
അഞ്ചല്‍ (കൊല്ലം): അഞ്ചലില്‍ ഉത്രയുടെ കൊലപാതകത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് അമ്മയ്ക്കും സഹോദരിക്കുമുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്. നേരത്തേ അണലിയെ വാങ്ങിയതിന് ഇരുവരും സാക്ഷികളാണെന്നും എല്ലാ നീക്കങ്ങളും സഹോദരി അറിഞ്ഞിരുന്നെന്നും സൂരജ് പോലീസിനോടു സമ്മതിച്ചു. ഇതേ തുടര്‍ന്ന് സഹോദരിയെയും മാതാവിനെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്.
മാതാവിന്റെയും സഹോദരിയുടെയും സാന്നിദ്ധ്യത്തിലായിരുന്നു സൂരജ് സുരേഷില്‍ നിന്നും പാമ്പിനെ വാങ്ങിയത്. പാമ്പിന് പറഞ്ഞുറപ്പിച്ച തുക സുരേഷിനു െകെമാറി. എന്നാല്‍ സുരേഷ് പോയതിന് പിന്നാലെ അണലി ചാക്കില്‍ നിന്നും ചാടി പുറത്തേക്ക് ഇഴഞ്ഞു പോകുകയും ചെയ്തു. പിന്നീട് വളരെ ശ്രമകരമായിട്ടാണ് സൂരജ് അണലിയെ തിരികെ ചാക്കിലാക്കിയത്. വിറകുപുരയിലായിരുന്നു അണലിയെ ഒളിപ്പിച്ചു വെച്ചിരുന്നത്.
ആദ്യ വധശ്രമം സൂരജിന്റെ മാതാവും സഹോദരിയ്ക്കും അറിയാമായിരുന്നു എന്നതിന്റെ സൂചനയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് പോലീസ് കരുതുന്നു. പാമ്പിനെ വാങ്ങിയ അന്ന് തന്നെ ചാക്കില്‍നിന്നു പുറത്തെടുത്ത് വീടിനുള്ളിലെ ചവിട്ടുപടിയിലിട്ട സമയം അമ്മയും സഹോദരിയും വീടിനു പുറത്തിറങ്ങി. കൊലപാതക ശ്രമത്തെക്കുറിച്ച് അറിഞ്ഞുകൊണ്ടായിരുന്നു ഇതെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.
ടൈല്‍സ് ഇട്ട സ്റ്റെയര്‍കെയ്സ് ആയിരുന്നതിനാല്‍ പാമ്പ് ഇഴഞ്ഞ് പോകാതെ പടിയില്‍ കിടന്നു. തുടര്‍ന്ന് ഉത്രയോടു മുകളിലത്തെ നിലയില്‍നിന്ന് ഫോണ്‍ എടുത്തു കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. മുകള്നിലയിലേക്കു പോയ ഉത്ര പാമ്പിനെ കണ്ടതിനാല്‍ പദ്ധതി നടന്നില്ല. ഉത്ര പാമ്പിനെ കണ്ട് നിലവിളിച്ചതോടെ സൂരജ് എത്തി അണലിയെ ചാക്കിലാക്കി മാറ്റി. സൂക്ഷിച്ച് വെച്ചിരുന്ന ഈ പാമ്പിനെ കൊണ്ട് ആയിരുന്നു മാര്‍ച്ച് രണ്ടിന് ഉത്രയെ ആദ്യം കടിപ്പിച്ചതും.
ഉത്ര ആദ്യം കണ്ടതും അണലിയെ തന്നെയാണെന്ന് സൂരജ് സമ്മതിച്ചിട്ടുണ്ട്. സൂരജ് ആദ്യം പറഞ്ഞിരുന്നത് ഉത്ര അന്ന കണ്ടത് ചേരയായിരുന്നെന്നും താന്‍ കൊണ്ടിട്ടതല്ല എന്നുമായിരുന്നു. അണലിയെ ഫെബ്രുവരി 26-ന് പാമ്പുപിടിത്തക്കാരന് സുരേഷ് എത്തിക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നെങ്കിലും ഉത്ര ഈ വിവരം അറിഞ്ഞിരുന്നില്ല. എലിയെ പിടിക്കാന്‍ കൊണ്ടുവന്നുവെന്നാണ് സൂരജ് അച്ഛന് സുരേന്ദ്രനോടു പറഞ്ഞത്. പദ്ധതി നടക്കാതെ പോയതോടെയാണ് പിന്നീട് മൂര്‍ഖനെ വാങ്ങിയത്. താന്‍ പാമ്പിനെ വാങ്ങിയ വിവരം ആരോടും പറയരുതെന്നും സൂരജ് സുരേഷിനോട് പറഞ്ഞു.
കൊലപാതക വിവരം സൂരജിന്റെ സഹോദരി ഇന്റര്‍നെറ്റ് കോളിലൂടെ പുരുഷ സുഹൃത്തിനെ അറിയിച്ചെന്ന വിവരവും അന്വേഷണസംഘം പരിശോധിക്കും. ഈ ഫോണ്‍കോളിന്റെ രേഖകള്‍ പോലീസിന് കിട്ടിയിട്ടുണ്ട്. സൂരജിന് രക്ഷപ്പെടാന്‍ അവസരം ഒരുക്കിയതും ഒളിവില്‍ പാര്‍പ്പിച്ചതും നിയമോപദേശം ലഭ്യമാക്കിയതുമെല്ലാം സഹോദരിയാണെന്ന് സൂരജ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. അഭിഭാഷകന്റെ നിര്‍ദേശപ്രകാരമായിരുന്നു സൂരജ് ആദ്യം മൊഴി നല്‍കിയത്. പിന്നീട് പോലീസ് തെളിവ് സഹിതം ചോദ്യം ചെയ്തതോടെയാണ് പൊളിഞ്ഞത്.
