
കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്തയിലെ ഗായകനെ പരിചയപ്പെടുത്തി ഡോ. ബി. ഇക്ബാൽ ഗായകൻ എന്ന നിലയിലാണ് തനിക്ക് വിശ്വാസ് മേത്തയെ കൂടുതൽ പരിചയമെന്നും അദ്ദേഹവുമൊത്ത് ഒരു സംഗീത പരിപാടി അവതരിപ്പിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ഡോ.ഇക്ബാൽ സമൂഹമാധ്യമത്തിൽ കുറിച്ചു. വിശ്വാസ് മേത്തയ്ക്കൊപ്പം നിൽക്കുന്നതിന്റെ ചിത്രവും അദ്ദേഹം പോസ്റ്റു ചെയ്തിട്ടുണ്ട്.
‘പുതിയ ചീഫ് സെക്രട്ടറി ശ്രീ വിശ്വാസ് മേത്തയോടൊപ്പം. ആരോഗ്യ വകുപ്പ് സെക്രട്ടറി, ആസൂത്രണ സെക്രട്ടറി എന്ന നിലകളിൽ പ്രവർത്തിച്ച വിശ്വാസ് മേത്തയുമായി ഔദ്യോഗികമായി ഇടപെടാൻ എനിക്ക് ധാരാളം അവസരം കിട്ടിയിട്ടുണ്ട്. എങ്കിലും എനിക്കദ്ദേഹവുമായുള്ള കൂടുതൽ സൗഹൃദം ഗായകൻ എന്ന നിലയിലാണ്. പ്രത്യേകിച്ച് എന്റെയും പ്രിയ ഗായകനായ മുകേഷിന്റെ പാട്ടുകൾ ശ്രുതി മാധുര്യം ഒട്ടും നഷ്ടപ്പെടാതെ ആലപിക്കാറുണ്ട് വിശ്വാസ് മേത്ത. തിരക്കൊഴിയുമ്പോൾ അദ്ദേഹവുമൊത്ത് ഒരു പരിപാടി അവതരിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നു’.– ഡോ. ഇക്ബാൽ കുറിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഡോ. വിശ്വാസ് മേത്ത ചീഫ് സെക്രട്ടറിയായി ചുമതലയേറ്റത്.






