
ദില്ലി: ശിവസേന (ഉദ്ധവ് ബാലാസാഹെബ് താക്കറെ) വിഭാഗത്തിൽ നിന്ന് വിമതരായ ആറു ലോക്സഭാ എംപിമാർ ഇന്ന് ഔദ്യോഗികമായി ശിവസേന ഷിൻഡേ വിഭാഗത്തിൽ ചേരും. മുംബൈയിൽ നടക്കുന്ന ചടങ്ങിലാകും ഇവർ അംഗത്വം സ്വീകരിക്കുക.
എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ലോക്സഭയിൽ തുടരാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് വിമത എംപിമാർ ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്ക് കത്തും നൽകിയിട്ടുണ്ട്. അതേസമയം, വിമത എംപിയായ കൃഷ്ണ നാഗേഷ് അഷ്ടികറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഉദ്ധവ് വിഭാഗം അറിയിച്ചു.
ഹിങ്ഗോളി എംപിയായ അഷ്ടികർ ഉദ്ധവ് പക്ഷം വിട്ട് ഷിൻഡേ ക്യാമ്പിലേക്ക് പോകുന്നതായി വ്യക്തമാക്കുന്ന വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ജനവിധിയെ അവഗണിച്ചാണ് വിമതർ പ്രവർത്തിക്കുന്നതെന്നും ബിജെപിയുമായി കൈകോർക്കുന്നത് യഥാർത്ഥ ശിവസേനയുടെ നിലപാടല്ലെന്നും ആദിത്യ താക്കറെ വിമർശിച്ചു.
ആറ് എംപിമാരുടെ കൂടി പിന്തുണ ലഭിക്കുന്നതോടെ ലോക്സഭയിൽ എൻഡിഎയുടെ അംഗബലം 319 ആയി ഉയരും.






