ഭോപ്പാല്‍: ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങള്‍ തുറക്കുമ്പോള്‍ ക്ഷേത്രത്തിനുള്ളില്‍ സാനിറ്റൈസര്‍ അനുവദിക്കില്ലെന്ന് പൂജാരി. മധ്യപ്രദേശിലെ ഭോപ്പാലിലുള്ള മാ വൈഷ്ണവധാം നവ് ദുര്‍ഗ്ഗാ ക്ഷേത്രത്തിലെ പൂജാരിയായ ചന്ദ്രശേഖര്‍ തിവാരിയാണ് വിചിത്രമായ നിലപാടുമായി രംഗത്ത് വന്നിരിക്കുന്നത്.
സര്‍ക്കാരിന്‍െ്റ ചുമതല മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കുക എന്നതാണ്. എന്നാല്‍ ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്ന സാനിറ്റൈസര്‍ ക്ഷേത്രത്തില്‍ ഉപയോഗിക്കാനാകില്ലെന്നും ചന്ദ്രശേഖര്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു. മദ്യപിച്ചിട്ട് ആര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാനാകില്ല. അങ്ങനെയുള്ളപ്പോള്‍ സാനിറ്റൈസര്‍ കൈകളില്‍ തേച്ചിട്ട് എങ്ങനെ അകത്ത് കയറുമെന്ന് പൂജാരി ചോദിച്ചു.
കൈകള്‍ ശുദ്ധിയാക്കാനുള്ള മെഷീന് ക്ഷേത്ത്രിന് പുറത്ത് സ്ഥാപിക്കാം. അവിടെ സോപ്പും വയ്ക്കാം. എങ്ങനെ ആയാലും വീട്ടില്‍ നിന്ന് കുളിച്ച ശേഷമേ ഏതൊരാളും ക്ഷേത്രത്തിലേക്ക് വരികയുള്ളൂവെന്നും ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ജൂണ്‍ എട്ട് മുതല്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. കര്‍ശന നിയന്ത്രണങ്ങളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്. 65 വയസ് കഴിഞ്ഞവരും കുട്ടികളും ആരാധനാലയങ്ങളില്‍ പോകരുത്. കണ്ടെയ്ന്‍മെന്‍്റ് സോണുകളില്‍ ആരാധനാലയങ്ങള്‍ തുറക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആരാധനാലയങ്ങളില്‍ നിന്ന് പ്രസാദമോ, തീര്‍ത്ഥമോ നല്‍കരുതെന്നാണ് ക്ഷേത്രങ്ങളെ സംബന്ധിച്ച നിര്‍ദ്ദേശം. ആരാധനാലയങ്ങളിലും മാസ്ക് നിര്‍ബന്ധമായിരിക്കും. പള്ളികളില്‍ ക്വൊയര് അനുവദിക്കില്ല. ആളുകളുടെ എണ്ണം നിയന്ത്രിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.






