
മകന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ മാലാപാര്വതിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ മറുപടി പറഞ്ഞ് സൈക്യാട്രിസ്റ്റായ സി.ജെ ജോണ്‍. മക്കള്‍ മുതിര്‍ന്നു കഴിഞ്ഞാല്‍ അവരുടെ കുരുത്തക്കേടുകളുടെ പേരില്‍ മാതാപിതാക്കളെ കുറ്റം പറയേണ്ട കാര്യമില്ലെന്നു സി.ജെ ജോണ്‍ പറയുന്നു.
അവനായി അവന്റെ പാടായിയെന്ന നിലപാടാണ് മാതാപിതാക്കളും സ്വീകരിക്കേണ്ടത്. ഇതു സംബന്ധിച്ച് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ഇട്ട കുറിപ്പ് വായിക്കാം...
പ്രായപൂര്‍ത്തിയായ മക്കള്‍ ചെയ്യുന്ന കുരുത്തക്കേടുകളുടെ പേരില്‍ മാതാപിതാക്കളെ പഴി പറയുന്ന ഒരു പ്രവണത പൊതു സമൂഹത്തിനുണ്ട്. ധനപരമായ ആശ്രയത്വം വേണമെന്നു ബഹളം കൂട്ടുകയും ബാക്കി ഒരു കാര്യത്തിലും ഇടപെടാന്‍ പാടില്ലെന്നുമുള്ള വിചാരമുള്ള മക്കളെ വാര്‍ത്തെടുക്കുന്ന ഒരു സമൂഹത്തിനു ഇങ്ങനെയേ പ്രതികരിക്കാന്‍ സാധിക്കൂ.
രണ്ടും തെറ്റാണ്. പ്രായപൂര്‍ത്തിയാകും വരെ സ്വഭാവ രൂപീകരണത്തിനുള്ള അടിത്തറയൊക്കെ ഇട്ടു കൊടുക്കുകയും പഠനാവസരമൊക്കെ നല്‍കുകയും ചെയ്തിട്ട് ഒരു പ്രായമാകുമ്പോള്‍ തള്ള പക്ഷി, പക്ഷിക്കുഞ്ഞുങ്ങളെ കൊത്തി പറപ്പിച്ചു വിടുന്നതുപോലെ സ്വന്തം ജീവിതം സ്വയം ജീവിക്കാന്‍ വിടണം. മുതിര്‍ന്നു കഴിഞ്ഞാല്‍ പിന്നെ അവരുടെ കുരുത്തക്കേടുകള്‍ ചൂണ്ടി കാട്ടി മാതാ പിതാക്കളെ കുറ്റം പറഞ്ഞു രസിക്കാനായി സമൂഹം ഇറങ്ങേണ്ടതുമില്ല. സമൂഹത്തില്‍ അറിയപ്പെടുന്ന ആളുകളുടെ സന്തതികളാണെങ്കില്‍ സമൂഹത്തിനു കുറ്റം പറയാന്‍ ആവേശം കൂടും.
അവനായി അവന്റെ പാടായിയെന്ന നിലപാടാണ് മാതാ പിതാക്കളും സ്വീകരിക്കേണ്ടത്. നടിയും സാമൂഹിക പ്രവര്‍ത്തകയുമായ മാലാ പാര്‍വതി മകനെ കുറിച്ച് ലൈംഗിക കുറ്റ കൃത്യ ആരോപണം വന്നപ്പോള്‍ ആ നിലപാട് എടുത്തതായാണ് മനസ്സിലാകുന്നത്. മുതിര്‍ന്നതിനു ശേഷം ഉണ്ടാകുന്ന എല്ലാ ചീത്ത പ്രവൃത്തിയേയും വളര്‍ത്തു ദോഷമായും മാതാ പിതാക്കളുടെ വീഴ്ചയായും വ്യാഖ്യാനിക്കുവാന്‍ പറ്റില്ല. അങ്ങനെയൊരു പൊക്കിള്‍ കൊടി ബന്ധം ആ പ്രായത്തിലും ആരോപിച്ചാല്‍ എങ്ങനെ മക്കളില്‍ അവരുടെ പ്രവൃത്തികളില്‍ സ്വയം ഉത്തരവാദിത്തം ഉണ്ടാകും?
മൂക്കില്‍ പല്ലു മുളയ്ക്കുന്ന പ്രായമെത്തിയിട്ടും അവരുടെ കുഴപ്പങ്ങള്‍ക്ക് കാരണം അമ്മയും അച്ഛനുമാണെന്ന് ന്യായീകരണം പറയുന്ന തലമുറയെയാണോ ഉണ്ടാക്കേണ്ടത്...? മക്കളുടെ വീഴ്ചകള്‍ക്കായി മാതാ പിതാക്കളെ ചെളി വാരി എറിയുന്നവര്‍ ഉത്തരം പറയട്ടെ.






