
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിനെതിരെ മുൻ ആരോഗ്യ മന്ത്രി വീണാ ജോർജ് വിമർശനവുമായി രംഗത്തെത്തി. 25 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നത് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നുവെങ്കിലും, അതിനായി ബജറ്റിൽ വകയിരുത്തിയിരിക്കുന്നത് വെറും 10 കോടി രൂപ മാത്രമാണെന്ന് അവർ ആരോപിച്ചു.
അതേസമയം, എൽഡിഎഫ് സർക്കാർ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 8,700 കോടി രൂപയുടെ സൗജന്യ ചികിത്സാ സേവനങ്ങളാണ് ജനങ്ങൾക്ക് ലഭ്യമാക്കിയതെന്നും വീണാ ജോർജ് പറഞ്ഞു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി കാസ്പ് കാർഡുള്ള ഓരോ കുടുംബത്തിനും പ്രതിവർഷം അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഉറപ്പാക്കിയിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.






