
കൊച്ചി: കാറപകടത്തല്‍ കൊല്ലപ്പെട്ട മകളുടെ പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന മത വിദ്വേഷം അവസാനിപ്പിക്കാന്‍ മകളുടെ മരണത്തിന്റെ ദു:ഖം മാറും മുമ്പ് കുറിപ്പുമായി പിതാവ്. കഴിഞ്ഞയാഴ്ച ചാലിശ്ശേരിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് യുവതി മരണപ്പെട്ട സംഭവത്തിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ 'ലവ് ജിഹാദ്' ആരോപണങ്ങളും പ്രത്യാരോപണങ്ങള്‍ മുറുകുന്നതിനിടയിലാണ് വിശദീകരണവുമായി പിതാവ് ഷാജിക്ക് തന്നെ ഫേസ്ബുക്കില്‍ എത്തേണ്ട സ്ഥിതി ഉണ്ടായിരിക്കുന്നത്.
മകളുടേത് ലവ് ജിഹാദ് ആയിരുന്നില്ലെന്നും ഒപ്പം പഠിച്ചിരുന്ന യുവാവുമായുള്ള പ്രണയം നിയമപരമായി റജിസ്റ്റര്‍ ചെയ്യുകയായിരുന്നു എന്നും പിതാവ് വിശദീകരിച്ചിട്ടുണ്ട്. ഭര്‍ത്താവിന്റെ കുടുംബത്തില്‍ പരസ്പര സ്നേഹത്തിലും സന്തോഷത്തിലും ജീവിച്ചു പോരുകയായിരുന്നു എന്നുമാണ് പിതാവിന്റെ കുറിപ്പ്. മകളുടെ പേരില്‍ അഭ്യൂഹം പ്രചരിപ്പിക്കുന്നതും മത വിദ്വേഷം പടര്‍ത്തുന്നതും അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് പിതാവ് ഷാജി തോമസ് തന്നെ അഭ്യര്‍ത്ഥനയുമായി ഫേസ്ബുക്കില്‍ എത്തുകയായിരുന്നു.
ജൂണ്‍ ആറിന് വൈകിട്ട് അഞ്ച് മണിക്ക് ചാലിശ്ശേരിയില്‍ വെച്ചായിരുന്നു ഷാജിയുടെ മകളും പെരിന്തല്‍മണ്ണ പൂപ്പലം കാളിപ്പാടന്‍ മുഹമ്മദ് അമീന്റെ ഭാര്യയുമായ നിവേദിത (ഫാത്തിമ 19) കാര്‍ അപകടത്തില്‍ മരണമടഞ്ഞത്. പെരിന്തല്‍മണ്ണയില്‍ നിന്നും എറണാകുളത്തെ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ പോകുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കൂറ്റനാട് ഭാഗത്തേക്ക് പോയ കാറുമായി കൂട്ടിയിടിച്ചാണ് നിവേദിത മരിച്ചത്. മൃതദേഹം പിതാവിന്റെ ഇടവകയിലെ സെമിത്തേരിയില്‍ ആയിരുന്നു അടക്കം ചെയ്തത്. ഇതിന് പിന്നാലെ ആയിരുന്നു വിവാദം തുടങ്ങിയത്.
നിവേദിതയുടേത് ലവ് ജിഹാദ് ആയിരുന്നെന്നും മതംമാറ്റം നടത്തിയ പെണ്‍കുട്ടിയെ ക്രിസ്ത്യന്‍ മതവിശ്വാസപ്രകാരം സംസ്ക്കരിച്ചത് ശരിയായില്ല എന്നുമായിരുന്നു വിമര്‍ശകര്‍ കണ്ടെത്തിയത്. വ്യാജ പ്രൊഫൈലുകളില്‍ നിന്നും മതമൗലീക വാദം ഉയര്‍ത്തി കുപ്രചരണങ്ങളും അപഹസിക്കലുകളും രൂക്ഷമായതോടെയാണ് മകള്‍ നഷ്ടമായതിന്റെ ദു:ഖം അടങ്ങുന്നതിന് മുമ്പ് തന്നെ പിതാവ് ഷാജി ജോസഫ് വിശദീകരണവുമായി രംഗത്ത് വന്നത്.
