
കാതടപ്പിക്കുന്ന ശബ്ദവും റാഷ് ഡ്രൈവിങ്ങും ആരോപിച്ച് തദ്ദേശവാസികൾ ലംബോർഗിനി ഉടമയെ മർദ്ദിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് ബെംഗളൂരുവിലെ ആർടി നഗറിൽ സംഭവം ഉണ്ടായത്.
അമിതവേഗവും അമിത ശബ്ദവുമാണെന്ന് കാണിച്ച് പ്രാദേശിക നേതാക്കളും നാട്ടുകാരുമടങ്ങിയ ഒരു സംഘം ആളുകൾ ആർടി നഗറിൽ വെച്ച് വാഹനം തടയാൻ ശ്രമിച്ചത്. എന്നാൽ ഇവരെ വെട്ടിച്ച് കടന്നു കളയാൻ ശ്രമിച്ചതിനെ തുടർന്നാണ് ഉടമയെ നാട്ടുകാർ കൈയേറ്റം ചെയ്തത്. ലംബോർഗിനി ഉടമയെ കൈയ്യേറ്റം ചെയ്യുന്ന വിഡിയോ വൈറൽ ആയതോടെ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
വാഹനം തടയാൻ ശ്രമിച്ച ഒരാളെ കാറിന് പുറത്തിരുത്തി ഓടിച്ചുപോകാൻ ശ്രമിക്കുന്നത് വിഡിയോയിൽ കാണാം. ജനവാസ കേന്ദ്രത്തിലൂടെ അമിതശബ്ദവും അമിതവേഗത്തിലൂടെയും ഡ്രൈവ് ചെയ്തതിനാലാണ് വാഹനം തടഞ്ഞതെന്നും തദ്ദേശവാസികൾ പറയുന്നു. സുഹൃത്തിനേയും കൂട്ടി കറങ്ങാനിറങ്ങിയതായിരുന്നു ലംബോർഗിനി ഉടമ.






