
കോവിഡ് 19, വെട്ടുകിളി ആക്രമണം, കാട്ടുതീ, ഭൂകമ്പം, അഗ്നിപര്‍വ്വത സ്ഫോടനങ്ങള്‍, ചുഴലിക്കാറ്റ്, പ്രളയം മറ്റ് കാലാവസ്ഥാ വ്യതിയാനങ്ങള്‍. അസ്വാഭാവികമായ സംഭവങ്ങള്‍ അരങ്ങേറാന്‍ തുടങ്ങിയതോടെ 2020 മായി ബന്ധപ്പെടുത്തിയും ലോകാവസാന ചര്‍ച്ചകള്‍ കൊഴുക്കുന്നു. ലോകാവസാനം ഈ മാസം അവസാനത്തോടെ സംഭവിക്കുമെന്നാണ് വാദം. എന്നാല്‍ ശാസ്ത്രലോകം ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ഇത്തരം പ്രവചനങ്ങളെ തള്ളിയിട്ടുണ്ട്.
ലോകം ഉടന്‍ അവസാനിക്കുമെന്ന രീതിയിലുള്ള ചര്‍ച്ചകളാണ് ഇന്റര്‍നെറ്റില്‍ പുരോഗമിക്കുന്നത്. സംഭവിച്ചു കൊണ്ടിരിക്കുന്ന മഹാ വിപത്തുകളും മറ്റും കണക്കു കൂട്ടി 2020 ജൂണ്‍ 21 ന് ലോകം അവസാനിക്കുമെന്ന് പുതിയ വാദം. അതേ സമയം ഈ സിദ്ധാന്തത്തെ പരിഹസിച്ച് 2020 ജൂണ്‍ 12 ന് പൗളോ തഗാലോഗിന് എന്ന ശാസ്ത്രജ്ഞന് ട്വിറ്ററില്‍ വന്നിരുന്നു. ഈ സിദ്ധാന്തം 2012 ലും കണ്ടതാണെന്നാണ് അദ്ദേഹം പറയുന്നത്. അന്ന് ലോകാവസാനം പ്രവചിച്ചത് 2012 ഡിസംബര്‍ 21 നായിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ല. ഇതോടെയാണ് 2020 ജൂണിലേക്ക് നീണ്ടതെന്നാണ് ഇദ്ദേഹം പറയുന്നത്.
ഈ ട്വീറ്റ് പിന്നീട് ഡിലീറ്റ് ചെയ്തു. ലോകാവസാനം പ്രചരിപ്പിക്കുന്നവരുടെ പുതിയ തിയറി ഇതാണ്.'' ജൂലിയന്‍ കലണ്ടര്‍ പ്രകാരമാണ് ലോകാവസാനം 2012 വരുന്നതെന്നാണ്. എന്നാല്‍ ജോര്‍ജ്ജിയന്‍ കലണ്ടറില്‍ മാസം 11 ദിവസമേയുള്ളൂ. 11 ദിവസം വെച്ച് 1752 മുതല്‍ 2020 വരെയുള്ള 268 വര്‍ഷം കണക്കാക്കുമ്പോള്‍ 2,948 ദിവസം കിട്ടും. ഇതിനെ ഒരു വര്‍ഷത്തെ ദിവസമായ 365 ദിവസം കൊണ്ടു ഹരിക്കുമ്പോള്‍ കിട്ടുന്നത് എട്ടു വര്‍ഷമാണെന്നും 2012 ന്റെ കൂടെ എട്ടു കൂട്ടിയാല്‍ 2020 ആണെന്നുമൊക്കെയാണ് വാദം. അതേസമയം പ്രവചനത്തെ നാസയും പരിഹസിച്ചിട്ടുണ്ട്.
ഭൂമിയിലേക്ക് അടുത്തു കൊണ്ടിരിക്കുന്ന നിബിരു എന്ന സുമേറിയക്കാരുടെ സാങ്കല്‍പ്പിക ഗ്രഹത്തെ ആശ്രയിച്ചാണ് ഈ കഥകള്‍ തുടങ്ങിയതെന്ന് നാസ പറയുന്നു. 2003 ലാണ് ലോകാവസാനം ആദ്യം പ്രവചിക്കപ്പെട്ടത്. എന്നാല്‍ അന്ന് ഒന്നും സംഭവിച്ചില്ല. തുടര്‍ന്ന് ചുഴലിക്കാറ്റും അതിശൈത്യവും വന്നതോടെ ലോകാവസാന വാദക്കാര്‍ അത് 2012 ലേക്ക് നീട്ടി. അതും കഴിഞ്ഞപ്പോഴാണ് ഇപ്പോള്‍ 2020 ജൂണ്‍ 21 ലേക്ക് മാറ്റിയതെന്ന് നാസ പറയുന്നു.
അതിനിടയില്‍ സൂര്യഗ്രഹണം ദൃശ്യമാകുന്നതുമായി ബന്ധപ്പെട്ട് ലോകാവസാന ചര്‍ച്ചകള്‍ ഗള്‍ഫ് മേഖലയിലും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതിനെ ദുബായ് അസ്ട്രോണമി ഗ്രൂപ്പ് ഉള്‍പ്പെടെയുള്ളവര്‍ തള്ളുകയാണ്. ഈ മാസം 21 ന് ലോകം അവസാനിക്കുമെന്ന പ്രചരണം അശാസ്ത്രീയവും യുക്തിരഹിത വാദവുമാണെന്നാണ് ഇവര്‍ പറയുന്നത് ഇത്തരം സന്ദേശങ്ങളെ ഒരിക്കലും ശാസ്ത്രം പിന്തുണയ്ക്കില്ലെന്നും ശാസ്ത്രജ്ഞര്‍ വാദിക്കുന്നു.






