
മലപ്പുറം: മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ രണ്ടാം പ്ലസ് വൺ അലോട്ട്മെന്റിന് ശേഷവും സീറ്റ് പ്രതിസന്ധി രൂക്ഷമായി തുടരുന്നു. മൂന്ന് ജില്ലകളിലായി 88,000ത്തിലധികം വിദ്യാർഥികൾ ഏകദേശം 31,000 സീറ്റുകൾക്കായി ഇപ്പോഴും കാത്തിരിക്കുകയാണ്.
ഏറ്റവും ഗുരുതരമായ സ്ഥിതി മലപ്പുറം ജില്ലയിലാണ്. ഇവിടെ 57,855 പ്ലസ് വൺ സീറ്റുകളിലേക്ക് 82,753 അപേക്ഷകളാണ് ലഭിച്ചത്. രണ്ടാം അലോട്ട്മെന്റിന് ശേഷം 39,748 പേർക്ക് പ്രവേശനം ലഭിച്ചെങ്കിലും, ബാക്കിയുള്ള 18,107 സീറ്റുകൾക്കായി 43,005 വിദ്യാർഥികൾ ഇപ്പോഴും കാത്തിരിപ്പിലാണ്.
പാലക്കാട് ജില്ലയിൽ 27,474 സീറ്റുകളിലേക്ക് 44,147 അപേക്ഷകളാണ് വന്നത്. രണ്ടാം അലോട്ട്മെന്റിന് ശേഷം 22,069 പേർക്ക് പ്രവേശനം ലഭിച്ചപ്പോൾ 5,405 സീറ്റുകൾ മാത്രമാണ് ശേഷിക്കുന്നത്. എന്നാൽ പ്രവേശനം പ്രതീക്ഷിക്കുന്ന വിദ്യാർഥികളുടെ എണ്ണം 22,078 ആണ്.
കോഴിക്കോട് ജില്ലയിലും സമാനമായ സ്ഥിതിയാണ്. 31,581 സീറ്റുകൾക്കായി 47,049 അപേക്ഷകളാണ് ലഭിച്ചത്. രണ്ടാം അലോട്ട്മെന്റിന് ശേഷം 23,307 പേർക്ക് പ്രവേശനം ലഭിച്ചു. ശേഷിക്കുന്ന 8,274 സീറ്റുകൾക്കായി 23,742 വിദ്യാർഥികൾ കാത്തിരിപ്പിലാണ്.
കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലും സീറ്റ് ക്ഷാമം തുടരുന്നതായി റിപ്പോർട്ടുണ്ട്. അധിക ബാച്ചുകളും അടിസ്ഥാന സൗകര്യങ്ങളും അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐയും ഫ്രറ്റേണിറ്റി മൂവ്മെന്റും ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകൾ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
മലപ്പുറത്ത് മാത്രം 18,000ഓളം വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനം നഷ്ടമാകാൻ സാധ്യതയുണ്ടെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നയീം ഗഫൂർ പറഞ്ഞു. അധിക ബാച്ചുകൾ അനുവദിച്ചാൽ പോലും ക്ലാസ് മുറികളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് കടക്കുമെന്ന് എസ്.എഫ്.ഐ മലപ്പുറം ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നൽകി.