എന്നാല്‍ പിതാവിന്റെ വിശദീകരണത്തേയും മതമൗലീകവാദികള്‍ വെറുതേവിട്ടിട്ടില്ല. തെറിവിളികളും മോശം കമന്റുമായി ആള്ക്കാര് എത്തുന്നുണ്ട്. മകള്‍ മരിച്ച സ്വന്തം പിതാവിന്റെ അഭ്യര്‍ത്ഥനയെങ്കിലും മാനിക്കണമെന്നു കമന്റ് ഉണ്ടെങ്കിലൂം അതൊന്നും മതവാദികള്‍ പരിഗണിച്ചിട്ടില്ല.
ഷാജി ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
‘‘എഴുതാനുള്ള ഒരു മനസികാവസ്ഥയിലല്ല ഞാന്‍. പക്ഷേ, ഊഹാപോഹങ്ങളുമായി സാമൂഹ്യമാധ്യമങ്ങളില്‍ പടയോട്ടം നടത്തുന്ന എല്ലാ സഹോദാരങ്ങളോടുമായി പറയട്ടെ, 06/06/2020-ല്‍ പെരുമ്പിലാവില്‍ കാറുകള്‍ കൂട്ടിയിടിച്ചു മരണപ്പെട്ട എന്റെ മകള്‍ നിവേദിത അറക്കല്‍ ലവ് ജിഹാദിന്റെ ഇരയൊന്നുമല്ല. ഒരേ കാമ്പസില്‍ പഠിച്ചുകൊണ്ടിരിക്കെ, അമീന് എന്ന യുവാവുമായി പ്രണയത്തിലാകുകയും നിയമപരമായി രജിസ്റ്റര്‍ മാരേജ് ചെയ്തു പരസ്പര സ്നേഹത്തിലും സന്തോഷത്തിലും കുടുംബാംഗങ്ങളോടൊപ്പം ജീവിച്ചുപോരുകയുമായിരുന്നു അവള്.
മത മൗലിക വാദമൊന്നുമില്ലാത്ത, വ്യക്തിസ്വാതന്ത്ര്യത്തെ ഒരുതരി പോലും മുറിപ്പെടുത്തിയിട്ടില്ലാത്ത വളരെ സ്നേഹസമ്പന്നരായ മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളുമടക്കം അംഗങ്ങള്‍ അധികമുള്ള മലപ്പുറത്തെ ഒരു മുസ്ലിം കുടുംബമാണ് എന്റെ മകളുടെ ഭര്‍ത്താവായ അമീനിന്റേത്. എന്റെ മകള്‍ ഫോണിലൂടെ എല്ലാ ദിവസവും ഞങ്ങളോടു പറഞ്ഞതും ഞങ്ങള്‍ നേരിട്ടറിഞ്ഞതുമനുസരിച്ചു അവളെ അവര്‍ ഏറെ കരുതലോടെയും സ്നേഹത്തോടെയുമാണ് മരുമകളായും സഹോദരിയായും കണ്ടിരുന്നത്. അവളുടെ അടുത്ത സുഹൃത്തുക്കളും ഈ യാഥാര്‍ഥ്യങ്ങള്‍ അറിവുള്ളവരാണ്.
ഞങ്ങളുടെ ഇടവക സെമിത്തേരിയില്‍ അവളെ അടക്കം ചെയ്യാന്‍ അവളുടെ മൃതശരീരം വിട്ടുതന്നതുതന്നെ ആ കുടുംബത്തിന്റെ ഹൃദയവിശാലതയെ തുറന്നുകാട്ടുന്നു. മൃതസംസ്കാര ശുശ്രൂഷകള്‍ പൂര്‍ണമാക്കി നിറകണ്ണുകളോടെയും വിങ്ങുന്ന ഹൃദയത്തോടും കൂടെയാണ് അവര്‍ മലപ്പുറത്തേക്ക് മടങ്ങിയത്.
ദയവുചെയ്ത് മതവ്യത്യാസങ്ങളുടെ പേരില്‍ ഊഹാപോഹങ്ങള്‍ എഴുതി പ്രചരിപ്പിച്ച് സമൂഹത്തില്‍ വിദ്വേഷത്തിന്റെ വിത്ത് വിതയ്ക്കരുത് എന്നപേക്ഷിക്കുന്നു.’’