സഹോദരിയെ കേസില്‍ രണ്ടാം പ്രതിയാക്കുന്ന കാര്യം പോലീസിന്റെ പരിഗണനയിലുണ്ട്. കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്ന മുറയ്ക്കു സൂരജിന്റെ അമ്മയെയും സഹോദരിയെയും കൊലപാതകക്കേസില്‍ പ്രതി ചേര്‍ക്കുമെന്നാണു സൂചന. കേസില്‍ അഭിഭാഷകനെ കാണാനുള്ള അവസരവും ഒരുക്കിക്കൊടുക്കാന്‍ ആവശ്യപ്പെട്ട് സൂരജ് കൂട്ടുകാരെ വിളിച്ചത് സഹോദരിയുടെ ഫോണില്‍ നിന്നും വാട്സ്ആപ്പ് കോള്‍ വഴി ആയിരുന്നു. ഉത്ര കൊല്ലപ്പെട്ട ശേഷം സൂരജ് ആദ്യം വിളിച്ചത് പാമ്പാട്ടി സുരേഷിനെ ആയിരുന്നു. കൂട്ടുകാരന്റെ ഫോണില്‍ നിന്നായിരുന്നു വിളിച്ചത്.
ഉത്ര മരിച്ചതിന് ഒരാഴ്ച കഴിഞ്ഞപ്പോള്‍ സ്വന്തം മാതാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചെന്ന് ഉത്രയുടെ പിതവിനും സഹോദരനും എതിരേ കേസ് കൊടുക്കാന്‍ ആവശ്യപ്പെട്ടതും സഹോദരിയുടെ ബുദ്ധിയായിരുന്നു എന്നാണ് വിവരം. കൊലപാതക വിവരം മറച്ചു വെയ്ക്കുന്നതിന് പുറമേ സ്ത്രീധനമായി ലഭിച്ച സ്വര്‍ണ്ണം തിരികെ നല്‍കാതെ ഇരിക്കാനുമായിരുന്നു ഇക്കാര്യമെന്നാണ് വിവരം. സൂരജിന്റെയും സഹോദരിയുടെയും ഫോണ്‍കോളുകള്‍ സംബന്ധിച്ച വിവരം തേടാന്‍ ഫോറന്‍സിക് ലാബിന്റെ സഹായം പോലീസ് തേടിയിട്ടുണ്ട്. സൂരജിന്റെ മാതാപിതാക്കള്‍ക്കും സഹോദരിക്കുമെതിരേ ഗാര്‍ഹിക പീഡനത്തിനും പരാതി എടുത്തിട്ടുണ്ട്.
മെയ് 14 ന് വൈകിട്ട് അഞ്ചലിലെ വീട്ടില്‍വെച്ച് ഉത്ര വിവാഹത്തിനണിഞ്ഞ 98 പവന്റെ ആഭരണങ്ങള്‍ തിരിച്ചു നല്‍കണമെന്ന് സൂരജിനോടും അമ്മയോടും ഉത്രയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇല്ലെന്ന് പറഞ്ഞ് സൂരജ് വഴക്ക് ഉണ്ടാക്കി. ഇതിനിടയില്‍ സൂരജിന്റെ മാതാവ് രേണുക മോഹാലസ്യപ്പെട്ടു വീണു. തുടര്‍ന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും കുഴപ്പമില്ലെന്ന് കണ്ട് ഡോക്ടര്‍മാര്‍ വീട്ടിലേക്ക് പൊയ്ക്കോളാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യണമെന്ന് സൂരജ് വാശിപിടിച്ചെങ്കിലും ഡോക്ടര്‍ വഴങ്ങിയില്ല. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു.
ഇതിനിടയില്‍ രേണുകളെ ഉത്രയുടെ വീട്ടില്‍ കെട്ടിയിട്ടിരിക്കുന്നെന്ന് പറഞ്ഞ് കൂട്ടുകാരെ സൂരജ് വിളിച്ചു വരുത്തുകയും ചെയ്തു. വീട്ടില്‍ എത്തിയ ഇവര്‍ സൂരജ് പറഞ്ഞത് കള്ളമാണെന്ന് മനസ്സിലാക്കി. പിന്നീട് ആശുപത്രിയഇല്‍ എത്തുകയും സൂരജ് പറഞ്ഞത് അനുസരിച്ച് രേണുകയെ ഡിസ്ചാര്‍ജ്ജ് ചെയ്യരുതെന്ന് ഡോക്ടറോട് ആവശ്യപ്പെടുകയും ചെയ്തു. വിദഗ്ദോപദേശപ്രകാരമാണ് സൂരജ് ഈ നാടകമെല്ലാം ആസൂത്രണം ചെയ്തതെന്നാണ് സംശയിക്കുന്നത്. ഇതിന് ശേഷമാണ് ഉത്രയുടെ മാതാപിതാക്കള്‍ക്കും ജോലിക്കാരനുമെതിരേ സൂരജ് കേസ് കൊടുത്തത്.






