
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. കേരളത്തിലെ ജനങ്ങളെ നിരാശപ്പെടുത്തുന്ന ബജറ്റാണിതെന്നും പുതിയ കേരളത്തിന്റെ കാഴ്ചപ്പാട് ഇതിൽ പ്രതിഫലിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കസേര മാറിയതല്ലാതെ നയപരമായ മാറ്റങ്ങളൊന്നുമില്ലെന്നും 'പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ' എന്നതുപോലെയാണ് ബജറ്റെന്നും സുരേന്ദ്രൻ വിമർശിച്ചു.
ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായി നൽകിയ വാഗ്ദാനങ്ങളൊന്നും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോളേജ് വിദ്യാർത്ഥികൾക്ക് വാഗ്ദാനം ചെയ്ത ആയിരം രൂപയുടെ സഹായം എവിടെയാണെന്നും അദ്ദേഹം ചോദിച്ചു. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയെ വിമർശിച്ച സുരേന്ദ്രൻ, കേന്ദ്ര സർക്കാരിന്റെ വയോവന്ദൻ യോജനയിൽ കേരളം ഇതുവരെ പങ്കാളിയായിട്ടില്ലെന്നും പകരം പ്രഖ്യാപനങ്ങൾ മാത്രമാണ് ഉണ്ടായതെന്നും ആരോപിച്ചു. സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് കമ്പനികൾക്ക് പ്രയോജനം ചെയ്യുന്നതാണ് പുതിയ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
വിലക്കയറ്റം നിയന്ത്രിക്കാൻ ബജറ്റിൽ ഫലപ്രദമായ നടപടികളില്ലെന്നും കേരളത്തിനായി പ്രഖ്യാപിച്ച വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനെക്കുറിച്ചും പരാമർശമില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. വാചക കസർത്ത് മാത്രമാണ് ബജറ്റിലുള്ളതെന്നും വികസനത്തിന് ഉതകുന്ന നിർദേശങ്ങൾ അതിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബജറ്റിന്റെ 'കാർബൺ കോപ്പി'യാണ് വി.ഡി. സതീശൻ അവതരിപ്പിച്ചതെന്നും സുരേന്ദ്രൻ വിമർശിച്ചു.






