
മൂന്ന് മാസം മുമ്പ് ഓസ്ട്രേലിയയില്‍ നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയ മലയാളി ഷാരോണ്‍ വര്‍ഗീസാണ് ഇപ്പോള്‍ ഓസ്ട്രേലിയയില്‍ താരം. ഓസ്ട്രേലിയയില്‍ നിന്നുള്ള ഷാരോണിന്റെ പ്രവര്‍ത്തനങ്ങളില്‍ അഭിനന്ദനവുമായി രംഗത്ത് എത്തിയിരിക്കുകായണ് മുന്‍ ക്രിക്കറ്റ് താരം ആദം ഗില്‍ക്രിസ്റ്റ്. നഴ്സിങ് പഠനത്തിന് ശേഷം ഷാരോണിന് സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാമായിരുന്നു, എന്നാല്‍ കോവിഡ് കാലത്ത് അവിടെ തന്നെ സേവനം തുടരാനായിരുന്നു കോട്ടയം കുറുപ്പന്തറ സ്വദേശിയായ ഷാരോണ്‍ തീരുമാനിച്ചത്.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരുടെ ദൗര്‍ലഭ്യം നേരിടേണ്ടി വന്ന ഓസ്ട്രേലിയ രാജ്യാന്തര വിദ്യാര്‍ത്ഥികളുടെ സഹായം തേടിയിരുന്നു. ഇതില്‍ മറ്റൊന്നും ആലോചിക്കാതെ ഷാരോണ്‍ സന്നദ്ധത അറിയിച്ചു. ഓസ്ട്രേലിയയുടെ ഒപ്പമുണ്ടാകും എന്നു പറയുന്ന ഷാരോണിന്റെ വിഡിയോയാണ് അവരുടെ ആദരം പിടിച്ചുപറ്റിയത്. തുടര്‍ന്ന് ഗില്‍ക്രിസ്റ്റ് വിളിച്ചു. അതിന്റെ വിഡിയോയും പോസ്റ്റ് ചെയ്തു.
സിഡ്നിക്കടുത്തുള്ള വൊലങ്കങ്ങിലെ മുതിര്‍ന്നവര്‍ക്കുള്ള നഴ്സിങ് ഹോമില്‍ നഴ്സാണ് ഷാരണ്‍ ഇപ്പോള്‍. അതീവ സുരക്ഷാ മുന്‍കരുതലുകളോടെയാണു ജോലിയെന്ന് ഷാരണ്‍ പറഞ്ഞു. കുവൈത്തില്‍ കോവിഡ് വാര്‍ഡില്‍ ജോലി ചെയ്യുന്ന അമ്മ ആന്‍സിയാണ് പ്രചോദനം. അച്ഛന് ലാലിച്ചനും കുവൈത്തിലാണ്.






