
സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് പകർച്ചപ്പനി മൂലം 13,189 പേരാണ് ചികിത്സ തേടിയത്. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത എട്ട് മരണങ്ങൾ അമീബിക് മസ്തിഷ്ക ജ്വരം, എലിപ്പനി, ഡെങ്കിപ്പനി എന്നിവ ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് ഡെങ്കിപ്പനി 56, ചിക്കൻപോക്സ് 88, ഷിഗെല്ല 10, എലിപ്പനി 7, മലേറിയ 2, മഞ്ഞപ്പിത്തം 25 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ മാസം ഇതുവരെ 140 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് ആറ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഡെങ്കിപ്പനി ബാധിച്ച് പാലക്കാട് ചിറ്റൂർ പെരുമാട്ടി പള്ളിച്ചാർത്ത്കുളമ്പ് സ്വദേശിയും അങ്കണവാടി ജീവനക്കാരിയുമായ ഗീത മരിച്ചു. ഇതോടെ ഈ മാസം കോഴിക്കോട് ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.
കോഴിക്കോട് നാദാപുരത്ത് ഏഴ് വയസുകാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.






