുറിച്ച് നാട്ടിലുള്ളവര്‍ക്ക് കൃത്യമായ അറിവു നല്കുന്ന വിവിധ സാമൂഹ്യ ബോധവല്‍ക്കരണ പരിപാടികളില്‍ ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.
ഇന്ത്യന്‍ പരസ്യരംഗത്തെ ഓസ്കര് എന്നറിയപ്പെടുന്ന ആബിസ് പുരസ്കാരമുള്‍പ്പടെ ധാരാളം അംഗീകാരങ്ങള്‍ തേടിയെത്തിയിട്ടുണ്ടല്ലോ?
അംഗീകാരങ്ങള്‍ക്കൊന്നും വേണ്ടിയല്ല സത്യത്തില്‍ ഞാന്‍ വനയാത്രകള്‍ ചെയ്യുന്നത്. അവാര്‍ഡുകള്‍ക്കായി ഇതുവരെ ഫോട്ടോകള്‍ ഒന്നും സമര്‍പ്പിച്ചിട്ടില്ല. കാരണം എന്നെക്കാള്‍ മികച്ചവരും മിടുക്കരുമായ ഒട്ടനവധി ഫോട്ടോഗ്രാഫര്‍മാര്‍ ഈ രംഗത്തുള്ളപ്പോള്‍ അത് ചെയ്യുന്നതിന്റെ അനൗചിത്യം എനിക്ക് നല്ലതു പോലെ അറിയാം എന്നതു തന്നെ.
വനയാത്രകളുമായി ബന്ധപ്പെട്ട് എന്തൊക്കെയാണ് പുതിയ പദ്ധതികള്‍?
എന്റെ മികച്ച 101 വനചിത്രങ്ങളുമായി ഒരു പ്രദര്‍ശനം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍. ബംഗാളിലെ സുന്ദര്‍ബന്‍സിലേക്കുള്ള ഒരു യാത്രയും മനസിലുണ്ട്. മഹാരാഷ്ട്രയിലെ തഡോബഅന്ധാരിയിലേക്ക് യാത്ര ചെയ്യുന്നുണ്ട്. ടാന്‍സാനിയയിലെ സരിംഗേറ്റി കാടുകളിലേക്കുള്ള ഒരു യാത്രയും ആലോചനയിലാണ്. സത്യത്തില്‍ അത് കുറേ കാലമായുള്ള ഒരു ആഗ്രഹവും കൂടിയാണ്.
കുടുംബത്തിന്റെ പിന്തുണ?
എന്നെ ഏറ്റവുമധികം പ്രോത്സാഹിപ്പിക്കുന്നത് അവരാണ്. ഭാര്യ ജാനകിയും വില്യാപ്പള്ളി എം.ജെ.ഹയര്‍സെക്കന്ററി സ്കൂള്‍ അധ്യാപികയുമായ മകള്‍ ഷെറിനും ദുബായില്‍ ഡോക്ടറും ഫോട്ടോഗ്രാഫറുമായ മകന് ഷബിനും എല്ലാവിധ പിന്തുണയുമായി എപ്പോഴും കൂടെയുണ്ട്.
മിനീഷ് മുഴപ്പിലങ്ങാട്