
കൊച്ചി : സച്ചിയുടെ നില ഗുരുതരമായതു മുതല്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വിദഗ്ധര്‍ക്കു ലഭ്യമാക്കുകയും ഉപദേശം തേടുകയും ചെയ്തെങ്കിലും നിരാശയായിരുന്നു ഫലം. ഒരു ഘട്ടത്തില്‍ ബെംഗളൂരുവിലെ നിംഹാന്‍സിലേക്ക് സച്ചിയെ എയര്‍ ലിഫ്റ്റ് ചെയ്യാനും സുഹൃത്തുക്കള്‍ ആലോചിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച നിംഹാന്‍സിലേയും മറ്റു വിദഗ്ധ ഡോക്ടര്‍മാരില്‍ നിന്നു പ്രതീക്ഷ പകരുന്ന മറുപടിയല്ല ആ ഘട്ടത്തില്‍ ലഭിച്ചതെന്നു ബി.ഉണ്ണികൃഷ്ണന് പറഞ്ഞു.
സച്ചിയുടെ ജീവന് രക്ഷിക്കാനുളള എല്ലാ ശ്രമങ്ങളും വിഫലമായതിന്റെ സങ്കടത്തിലാണു സംവിധായകരായ ബി.ഉണ്ണികൃഷ്ണനും രഞ്ജിത്തും നടന്മാരായ പൃഥ്വിരാജും ബിജുമേനോനും ഉള്‍പ്പെടെയുളള സച്ചിയുടെ സുഹൃദ്വലയം. എന്തെങ്കിലും അത്ഭുതം സംഭവിക്കണമേയെന്ന പ്രാര്‍ത്ഥനയായിരുന്നു പിന്നീട്.
നേരിയ പുരോഗതി പോലും സച്ചിയെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടു വരുമെന്ന പ്രതീക്ഷയില്‍ എല്ലാവരും കാത്തിരുന്നെങ്കിലും വിധി മറിച്ചായിരുന്നു. 'പോയി'. ഈ ഒറ്റവാക്കില്‍ ആണ് പൃഥ്വി സച്ചിയെ നെഞ്ചിലടക്കിയത്. സച്ചിയുടെ ഏറ്റവും അടുത്തയാളെന്ന് ആരാധകര്‍ സനേഹത്തോടെ പറയുന്ന ബന്ധം.
ഫെയ്സ്ബുക്കില്‍ സച്ചിയുടെ സൗഹൃത്തുക്കള്‍ ഓര്‍മകള്‍ പങ്കുവയ്ക്കുമ്പോള്‍ പൃഥ്വിയുടെ വാക്കിനായി ആരാധകരും കാത്തിരിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദം അത്ര ആഴത്തിലാണെന്ന് അവരുടെ കൂട്ടുകെട്ടുകള്‍ പലയാവര്‍ത്തി തെളിയിച്ചതാണ്. എന്നാല്‍ അതിനെയെല്ലാം സച്ചിയുടെ ചിത്രം പങ്കുവച്ച് മുകളില്‍ 'പോയി' എന്ന വാക്ക് മാത്രമാണ് അദ്ദേഹം കുറിച്ചത്.
പോസ്റ്റിന്റെ കമന്റില്‍ പ്രേക്ഷകരും പൃഥ്വിയുടെ വേദന പങ്കുവയ്ക്കുകയാണ്. സന്ദീപ് ദാസ് എന്നയാള്‍ കുറിച്ചത് ഇങ്ങനെ: 'താങ്കളുടെ മനസ്സിലെ സങ്കടക്കടല്‍ കാണാനാവുന്നുണ്ട്... പോയി എന്ന ഒരൊറ്റ വാക്ക് മാത്രം... ഏറ്റവും പ്രിയപ്പെട്ടവര്‍ നമ്മെ വിട്ടുപോവുമ്പോള് അങ്ങനെയാണ്... ഒന്നും മിണ്ടാനാവില്ല... വാക്കുകള്‍ പുറത്തുവരില്ല... പ്രിയ സച്ചിയ്ക്ക് ആദരാഞ്ജലികള്‍.' ജീവിതത്തില്‍ എത്രത്തോളം സ്നേഹിച്ചിരുന്നോ അത്രത്തോളം ഇനിയും സ്നേഹിക്കുമെന്ന് ബിജു മേനോന് കുറിച്ചു






