
ദീര്‍ഘനാളുകള്‍ക്ക് ശേഷം ഇന്ത്യ 2006 ല്‍ നടത്തിയ പാക് പര്യടനത്തിലെ മത്സരത്തില്‍ പുറത്താകാടെ ദ്രാവിഡും സെവാഗും അടിച്ചു തകര്‍ത്തപ്പോള്‍ തമാശകള്‍ പറഞ്ഞാണ് ബൗളര്‍മാരുടെ വേദന അകറ്റിയതെന്ന് മുന്‍ പാക് നായകന് ഷഹീദ് അഫ്രീദി. ലാഹോറില്‍ നടന്ന മത്സരത്തില്‍ താന്‍ അടിച്ച സെഞ്ച്വറി എക്കാലവും നിറഞ്ഞു നില്ക്കുന്ന ഓര്‍മ്മയാണെന്നും പറഞ്ഞു. കാര്‍ഗില്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ നയതന്ത്ര പ്രശ്നങ്ങള്‍ക്ക് ശേഷം ഇന്ത്യ പാകിസ്താനില്‍ നടത്തിയ രണ്ടാമത്തെ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ സെവാഗ് ഇരട്ടശതകം നേടിയിരുന്നു.
രണ്ടു വര്‍ഷത്തിന് മുമ്പ് 2004 ല്‍ മുന്ന് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 2-1 ന് ജയിച്ചതിന്റെ പശ്ചാത്തലത്തിലാണ് പാകിസ്താനില്‍ രണ്ടാം പര്യടനവും നിര്‍ണ്ണായകമായത്. ദ്രാവിഡിന്റെ നായകത്വത്തില്‍ വന്ന ടീമില്‍ സച്ചിന്, ദ്രാവിഡ്, സെവാഗ് തുടങ്ങി ബാറ്റിംഗ് രംഗത്തെ വമ്പന്മാരാണ് ഇന്ത്യന്‍ നിരയില്‍ ഉണ്ടായിരുന്നത്. ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത ദ്രാവിഡും സെവാഗും ചേര്‍ന്ന് അടിച്ചുകൂട്ടിയത് 410 റണ്‍സായിരുന്നു. ഇരുവരെയും പുറത്താക്കാന്‍ കഴിയാതെ വിഷമിച്ച പാക് ബൗളര്‍മാരെ തമാശകള്‍ പങ്കുവെച്ചാണ് വേദന മറക്കാന്‍ സഹായിച്ചത്.
ഇരട്ടശതകം നേടി സെവാഗായിരുന്നു ഇന്ത്യന്‍ നിരയില്‍ മുന്നില്‍. 247 പന്തുകള്‍ നേരിട്ട് 254 റണ്‍സാണ് സെവാഗ് നേടിയത്. രണ്ടു വര്‍ഷം മുമ്പ് ആദ്യ പര്യടനത്തില്‍ മുള്‍ട്ടാനില്‍ വെച്ചും സെവാഗ് പാക് ബൗളര്‍മാരെ അടിച്ചു തകര്‍ത്തിരുന്നു. അന്ന് ട്രിപ്പിള്‍ സെഞ്ച്വറി അടിച്ച സെവാഗ് 309 റണ്‍സാണ് നേടിയത്. അതിന് പിന്നാലെയാണ് ഇരട്ടശതകവും നേടിയത്. 12 പേര് ബാറ്റ് ചെയ്ത മത്സരത്തില്‍ ഇന്ത്യയൂടെ രണ്ടും പാകിസ്താന്റെ നാലും ഉള്‍പ്പെടെ ആറു പേരാണ് സെഞ്ച്വറി നേടിയത്. അതില്‍ 81 പന്തില്‍ 102 റണ്‍സ് നേടിയ താനും ഉള്‍പ്പെട്ടിരുന്നതായി അഫ്രീദി ഓര്‍ക്കുന്നു.
ഈ ഇന്നിംഗ്സ് തനിക്ക് അവിസ്മരണീയമാണെന്ന് താരം പറഞ്ഞു. പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ഒരു ട്വീറ്റിന് മറുപടിയായിട്ടാണ് അഫ്രീദി ഓര്‍മ്മകള്‍ പങ്കു വെച്ചത്. മത്സരത്തില്‍ ഷുഹൈബ് അക്തറുമായി തമാശ ആസ്വദിക്കുന്ന ഒരു ചിത്രത്തോടെയാണ് അഫ്രീദിയുടെ കുറിപ്പ്. ഈ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് ആദ്യ ഇന്നിംഗ്സില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 679 റണ്‍സാണ് അടിച്ചു കൂട്ടിയത്. യൂനിസ്ഖാന് (199), മൊഹമ്മദ് യൂസുഫ് (173), കമ്രാന്‍ അക്മല്‍ (103), അഫ്രീദി (102) എന്നിവരായിരുന്നു സെഞ്ച്വറി നേടിയവര്‍. ഇന്ത്യയൂടെ മറുപടി ഒന്നിന് 401 ആയപ്പോള്‍ ദ്രാവിഡ് 128 റണ്‍സും സെവാഗ് ഇരട്ടശതകവും കുറിച്ചിരുന്നു. ബാറ്റിംഗ് വിരുന്ന് കാണികള്‍ക്ക് നല്‍കിയെങ്കിലും പക്ഷേ മത്സരം സമനിലയില്‍ അവസാനിച്ചു. പിന്നീട് മൂന്ന് മത്സരങ്ങളുടെ പരമ്പര പാകിസ്താന് 1-0 ന് നേടുകയും ചെയ്തു.





