
അമൃത്സര്‍: ഇന്ത്യയും ചൈനയും തമ്മില്‍ കിഴക്കന്‍ അതിരില്‍ സംഘര്‍ഷത്തിന്റെ മുനമ്പില്‍ നില്ക്കുമ്പോള് ചൈനയ്ക്ക് താക്കീതുമായി മുന്‍ ഇന്ത്യന്‍ സൈനികനും പഞ്ചാബ് മുഖ്യമന്ത്രിയുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. ചൈന ഇന്ത്യയെ അത്ര നിസ്സാരമായി കരുതേണ്ടെന്നും 1962 ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ മെച്ചപ്പെട്ട സൈനിക ശക്തിയാണ് ഇപ്പോള്‍ ഉള്ളതെന്നും ഇന്ത്യന്‍ സൈന്യം സാങ്കേതികമായും കാലാനുസൃതമായും കൂടുതല്‍ മെച്ചപ്പെട്ടെന്നും ഉപയോഗിക്കുന്നത് അത്യാധുനക ഉപകരണങ്ങളാണെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.
ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച അമരീന്ദര്‍സിംഗ് നയതന്ത്രപരമായി പ്രശ്നം പരിഹരിക്കാന്‍ അയല്‍ക്കാര്‍ തയ്യാറല്ലെങ്കില്‍ ആയുധം ഉപയോഗിക്കണമെന്നും പറഞ്ഞു. ചൈനയുമായി ഇന്ത്യ യുദ്ധം നടത്തേണ്ടതില്ലെന്നും എന്നാല്‍ അവരുടെ താന്‍പോരിമ ഒരിക്കലും അംഗീകരിച്ച കൊടുക്കരുതെന്നും വ്യക്തമാക്കി. പരമാധികാരമുള്ള രണ്ടു രാജ്യങ്ങളെന്ന നിലയില്‍ നയപരമായിട്ടാണ് പ്രശ്നം പരിഹരിക്കേണ്ടത്. ഇന്ത്യ ഒരിക്കിലും ചൈനയുമായി യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. സമാധാനമാണ് നമ്മള് ആഗ്രഹിക്കുന്നത്. അതുകൊണ്ട് എതിരാളികളെ സഹിക്കണമെന്നോ പിന്നോട്ട് പോകണമെന്നോ അര്‍ത്ഥമില്ല. ചൈനയെ ഇന്ത്യന്‍ മേഖലയില്‍ നിന്നും പിന്നോട്ട് തള്ളുകയാണ് വേണ്ടത്.
ഇരുരാജ്യങ്ങളും നയപരമായിട്ടാണ് പ്രശ്നം പരിഹരിക്കേണ്ടത്. എന്നാല്‍ അതിര്‍ത്തിയില്‍ ആക്രമണോത്സുകതയോടെ ചൈന ഇടപെടുമ്പോള്‍ നമ്മളും പിന്നോട്ട് പോകേണ്ടതില്ലെന്ന് വീഡിയോ കോണ്‍ഫറന്‍സിംഗില്‍ പറഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ പല തവണ വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തിയിരിക്കുകയാണ്. അതിര്‍ത്തിയില്‍ ചൈന അനധികൃത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളുടേയും സൈന്യങ്ങള്‍ നേര്‍ക്ക് നേര് വന്നിരിക്കുന്നത്.






