
കൊല്ലംഃ അഞ്ചലിലെ ഉത്ര വധക്കേസില്‍ ശാസ്ത്രീയതെളിവുകള്‍ തേടി അന്വേഷണസംഘം. കേസില്‍ ദൃക്സാക്ഷികളില്ലാത്തതിനാല്‍ പഴുതടച്ച തെളിവുകളാണ് ആവശ്യം. മയക്കുമരുന്നോ മറ്റോ നല്‍കിയതുകൊണ്ടാണോ പാമ്പുകടിയേറ്റിട്ടും ഉത്ര പ്രതികരിക്കാതിരുന്നതെന്നും അന്വേഷിക്കും. ഉത്രയുടെആന്തരാവയവങ്ങളുടെ രാസപരിശോധനാഫലം ലഭിച്ചാലേ പോലീസ് അന്വേഷണം മുന്നോട്ടുനീങ്ങൂ.
5 വയസ്സുള്ള മൂര്‍ഖനെ ഉപയോഗിച്ചാണ് സൂരജ് ലക്ഷ്യം കണ്ടതെന്നാണ് വിവരം. സൂരജും സുരേഷും പാമ്പിനെ കൈമാറിയത് ഏനാത്ത് പഴയ ചന്തമുക്ക് ജംഗ്ഷനിലുള്ള പെട്ടിക്കടയ്ക്ക് സമീപത്ത് വെച്ചായിരുന്നു. ഏപ്രില്‍ 24 ന് ഉച്ചയ്ക്ക് ഒരുമണിക്ക് ബൈക്കില്‍ എത്തിയ സൂരജിന് സ്കൂട്ടറില്‍ എത്തിയ സുരേഷ് പാമ്പിനെ കൈമാറി. ലോക്ക്ഡൗണില്‍ കടയടച്ചിരുന്നതിനാല് ഇവിടുത്തെ നിരീക്ഷണ ക്യാമറ പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്യപ്പെട്ടില്ല.
മൂര്‍ഖന്‍പാമ്പിനെ ശരീരത്തിലേക്ക് ഇടുന്നതിന് മുമ്പ് ഉത്രയെ ഉറക്കഗുളിക ചേര്‍ത്ത ജ്യൂസും പായസവും കഴിപ്പിച്ചതായും സൂരജ് സമ്മതിച്ചിട്ടുണ്ട്. മരുന്ന് വാങ്ങിയ അടൂരിലെ കടയിലെത്തി ഇന്നലെ പോലീസ് തെളിവുകള്‍ ശേഖരിച്ചു. അതേസമയം മകള്‍ ഭര്‍ത്തൃവീട്ടില്‍ ശാരീരികവും മാനസീകവുമായി അനേകം പീഡനങ്ങള്‍ നേരിട്ടെങ്കിലും വിവാഹബന്ധം വേര്‍പെടുത്തുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നില്ലെന്നാണ് ഉത്രയുടെ പിതാവ് പറയുന്നത്. എന്നാല്‍ വിവാഹമോചനം ഭയന്നാണ് സൂരജ് കൃത്യം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് ഭാഷ്യം.
2018 മാര്‍ച്ച് 26-നായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ ജനുവരിയില്‍ ദമ്പതികള്‍ തമ്മില്‍ അടൂരിലെ വീട്ടില്‍ വഴക്കുണ്ടായി. വിവരമറിഞ്ഞ് ഉത്രയുടെ പിതാവ് വിജയസേനനും സഹോദരപുത്രന് ശ്യാമും അടൂരിലെത്തി. ഉത്രയെ വീട്ടിലേക്കു കൊണ്ടുപോവുകയാണെന്നും വിവാഹമോചനം വേണമെന്നും പിതാവ് ആവശ്യപ്പെട്ടു. എന്നാല്‍, സ്ത്രീധനമായി ലഭിച്ച 96 പവന്, അഞ്ചുലക്ഷം രൂപ, കാര്‍ എന്നിവയും 3.25 ലക്ഷം രൂപയുടെ പിക്കപ് ഓട്ടോയും മടക്കിനല്‍കേണ്ടിവരുമെന്നു ഭയപ്പെട്ടു കൊലപാതകം ആസൂത്രണം ചെയ്തെന്നാണു പോലീസ് ഭാഷ്യം.
അതേസമയം താന്‍ നിരപരാധിയാണെന്ന് സൂരജ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വീണ്ടും ഉണ്ടായി. പാമ്പിനെ കൊണ്ടുചെന്നുവെന്ന് പറഞ്ഞ് പോലീസ് കണ്ടെടുത്ത കുപ്പി അവര്‍ തന്നെ കൊണ്ടിട്ടതാണെന്നും സൂരജ് ആരോപിച്ചു. അതില്‍ തന്റെ കൈവരില് അടയാളം ബലമായി പതിപ്പിക്കുകയും ചെയ്തതായിട്ടാണ് സൂരജിന്റെ ആരോപണം.






