
വവ്വാലുകള്‍ എന്ന് കേട്ടാല്‍ മലയാളികള്‍ ഇപ്പോള്‍ ഭയത്തോടെയാണ് കേള്‍ക്കുന്നത്. കാരണം വവ്വാലുകള്‍ മൂലം ഉണ്ടായ പകര്‍ച്ചവ്യാധികളായ നിപ്പയും, കൊറോണയും ഒക്കെത്തന്നെയാണ്. എന്നാല്‍ വവ്വാലുകള്‍ ഭാഗ്യം കൊണ്ടു വരുമെന്ന് കരുതി അവയെ സംരക്ഷിക്കുന്ന ഒരു ഗ്രാമം നമ്മുടെ ഇന്ത്യയില്‍ തന്നെയുണ്ട്. ഭുവനേശ്വറില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള ഒരു ചെറിയഗ്രാമമായ കാബാതബന്ധ് ആണ് ഈ ഗ്രാമം.
70 വര്‍ഷത്തോളം പഴക്കമുള്ള ഒരാചാരത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമായാണ് ഇവര്‍ വവ്വാലുകളെ സംരക്ഷിക്കുന്നത്. വൈതരണി നദിയുടെ തീരത്തുള്ള ആല്മരങ്ങളിലാണ് ഇവ താമസിക്കുന്നത്. വവ്വാലുകള്‍ക്ക് പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിയുമെന്നാണ് ഈ ഗ്രാമീണര്‍ വിശ്വസിക്കുന്നത്. വവ്വാലുകളെ സമൃദ്ധിയുടെയും നല്ല കാലത്തിന്റെയും പ്രതീകങ്ങളായാണ് ഗ്രാമീണര്‍ കാണുന്നത്. ഇതൊന്നും കൂടാതെ, വവ്വാലുകളുടെ ഈ കൂട്ടം കാണാന്‍ അനേകം വിനോദ സഞ്ചാരികളും വര്‍ഷാവര്‍ഷം ആ ഗ്രാമത്തില്‍ വരുന്നു.
'1999 -ലെ ചുഴലിക്കാറ്റില്‍, വവ്വാലുകള്‍ മരങ്ങളില്‍ നിന്ന് ഒന്നിച്ച് പറന്നുയര്‍ന്നു. ഒരു വലിയ പ്രകൃതിദുരന്തം സംഭവിക്കാന്‍ പോകുന്നുവെന്ന് മനസ്സിലാക്കിയ ഞങ്ങള്‍, അതിനെ നേരിടാന്‍ മുന്‍കൂട്ടി തയ്യാറെടുത്തു. കഴിഞ്ഞ 70 വര്‍ഷമായി ഞങ്ങളുടെ ഗ്രാമത്തിന്റെ ഭാഗമാണ് ഈ വവ്വാലുകള്‍. അവയ്ക്ക് പതിവായി ഞങ്ങള്‍ ഭക്ഷണം നല്കുന്നു.' - ഒരു ഗ്രാമീണന് പറഞ്ഞു. ''ഞങ്ങളുടെ ഗ്രാമത്തെ എല്ലാ ദുരിതത്തില്‍ നിന്നും കാക്കുന്നത് ഈ വവ്വാലുകളാണ്'' - മറ്റൊരു ഗ്രാമവാസിയായ സത്യ പറഞ്ഞു. കൊറോണ വൈറസ് എന്ന മഹാമാരി വവ്വാലുകള്‍ വഴി മനുഷ്യരിലേയ്ക്ക് നേരിട്ട് ബാധിച്ചതായി തെളിവുകളൊന്നുമില്ലെന്നും, പിന്നെ എന്തിനാണ് അവയെ ഭയക്കുന്നതെന്നാണ് ഈ ഗ്രാമീണര്‍ ചോദിക്കുന്നത്.






