
ലഖ്നൗ: ലഖ്നൗവിലെ അലിഗഞ്ച് പ്രദേശത്തുള്ള ഒരു കോച്ചിംഗ് സെന്ററിൽ തിങ്കളാഴ്ച ഉണ്ടായ വൻ തീപിടുത്തത്തിൽ പതിനൊന്ന് പേർ മരിച്ചു. കെട്ടിടത്തിനുള്ളിൽ നിരവധി പേർ കുടുങ്ങിപ്പോയതായും രക്ഷപ്പെടാൻ വേണ്ടി ചില വിദ്യാർത്ഥികൾ ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടിയതായും റിപ്പോർട്ടുകളുണ്ട്. തീ പിടുത്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ല.
മണിക്കൂറുകളോളം നീണ്ടുനിന്ന കഠിനശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കിയത്. തീ അണച്ച ശേഷമാണ് കെട്ടിടത്തിനുള്ളിൽ നിന്ന് പതിനൊന്ന് മൃതദേഹങ്ങൾ പുറത്തെടുത്തത്.ഒരു വാണിജ്യ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ മൂന്ന് നില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് കോച്ചിംഗ് സെന്റർ പ്രവർത്തിച്ചിരുന്നത്. താഴത്തെ നിലകളിൽ ഒരു പെറ്റ് ഷോപ്പും മറ്റ് കടകളും ഉണ്ടായിരുന്നു.
തീപിടുത്തം ഉണ്ടായതോടെ പരിഭ്രാന്തരായ വിദ്യാർത്ഥികളിൽ ചിലർ ജനൽ ചില്ലുകൾ തകർത്ത് താഴേക്ക് ചാടുകയായിരുന്നു. ഇത്തരത്തിൽ അഞ്ചിലധികം വിദ്യാർത്ഥികൾ താഴേക്ക് ചാടിയതായി ദൃക്സാക്ഷികൾ പറയുന്നു. കെട്ടിടത്തിന്റെ ജനലിലൂടെ പുറത്തുകടന്ന് താഴെയുള്ള വേലിയിലേക്ക് വീണ ഒരു യുവാവിനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ ഇപ്പോൾ ചികിത്സയിലാണ്.
സംഭവസ്ഥലം സന്ദർശിച്ച ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി. അപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഇരയായവരുടെ കുടുംബങ്ങളുമായി അടിയന്തരമായി ബന്ധപ്പെടാനും അവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കാനും ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.






