
വര്‍ക്കല: വീട്ടില്‍ വ്യാജമദ്യം ഒളിപ്പിച്ചെന്ന വൃദ്ധനെതിരേയുള്ള കേസില്‍ എക്സൈസ് നടത്തിയ അന്വേഷണത്തില്‍ കുടുങ്ങിയത് ഭാര്യയും മകനും. അയിരൂര്‍ ചാവര്ക്കോഡ് മലവിള സജിന വീട്ടില്‍ വിജയ (72)നെതിരേയുള്ള കേസിലാണ് ഭാര്യ പ്രസന്ന (70) യും മകന് സജി (34) നും കുടുങ്ങിയത്. പിതാവിനെ കുടുക്കാന്‍ വാറ്റു ചാരായവും വിദേശമദ്യവും വീടിന് സമീപത്തെ കന്നുകാലി കൂട്ടില്‍ ഒളിപ്പിച്ചു വെച്ചതായിരുന്നു.
അഞ്ജാത സന്ദേശം കിട്ടിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇന്‍സ്പെക്ടര്‍ മഹേഷിന്റെ നേതൃത്വത്തില്‍ എക്സൈസ് സംഘം എത്തി മദ്യം പിടികൂടിയത്. അഞ്ചു ലിറ്റര്‍ വാറ്റു ചാരായവും നാലു ലിറ്റര്‍ വിദേശമദ്യവും ഉള്‍പ്പെടെ ഒമ്പത് ലിറ്റര്‍ മദ്യവും മിനറല്‍ വാട്ടറും വീടിന് പുറകിലെ തൊഴുത്തില്‍ നിന്നുമായിരുന്നു കണ്ടെത്തിയത്. എന്നാല്‍ വിജയനെ ചോദ്യം ചെയ്തെങ്കിലും തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു.
അതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് പ്രസന്നയും സജിയും കുടുങ്ങിയത്. വിജയനെ കള്ളക്കേസില്‍ കുടുക്കാനായി മദ്യം ഇവര്‍ കൊണ്ടുവെച്ച ശേഷം സജിന്‍ എക്സൈസിനെ വിളിച്ചു വിവരം നല്‍കുകയായിരുന്നു. സംഭവത്തില്‍ ചോദ്യം ചെയ്യലിലും അന്വേഷണത്തിലും കാര്യമായ വിവരം കിട്ടാതിരുന്ന അന്വേഷണസംഘം കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ എക്സൈസ് ഇന്‍സ്പെക്ടറുടെ മൊബൈലിലേക്ക് മദ്യം ഇരിക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ വിദേശത്തുള്ള ഒരാള്‍ അയച്ചു കൊടുത്തതാണെന്ന് മനസ്സിലാക്കുകയായിരുന്നു.
ചിത്രം എടുക്കാന്‍ ഒരാള്‍ സഹായിച്ചെന്ന് വ്യക്തമായ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സജിനും പ്രസന്നയും മദ്യം കണ്ടെടുത്ത സ്ഥലത്ത് നില്ക്കുന്നതായി കണ്ടെത്തി. പ്രസന്നയും സജിനും ഏറെ നാളായി വിജയന്റെ വീട്ടില്‍ നിന്നും മാറിയാണ് താമസിക്കുന്നത്. വിജയന്റെ സ്വത്തുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇവര്‍ വിജയനുമായി തര്‍ക്കങ്ങളും നില നിന്നിരുന്നു. പിതാവിനെ കുടുക്കാന സജിനും പ്രസന്നയും ചേര്‍ന്ന് ഗൂഡാലോചന നടത്തുകയും മദ്യം കൊണ്ടു വെച്ച ശേഷം എക്സൈസിന് വിവരം നല്‍കുകയുമായിരുന്നെന്ന് കണ്ടെത്തി. ഇരുവര്‍ക്കുമെതിരേ ജാമ്യമില്ലാ കുറ്റം ചുമത്തി.






