ഭുവനേശ്വര്‍: അന്തരിച്ച ഫുട്ബോള്‍ താരത്തിന്റെ മൃതദേഹത്തെച്ചൊല്ലി ഭാര്യമാര്‍ തമ്മില്‍ അവകാശ തര്‍ക്കം. ഒഡീഷയിലെ ഗാനിയം ജില്ലക്കാരനായ നരേഷ് ഔല(34)യുടെ ഭാര്യമാര്‍ തമ്മിലാണ് അവകാശ തര്‍ക്കമുണ്ടായത്. ഒ.എന്‍.ജി.സിയുടെ താരമായിരുന്ന നരേഷ് ജൂണ്‍ പത്തിന് അസമിലെ സില്‍ച്ചാറിലെ ആശുപത്രിയില്‍ വച്ചാണ് മരണമടഞ്ഞത്.
തുടര്‍ന്ന് മരണ വിവരം ഒഷീഡയിലുള്ള ഭാര്യ അടക്കമുള്ള ബന്ധുക്കളെ ഒ.എന്‍.ജി.സി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് മൃതദേഹം വിട്ടുനല്‍കണമെന്ന് നരേഷിന്റെ സഹോദരന് ബിഷ്ണു ഔല ഒ.എന്‍.ജി.സി അധികൃതരോട് ആവശ്യപ്പെട്ടു. എന്നാല്‍ മിസോറാമിലുള്ള ലാല്‍ മൗന്‍ കിയു എന്ന യുവതി മൃതദേഹത്തിന് അവകാശവാദം ഉന്നയിച്ചിട്ടുണ്ടെന്നായിരുന്നു ഒ.എന്‍.ജി.സി അധികൃതരുടെ മറുപടി. ഒ.എന്‍.ജി.സി രേഖകള്‍ പ്രകാരം മിസോറാം സ്വദേശിനിയാണ് നരേഷിന്റെ ഭാര്യ.
എന്നാല്‍ മൃതദേഹം വിട്ടുകിട്ടാന്‍ വിവാഹ ആല്‍ബം അടക്കം ആദ്യ വിവാഹത്തിന്റെ തെളിവുകളും മകളുടെ ചിത്രവും ഒ.എന്‍.ജി.സി അധികൃതര്‍ക്ക് ബന്ധുക്കള്‍ അയച്ചുകൊടുത്തു. പെട്രോളിയം മന്ത്രാലയത്തിന്െ്റ ഇടപെടലും ബന്ധുക്കള്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ മൃതദേഹം മിസോറാമിലെ രണ്ടാം ഭാര്യയ്ക്ക് മൃതദേഹം വിട്ടുകൊടുത്തുവെന്ന മറുപടിയാണ് ബന്ധുക്കള്‍ക്ക് 11-ാം തീയതി ലഭിച്ചത്. ഒടുവില്‍ ആദ്യ ഭാര്യയും മകളും മാതാപിതാക്കളും അടക്കമുള്ള ബന്ധുക്കള്‍ വീഡിയോ കോളിലൂടെ സംസ്കാര ചടങ്ങുകള്‍ കാണാന്‍ അനുമതി നല്കി.
സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് പരാതി നല്‍കാനൊരുങ്ങുകയാണ് ബന്ധുക്കള്‍. നരേഷിന് ജോലി സ്ഥലത്ത് മറ്റൊരു ഭാര്യ കൂടി ഉണ്ടെന്ന് നാല് വര്‍ഷം മുമ്പ് ബന്ധുക്കള്‍ക്ക് സൂചന ലഭിച്ചിരുന്നു. ഇയാളുടെ ചില സഹതാരങ്ങള്‍ തന്നെയാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. ഒന്നര വര്‍ഷം മുമ്പ് ഒഡീഷയിലെ വീട്ടിലേക്ക് വരുന്നത് അവസാനിപ്പിച്ചതോടെ സംശയം ഇരട്ടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇയാളുടെ മരണത്തോടെയാണ് ഇക്കാര്യത്തില്‍ വ്യക്തത വന്നത്.
ഒ.എന്‍.ജി.സിയുടെ ജേഴ്സി അണിയു്ന്നതിന് മുമ്പ് 2006-08 കാലയളവില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ഒഡീഷയ്ക്ക് വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്. ഒ.എന്‍.ജി.സിക്ക് വേണ്ടി ഐ ലീഗിലാണ് നരേഷ് കളിച്ചത്. ഇതിന് പുറമെ മഹാരാഷ്ട്ര സംസ്ഥാന ടീമിലും കളിച്ചിട്ടുണ്ട്.






